'ഏക സാമ്പത്തിക സ്രോതസ്സ് സിനിമ; സ്ഥിരവരുമാനം ഉണ്ടെങ്കിൽ സിനിമ ചെയ്യില്ല'- പവൻ കല്യാൺ
text_fieldsപവൻ കല്യാൺ
സിനിമ ജീവിതത്തിവും രാഷ്ട്രീയ ജീവിതവും തമ്മിലുള്ള സന്തുലനത്തെക്കുറിച്ച് സംസാരിക്കുകയാണ് തെലുങ്ക് സൂപ്പർസ്റ്റാറും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. സിനിമയിൽ എത്തുന്നതിന് മുമ്പുതന്നെ, തന്റെ യഥാർഥ അഭിനിവേശം പൊതുജനസേവനവും സാമൂഹിക മാറ്റം കൊണ്ടുവരികയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേ ടി.വിയുമായി നടത്തിയ പ്രത്യേക സംഭാഷണത്തിലാണ് ബാലൻസിങ് ആക്ടിനെക്കുറിച്ച് കല്യാൺ പറഞ്ഞത്.
'കുട്ടിക്കാലം മുതൽ ഞാൻ സാമൂഹിക ബോധമുള്ള വ്യക്തിയാണ്. സിനിമകൾ പിന്നീട് എനിക്ക് വന്നു ചേർന്നു. സിനിമകളെയും രാഷ്ട്രീയത്തെയും ഒന്നിച്ച് കൈകാര്യം ചെയ്യുക അത് വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. നിങ്ങൾ നിങ്ങളുടെ എതിരാളികൾക്കെതിരെ പോരാടുന്നു, പൊതുനയത്തെക്കുറിച്ച് സംസാരിക്കുന്നു, തുടർന്ന് പെട്ടെന്ന് സിനിമയിലേക്ക് മടങ്ങിവന്ന് നാടകീയമായ വരികൾ അവതരിപ്പിക്കുകയും ചെയ്യുന്നു. അവിടെയാണ് ശരിക്കും ബുദ്ധിമുട്ടുന്നത്' -അദ്ദേഹം പറഞ്ഞു.
ആയോധനകലയുടെ പശ്ചാത്തലം കാരണം ആക്ഷൻ രംഗങ്ങൾ സ്വാഭാവികമായി വരുന്നുണ്ടെങ്കിലും, നൃത്തം, മെലോഡ്രാമ തുടങ്ങിയ അഭിനയത്തിന്റെ മറ്റ് വശങ്ങൾ പലപ്പോഴും അസ്വസ്ഥത സൃഷ്ടിക്കാറുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ചിലപ്പോൾ അഭിനയം വളരെ മുമ്പേ ഉപേക്ഷിക്കണമായിരുന്നോ എന്ന് തോന്നാറുണ്ടായിരുന്നെന്നും പക്ഷേ തന്റെ ഏക സാമ്പത്തിക സ്രോതസ്സ് സിനിമയാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായ വരുമാന സ്രോതസ്സുണ്ടെങ്കിൽ, സിനിമ ചെയ്യുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പവൻ കല്യാണിന്‍റെ 'ഹരി ഹര വീര മല്ലു' എന്ന പീരിയഡ് ആക്ഷൻ ചിത്രം ഇന്ന് തിയറ്ററിലെത്തുകയാണ്. കൃഷ് ജഗർലമുടിയായിരുന്നു ആദ്യം ചിത്രത്തിന്‍റെ സംവിധായകൻ. പിന്നീട് നിർമാതാവ് എ. എം. രത്നത്തിന്റെ മകൻ ജ്യോതി കൃഷ്ണ പിന്നീട് സംവിധായികയായി ചുമതലയേറ്റു. നിധി അഗർവാൾ, ബോബി ഡിയോൾ, സത്യരാജ്, നർഗീസ് ഫക്രി എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. എം. എം. കീരവാണിയാണ് സംഗീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

