'മക്കയിലായിരുന്നു, പ്രാർഥിച്ചു'; ഹുമൈറയുടെ അവസാന സന്ദേശം പുറത്ത്
text_fieldsഹുമൈറ അസ്ഗർ
ഇസ്ലാമാബാദ്: പാകിസ്താൻ നടിയും മോഡലുമായ ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ നിന്ന് അഴുകിയ നിലയിൽ കണ്ടെത്തിയത്. ഏകദേശം, ഒമ്പത് മാസം മുമ്പ് നടി മരിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. 2024 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് അവസാനമായി ഹുമൈറക്ക് പുറംലോകവുമായി ബന്ധമുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.
ഹുമൈറയുടെ അവസാന സന്ദേശമെന്ന് കരുതുന്ന ഒരു വോയ്‌സ് നോട്ട് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിട്ടുണ്ട്. തന്റെ സുഹൃത്തും ഡിസൈനറുമായ ദുരെഷെഹ്‌വാറിനോട് കോൾ എടുക്കാതിരുന്നതിന് അവർ ക്ഷമ ചോദിക്കുന്ന സന്ദേശമാണ് പുറത്തുവന്നത്. മക്കയിലായിരുന്നുവെന്നും പ്രാർഥന നടത്തിയെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.
പാകിസ്താനിലെ റിയാലിറ്റി ഷോയായ തമാഷ ഘറിലും ജലൈബീ എന്ന ചിത്രത്തിലും അഭിനയിച്ചതിലൂടെയാണ് ഹുമൈറ കൂടുതൽ പ്രശസ്തയായത്. ബിഗ് ബ്രദറിനും ബിഗ് ബോസിനും സമാനമായ ഒരു ഷോയാണ് തമാഷ ഘർ. കഴിഞ്ഞ ഏഴ് വർഷത്തോളമായി ഒറ്റക്കാണ് ഹുമൈറ താമസിച്ചിരുന്നത്.
2024 അവസാനത്തോടെ അവർ മരിച്ചതായിയാണ് പൊലീസ് പറയുന്നത്. റഫ്രിജറേറ്ററിലെ ഭക്ഷണപാനീയങ്ങളുടെ കാലാവധി 2024 സെപ്റ്റംബറാണ്. ഫോണിലെ അവസാന ഔട്ട്‌ഗോയിങ്, ഇൻകമിങ് കോളുകൾ 2024 ഒക്ടോബറിലാണ്. അതിനുശേഷം ഫോണിലെ രണ്ട് സിമ്മുകളും പ്രവർത്തനരഹിതമായിരുന്നു.
ബില്ലുകൾ അടക്കാത്തതിനാൽ അപ്പാർട്ട്മെന്റിലേക്കുള്ള വൈദ്യുതി ഏതാണ്ട് അതേ സമയം വിച്ഛേദിക്കപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു. ഹുമൈറയുമായുള്ള ബന്ധം വിച്ഛേദിച്ചതാണെന്നും മൃതദേഹം ഏറ്റെടുക്കില്ലെന്നും പിതാവ് ഡോ. അസ്ഗർ അലി പൊലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ, മൃതദേഹം അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിലാണെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബം അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും സഹോദരൻ നവീദ് അസ്ഗർ പിന്നീട് വ്യക്തമാക്കി. വ്യാഴാഴ്ച അദ്ദേഹം നേരിട്ട് കറാച്ചിയിൽ എത്തി മൃതദേഹം സംസ്‌കരിക്കുന്നതിനായി ലാഹോറിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

