‘പിക്ചർ അഭി ബാക്കി ഹേ മേരേ ദോസ്ത്’; ഓസ്കർ വേദിയിൽ വീണ്ടും എസ്.ആർ.കെ തരംഗം; നന്ദി പറഞ്ഞ് താരം
text_fieldsഷാരൂഖ് ഖാൻ
ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ 'ഓം ശാന്തി ഓം' വീണ്ടും ആഗോളതലത്തിൽ ചർച്ചയാവുകയാണ്. ലോക സിനിമയിലെ പ്രശസ്തമായ ഓസ്കർ ചിത്രത്തിലെ ഐക്കണിക് ഡയലോഗ് പങ്കുവെച്ചതോടെയാണ് സിനിമാലോകം വീണ്ടും ഈ പഴയകാല സ്മരണകളിലേക്ക് ഉണർന്നത്. ഇതിന് പിന്നാലെ അക്കാദമിയുടെ പോസ്റ്റ് റീ-ഷെയർ ചെയ്തുകൊണ്ട് ഷാരൂഖ് ഖാൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അക്കാദമിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് നന്ദി പറഞ്ഞു കൊണ്ട് ഷാരൂഖ് കുറിച്ചത് ഇങ്ങനെയായിരുന്നു. ‘ഓം ശാന്തി ഓമിലെ പ്രസംഗത്തിലൂടെ എന്നെ പഴയകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് അക്കാദമിക്ക് നന്ദി. ഇപ്പോൾ എനിക്ക് ശരിക്കും ലോകത്തിന്റെ രാജാവായി തോന്നുന്നു. ഹാ ഹാ...’ ഷാരൂഖിന് പുറമെ ചിത്രത്തിന്റെ സംവിധായിക ഫറാ ഖാനും അക്കാദമിക്ക് നന്ദി പറഞ്ഞു. ‘അക്കാദമിക്കും ഷാരൂഖിനും മയൂർ പുരിക്കും ഇത് എനിക്ക് അയച്ചുതന്ന എല്ലാവർക്കും നന്ദി. പിക്ചർ അഭി ബാക്കി ഹേ മേരേ ദോസ്ത്...’ എന്നാണ് ഫറ കുറിച്ചത്.
സിനിമയിൽ ഷാരൂഖ് ഖാന്റെ കഥാപാത്രം അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് നടത്തുന്ന വിഖ്യാതമായ ഡയലോഗാണ് അക്കാദമി പങ്കുവെച്ചത്. ‘വിധിയെ സംബന്ധിച്ച് ഒരു കാര്യമുണ്ട്. അത് ഒരിക്കലും ലക്ഷ്യം തെറ്റിക്കില്ല’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഫറാ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദീപിക പദുകോൺ, അർജുൻ രാംപാൽ, ശ്രേയസ് തൽപഡെ, കിരൺ ഖേർ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്.
അതേസമയം, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖിന്റെ പുതിയ ചിത്രം 'കിങ്ങിന്റെ റിലീസ് തിയതി പുറത്തുവന്നു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം 2026 ഡിസംബർ 24ന് തിയറ്ററുകളിലെത്തും. ഒരു മികച്ച ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ വിഷ്വലുകൾ അണിയറപ്രവർത്തകർ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. സുഹാന ഖാൻ, അഭിഷേക് ബച്ചൻ, ദീപിക പദുകോൺ, സൗരഭ് ശുക്ല എന്നിവരും ഈ ആക്ഷൻ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

