പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മരണം കൊലപാതകമോ? അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്
text_fieldsപാകിസ്താൻ നടിയും മോഡലുമായ ഹുമൈറ അസ്ഗർ അലിയുടെ മരണം പുതിയ വഴിത്തിരിവിലേക്ക്. അവർ കൊല്ലപ്പെട്ടതാണെന്ന പുതിയ ഹരജിയും എത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഇവരുടെ താമസസ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം അഴുകി ജീർണിച്ച അവസ്ഥയിലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ കറാച്ചി പൊലീസ് സർജൻ ഡോ. സുമയ്യ സയീദ് പറഞ്ഞു. 2024 ഒക്ടോബറിലാകാം ഹുമൈറ മരിച്ചിട്ടുണ്ടാകുക എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അവരുടെ ശരീരം അഴുകിയ നിലയിൽ നിന്ന് അവർ മരിച്ചിട്ട് മാസങ്ങളോളം കഴിഞ്ഞിരുന്നുവെന്ന് സൂചിപ്പിക്കുന്നു.
ഫോൺ രേഖകൾ, ബാങ്ക് വിശദാംശങ്ങൾ, സാക്ഷികളുടെ അഭിമുഖങ്ങൾ എന്നിവ ഉൾപ്പെടെ അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കോടതി ഹരജിയിൽ കൊലപാതകമെന്ന് ആരോപണമുണ്ട്. ഹുമൈറ കൊല്ലപ്പെട്ടുവെന്നും അവരുടെ കുടുംബത്തെ അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്ന് കോടതിയോട് ആവശ്യപ്പെട്ടുകൊണ്ടുമാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. അപ്പാർട്ട്മെന്റിൽ നിന്നുള്ള വിഡിയോ തെളിവുകൾ ചൂണ്ടിക്കാട്ടി ഹുമൈറക്കും കുടുംബത്തിനും ഇടയിലുള്ള ബന്ധത്തിലെ വിള്ളലിനെ കുറിച്ചും ഹരജിയിൽ പരാമർശമുണ്ട്.
ഫോണുകളും ലാപ്ടോപ്പുകളും അൺലോക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. അവസാന മാസങ്ങളിൽ ഹുമൈറ ആരോടാണ് സംസാരിച്ചതെന്ന് അറിയാൻ ചാറ്റ് ലോഗുകളും മറ്റ് ഫോൺ ഡാറ്റയും പഠിച്ചുകൊണ്ടിരിക്കുകയാണ്. സ്വകാര്യ ഡയറിയിൽ നിന്ന് പാസ്‌വേഡുകൾ കണ്ടെത്തിയിട്ടുണ്ട്. ബ്ലാക്ക് മെയിലിംങ്, ഭീഷണികൾ അല്ലെങ്കിൽ മറ്റ് നിഗൂഢ പ്രവർത്തനങ്ങൾ എന്നിവയിലേക്ക് വിരൽ ചൂണ്ടുന്ന ഏതെങ്കിലും ഇടപാടുകൾ പരിശോധിക്കാൻ ഹുമൈറയുടെ ബാങ്ക് അക്കൗണ്ടുകളിൽ ഫോറൻസിക് ഓഡിറ്റ് ആരംഭിച്ചിട്ടുണ്ട്.
ടോക്സിക്കോളജി, ഡി.എൻ.എ പരിശോധനകൾ ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് വിദഗ്ധർ സാമ്പിളുകൾ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ മൃതദേഹം അഴുകിയതിനാൽ മരണകാരണത്തെ കുറിച്ച് പറയാൻ ഇനിയും സമയമെടുക്കും. ഹുമൈറയെ കണ്ടെത്തുന്നതിന് മുമ്പ് അവരുടെ കുടുംബം നിയമപരമായ നടപടികളൊന്നും സ്വീകരിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മിസിങ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
നടിയുടെ കോൾ റെക്കോർഡുകൾ പ്രകാരം അവസാനമായി അവർ ഫോൺ ഉപയോഗിച്ചത് 2024 ഒക്ടോബറിലാണ്. സെപ്റ്റംബറിലോ ഒക്ടോബറിലോ ഹുമൈറയെ കണ്ടതായി അയൽവാസികൾ മൊഴി നൽകിയിട്ടുമുണ്ട്. ബിൽ അടക്കാത്തതിനെ തുടർന്ന് 2024 ഒക്ടോബറിൽ ഇവരുടെ അപ്പാർട്ട്മെന്റിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. വീട്ടിൽ നിന്നും ഒരു മെഴുകുതിരി പോലും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളുടെ ഉപയോഗ കാലാവധി മാസങ്ങൾക്കു മുമ്പ് അവസാനിച്ചിരുന്നു. ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ജാറുകളിൽ തുരുമ്പുണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അപ്പാർട്ട്മെന്‍റിൽ വെള്ളം ഉണ്ടായിരുന്നില്ലെന്നും പൈപ്പുകൾ തുരുമ്പു പിടിച്ച നിലയിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എത്തിഹാദ് കൊമേഴ്‌സ്യല്‍ ഏരിയയിലെ ഫേസ് 6ലെ അപ്പാര്‍ട്ട്‌മെന്റിലാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏഴ് വർഷത്തോളമായി ഈ അപ്പാർട്ട്മെന്റിൽ ഒറ്റക്കാണ് നടി താമസിച്ചിരുന്നത്. സ്ഥലത്തെത്തിയ പൊലീസ് വാതില്‍ തകര്‍ത്ത് അകത്ത് കയറിയതോടെയാണ് അസ്ഗറിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയിരുന്നു. പാകിസ്താനിലെ റിയാലിറ്റി ഷോയായ തമാഷ ഘറിലും ജലൈബീ എന്ന ചിത്രത്തിലും അഭിനയിച്ചതിലൂടെയാണ് ഹുമൈറ കൂടുതൽ പ്രശസ്തയായത്. ബിഗ് ബ്രദറിനും ബിഗ് ബോസിനും സമാനമായ ഒരു ഷോയാണ് തമാഷ ഘർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

