'ജലസ്യ രൂപം, പ്രേമസ്യ സ്വരൂപം'; കുഞ്ഞിന്‍റെ പേര് പങ്കുവെച്ച് പരിണീതിയും രാഘവ് ഛദ്ദയും
text_fieldsഒക്ടോബർ 19നാണ് തങ്ങൾക്ക് കുഞ്ഞ് പിറന്ന വിവരം നടി പരിണീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ, കുഞ്ഞിന്‍റെ പേര് പുറത്തുവിട്ടിരിക്കുകയാണ് ഇരുവരും. 'ജലസ്യ രൂപം, പ്രേമസ്യ സ്വരൂപം - തത്ര ഏവ നീർ' എന്ന സംസ്‌കൃത ഉദ്ധരണി പങ്കുവെച്ചുകൊണ്ടാണ് ദമ്പതികൾ 'നീർ' എന്നാണ് മകന്‍റെ പേരെന്ന് വെളുപ്പെടുത്തിയത്. ശുദ്ധം, ദിവ്യം, പരിധിയില്ലാത്തത് എന്നിങ്ങനെയാണ് അർഥമെന്നും അറിയിച്ചു. പരിണീതിയുടെയും രാഘവിന്റെയും പേരുകളുടെ സംയോജനമാണിത്. കുഞ്ഞിന്‍റെ കാലുകളുടെ ചിത്രങ്ങളോടൊപ്പമാണ് പേര് പങ്കുവെച്ചത്.
'ഒടുവിൽ അവൻ ഞങ്ങളുടെ മകനായി ഇവിടെ എത്തിയിരിക്കുന്നു. അക്ഷരാർഥത്തിൽ ഞങ്ങൾക്കിപ്പോൾ മുമ്പത്തെ ജീവിതം ഓർക്കാൻ പോലും കഴിയുന്നില്ല. ഞങ്ങളുടെ കൈകൾ നിറഞ്ഞിരിക്കുന്നു, ഹൃദയവും നിറഞ്ഞു കവിയുകയാണ്. ആദ്യം ഞങ്ങൾ രണ്ടുപേരായിരുന്നു. ഇപ്പോൾ എല്ലാം തികഞ്ഞിരിക്കുന്നു. സ്നേഹത്തോടെ പരിണീതിയും രാഘവും...'എന്നാണ് ഇരുവരും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയ കാര്യം അറിയിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന വിവരം പരിണീതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 1+1=3 എന്നെഴുതിയ മനോഹരമായ കേക്കിനൊപ്പമായിരുന്നു പോസ്റ്റ്. കേക്കിന്റെ മുകളിൽ മനോഹരമായ സ്വർണനിറത്തിലുള്ള കുഞ്ഞുകാലടികളും ഉണ്ടായിരുന്നു. അതിനൊപ്പം ഒരു പൂന്തോട്ടത്തിലൂടെ ഇരുവരും കൈകോർത്ത് നടക്കുന്ന ചിത്രവും. 'ഞങ്ങളുടെ കുഞ്ഞുപ്രപഞ്ചം വന്നുകൊണ്ടിരിക്കുകയാണ്... അളവില്ലാത്ത വിധം ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു'എന്നും അവർ എഴുതുകയുണ്ടായി.
ഏറെ കാലത്തെ പ്രണയത്തിന് ശേഷം 2023 സെപ്റ്റംബറിലായിരുന്നു പരിണീതിയും രാഘവും വിവാഹിതരായത്. ലണ്ടനിലെ പഠനകാലമാണ് ഇവരെ സൗഹൃദത്തിലാക്കിയത്. രാജസ്ഥാനിലെ ലീലാ പാലസിൽ വെച്ചായിരുന്നു അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ബോളിവുഡിലെയും രാഷ്ട്രീയത്തിലെയും ഉന്നതരും പങ്കെടുത്ത വിവാഹ ചടങ്ങ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

