'ഹേരാ ഫേരി 3'യില്‍ നിന്നും പിന്‍മാറ്റം; എന്റെ മറുപടി വായിച്ചുകഴിഞ്ഞാൽ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും, പ്രതികരിച്ച് പരേഷ് റാവല്‍
text_fieldsമലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശന്റെ ബോളിവുഡ് ഹിറ്റ് സിനിമ ഹേര ഫേരിയുടെ മൂന്നാം പതിപ്പിന്റെ ചിത്രീകരണത്തിന് തൊട്ടുമുമ്പ്, പ്രധാന അഭിനേതാക്കളിലൊരാളായ പരേഷ് റാവലിന്റെ പിൻമാറ്റം വിവാദമാകുന്നു. ചിത്രത്തിലെ നായകകഥാപാത്രവും നിർമാതാവുമായ അക്ഷയ് കുമാർ, പരേഷ് റാവലിന്, 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. കരാർ ലംഘിച്ചുവെന്നും ചിത്രത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് പരേഷിനെതിരെ അക്ഷയ് കുമാറിന്റെ ആരോപണം. ഇപ്പോഴിതാ സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് പരേഷ് റാവല്‍.
'എന്റെ അഭിഭാഷകൻ അമീത് നായിക് ഞാന്‍ ചിത്രത്തില്‍ നിന്നും പുറത്തുപോയത് സംബന്ധിച്ച് ഉചിതമായ പ്രതികരണം അയച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ ഹൗസ് എന്റെ മറുപടി വായിച്ചുകഴിഞ്ഞാൽ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും' പരേഷ് റാവല്‍ ട്വീറ്റ് ചെയ്തു. കടുത്ത നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു. തീർച്ചയായും ഇത് ഫ്രാഞ്ചൈസിയെ ദോഷകരമായി ബാധിക്കുന്ന തീരുമാനമാണ് അദ്ദേഹത്തിന്‍റെത്. അക്ഷയ് കുമാറിന്റെ അഭിഭാഷകൻ തുറന്നു പറഞ്ഞിരുന്നു.
സിദ്ധിഖ്-ലാലിന്റെ സംവിധാനത്തില്‍ ഇറങ്ങിയ മലയാളചിത്രമാണ് 'റാംജിറാവു സ്പീക്കിങ്'. ഇതിന്‍റെ ഹിന്ദി റീമേക്കായിരുന്നു 2000ല്‍ പുറത്തിറങ്ങിയ 'ഹേരാ ഫേരി'. പ്രിയദര്‍ശനായിരുന്നു ചിത്രം ബോളിവുഡില്‍ പുറത്തിറക്കിയത്. അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, പരേഷ് റാവല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിന്റെ രണ്ടാംഭാഗം 2006ല്‍ പുറത്തിറങ്ങി. മൂന്നാംഭാഗം ഉണ്ടാവുമെന്ന് പ്രിയദര്‍ശന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഹേര ഫേരി 3യുടെ പ്രധാന നിർമാതാവ് അക്ഷയ് കുമാറാണ്. നേരത്തെ ചിത്രത്തിന്‍റെ സംവിധായകന്‍ പ്രിയദര്‍ശനും പ്രതികരിച്ചിരുന്നു. പരേഷിന്റെ തീരുമാനം കേട്ട് അക്ഷയ് കുമാര്‍ കരഞ്ഞ് പോയതായി പ്രിയദർശൻ വെളിപ്പെടുത്തി. എല്ലാ കരാറുകളും ഒപ്പിട്ടു. പത്ത് ദിവസം മുമ്പ്, സുനിൽ, അക്ഷയ്, പരേഷ് എന്നിവരുടെ ഒരു രംഗവും ചിത്രീകരിച്ചു. ഹേര ഫേരി 3 ചെയ്യാൻ ഞങ്ങൾ ഏകകണ്ഠമായി സമ്മതിച്ചതിനുശേഷം മാത്രമാണ് അക്ഷയ് ഫ്രാഞ്ചൈസിയുടെ അവകാശങ്ങൾ വാങ്ങിയത്. അക്ഷയ് കുമാറുമായുള്ള പ്രശ്നമാണ് ചിത്രത്തില്‍ നിന്നും പരേഷ് റാവല്‍ പിന്‍മാറാനുള്ള കാരണം എന്ന് വാര്‍ത്ത വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

