അക്ഷയ് കുമാറിന്റെ ‘സോപ്പിങ്ങി’ൽ പരേഷ് റാവൽ മടങ്ങിയെത്തി
text_fieldsപരേഷ് റാവൽ, അക്ഷയ് കുമാർ, സുനിൽ ഷെട്ടി
‘ഹേര ഫേരി’ മൂന്നാംഭാഗത്തുനിന്ന് അപ്രതീക്ഷിതമായി പിന്മാറി ബോളിവുഡിനെ ഞെട്ടിച്ച മുതിർന്ന നടൻ പരേഷ് റാവലിനെ സോപ്പിട്ട് തിരിച്ചുകൊണ്ടുവന്ന് അക്ഷയ് കുമാർ. ചിത്രം മുടങ്ങുമെന്ന അവസ്ഥയിൽനിന്ന് പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിന്റെ ആശ്വാസത്തിലാണ് സംവിധായകൻ പ്രിയദർശനും നായകനും നിർമാതാവുമായ അക്ഷയ് കുമാറും.
അക്ഷയ് കുമാറിനോടുള്ള അഭിപ്രായ വ്യത്യാസം കാരണമാണ്, ഹേര ഫേരി ആദ്യ ഭാഗം മുതൽ പ്രധാന കഥാപാത്രങ്ങളിലൊരാളായ പരേഷ് പിന്മാറിയതെന്നായിരുന്നു സിനിമ വൃത്തങ്ങളിലെ സംസാരം. അക്ഷയ് കുമാറിന്റെ നിർമാണ കമ്പനി പരേഷിന് വക്കീൽ നോട്ടീസ് അയക്കുകകൂടി ചെയ്തതോടെ അകൽച്ച പൂർണമായി. സംവിധായകൻ പ്രിയദർശന്റെയും മറ്റു പ്രമുഖരുടെയും ഇടപെടലൊന്നും ഫലം കണ്ടില്ല, പരേഷ് ഇടഞ്ഞുതന്നെയായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം അക്ഷയ് നടത്തിയ പ്രതികരണത്തെ തുടർന്ന് പരേഷിന്റെ മനസ്സു മാറിയെന്നാണ് ബോളിവുഡിൽ സംസാരം. കഴിഞ്ഞ ദിവസം, തന്റെ സിനിമ ഹൗസ് ഫുൾ ഫൈവിന്റെ ട്രെയിലർ ലോഞ്ചിൽ അക്ഷയ് പരേഷിനെ നന്നായി പുകഴ്ത്തി സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഒപ്പം പരേഷിന് ജന്മ ദിനാശംസ നേരുകയും ചെയ്തു.
ഹേര ഫേരിയിൽനിന്ന് പിന്മാറിയ പരേഷിന്റെ നടപടി വൻ മണ്ടത്തമല്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അക്ഷയ് പറഞ്ഞത് ഇങ്ങനെ: ‘‘സിനിമ വരും പോകും, പക്ഷേ, സൗഹൃദം കാലത്തെ അതിജയിച്ച് മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നത്.’’ -അക്ഷയ് യുടെ ഈ വാക്കുകളാണ് പരേഷിനെ വീഴ്ത്തിയതത്രെ. കൂടാതെ, ചിത്രത്തിലെ മറ്റൊരു പ്രധാന താരമായ സുനിൽ ഷെട്ടിക്കൊപ്പം അക്ഷയ് പരേഷുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മുതിർന്ന താരത്തിന്റെ മനസ്സ് മാറിയത് തന്നെ അതിശയിപ്പിച്ചെന്നാണ് പ്രിയദർശൻ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

