'ഇന്ത്യ അനുമതി നൽകി, പാകിസ്താൻ വിസ നിഷേധിച്ചു, അമ്മയുടെ മരണാനന്തര ചടങ്ങ് കണ്ടത് വിഡിയോ കോളിലൂടെ'; വെളിപ്പെടുത്തി അദ്‌നാൻ സാമി
text_fieldsഅദ്‌നാൻ സാമി
പാകിസ്താൻ വംശജനായ ഗായകനും സംഗീതസംവിധായകനുമായ അദ്‌നാൻ സാമി 2016 ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പാകിസ്താൻ തനിക്ക് വിസ നിഷേധിച്ച കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് അദ്‌നാൻ. 2024ലാണ് അദ്ദേഹത്തിന്‍റെ അമ്മ മരിക്കുന്നത്. അമ്മയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിച്ചതായും എന്നാൽ പാകിസ്താൻ വിസ നിഷേധിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.
അമ്മയുടെ മരണം എല്ലാവരെയും ഞെട്ടിച്ചെന്നും അവർക്ക് ആരോഗ്യപരമായ യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്നും അദ്‌നാൻ പറഞ്ഞു. ഇന്ത്യ ടി.വിയോട് സംസാരിക്കവെയാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. ഇന്ത്യ യാത്ര ചെയ്യാൻ അനുമതി നൽകിയെങ്കിലും പാകിസ്താൻ അത് നിരസിച്ചു. ഇന്ത്യൻ അധികാരികൾ തന്റെ സാഹചര്യം പെട്ടെന്ന് മനസിലാക്കി. എന്നാൽ പാകിസ്താൻ വിസ നൽകാത്തതിനാൽ അമ്മയുടെ ശവസംസ്കാരം വാട്ട്സ്ആപ്പ് വിഡിയോ കോളിലൂടെയാണ് കണ്ടതെന്നും അദ്നാൻ വ്യക്തമാക്കി.
ലണ്ടനിലാണ് അദ്‌നാൻ സാമി ജനിച്ചത്. അദ്ദേഹത്തിന്‍റെ മകൻ ആസാൻ പാകിസ്താനിലാണ് ജീവിക്കുന്നത്. മകന്‍റെ പിറന്നാളിന് അദ്നാൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. അദ്‌നാന്‍റെ അദ്യ വിവാഹത്തിലെ മകനാണ് ആസാൻ. 1993ലാണ് അദ്നാൻ പാക് നടി സബയെ വിവാഹം കഴിച്ചത്. മൂന്ന് വർഷത്തിന് ശേഷം അവർ വിവാഹമോചനം നേടി. 2010 ൽ, വിരമിച്ച നയതന്ത്രജ്ഞനും സൈനിക ജനറലുമായ റോയയെ അദ്നാൻ വിവാഹം കഴിച്ചു. 2010 ൽ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം റോയയെ ആദ്യമായി കണ്ടുമുട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

