'സംഘടനയില്ലാതെ തന്നെ ഞാൻ സുരക്ഷിതയാണ്'; അമ്മയിലേക്ക് ഇനി മടങ്ങില്ലെന്ന് പാർവതി തിരുവോത്ത്
text_fieldsകൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യിലേക്ക് ഇനി തിരികെ പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി നടി പാർവതി തിരുവോത്ത്. എല്ലാവർക്കും തുല്യ പരിഗണനയും സുരക്ഷിതത്വവും നൽകുന്ന ഒരിടമായി 'എ.എം.എം.എ' സംഘടനയെ തോന്നുന്നില്ലെന്നും, അതിനാൽ നിലവിൽ അത്തരമൊരു സംഘടനയുടെ ആവശ്യകത തനിക്കില്ലെന്നും അവർ പറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.
'അമ്മ'യെന്ന സംഘടനയെ പൊതുജനങ്ങൾ ഇപ്പോൾ അത്ര ഗൗരവമായി കാണുന്നുണ്ടെന്ന് കരുതുന്നില്ലെന്ന് പാർവതി ചൂണ്ടിക്കാട്ടി. "എല്ലാവരെയും സംരക്ഷിക്കുന്ന ഒരു വലിയ കുടുംബം എന്ന നിലയിലുള്ള ചില ചട്ടക്കൂടുകൾ നമ്മൾ തന്നെ സൃഷ്ടിച്ചതാണ്. എന്നാൽ അതൊന്നും അങ്ങനെയല്ലെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഇരുപത്തഞ്ച് വർഷത്തോളം തലപ്പത്തിരുന്നവർക്ക് അതിന്റേതായ പരിചയസമ്പത്തുണ്ടാകും. എന്നാൽ, പുതിയതായി വന്നവർക്ക് വെറും ആറുമാസം മാത്രം സമയം നൽകിയ ശേഷം അവർക്ക് യാതൊരു കഴിവുമില്ലെന്ന് വിമർശിക്കുന്നതിൽ എന്ത് യുക്തിയാണുള്ളത്?"- നിലവിലെ ഭരണസമിതിക്ക് നേരെ ഉയർന്ന വിമർശനങ്ങളെ പരാമർശിച്ച് പാർവതി ചോദിച്ചു.
സംഘടനയുടെ ഭാഗമല്ലാതെ തന്നെ തനിക്ക് നിലവിൽ വലിയ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു. സിനിമയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകൾക്ക് എപ്പോഴും തയ്യാറാണെന്ന് വിമൻ ഇൻ സിനിമ കലക്ടീവും (ഡബ്ല്യു.സി.സി) വ്യക്തിപരമായി താനും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ അത്തരം നിർദേശങ്ങളെ ഗൗരവത്തോടെ കാണാൻ ബന്ധപ്പെട്ടവർ അന്ന് തയ്യാറായില്ല. അതുകൊണ്ടുതന്നെ അത്തരം ചർച്ചകളിൽ തനിക്കിപ്പോൾ താല്പര്യമില്ലെന്നും, തന്റെ ജോലിയിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.
പൊലീസ് ഡ്രാമയായി ഒരുങ്ങുന്ന 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ആണ് പാർവതിയുടെ വരാനിരിക്കുന്ന പ്രധാന ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

