‘മിസ്റ്റർ നോബഡി എഗെയിൻസ്റ്റ് പുടിൻ’ ഓസ്കർ ജേതാവിന്റെ സ്വർണ പ്രതിമ വിമാനത്താവളത്തിൽനിന്ന് കാണാതായി
text_fieldsന്യൂയോർക്ക്: ‘മിസ്റ്റർ നോബഡി എഗെയിൻസ്റ്റ് പുടിൻ’ എന്ന ഡോക്യുമെന്ററിക്ക് ഓസ്കർ അവാർഡ് നേടിയ പവൽ ടാലങ്കിന്റെ ഓസ്കർ സ്വർണപ്രതിമ വിമാനത്താവളത്തിൽവെച്ച് കാണാതായി. ന്യൂയോർക്ക് വിമാനത്താവളത്തിൽ അവാർഡ് പ്രതിമ പരിശോധിക്കണമെന്ന് സുരക്ഷാ ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. ജർമനിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലെത്തിയതായിരുന്നു പവൽ ടാലങ്കിൻ. തന്റെ കൈയിലുള്ള ബാഗിൽ അക്കാദമി അവാർഡ് ഉണ്ടായിരുന്നുവെന്ന് ടാലങ്കിൻ പറയുന്നു. എന്നാൽ ഈ അവാർഡ് പ്രതിമ ഒരു ആയുധമായി ഉപയോഗിക്കാവുന്ന വസ്തുവാണെന്നും അതിനാൽ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇതനുവദിക്കില്ലെന്നും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.
തുടർന്ന് ഈ അവാർഡ് പ്രതിമ ഒരു പെട്ടിയിൽ പാക്ക് ചെയ്യുകയായിരുന്നു. ലുഫ്താൻസ എയർലൈൻസ് അധികൃതർ തന്നെയാണ് ഈ പ്രതിമ പാക്ക് ചെയ്തത്. എന്നാൽ ജർമനിയിൽ എത്തിയപ്പോഴാണ് ഓസ്കർ പ്രതിമ നഷ്ടപ്പെട്ടതായി പവൽ ടാലങ്കിൻ അറിയുന്നത്. നഷ്ടപ്പെട്ട ഓസ്കർ പ്രതിമ തിരികെക്കിട്ടാൻ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ലുഫ്താൻസ എയർലൈൻസ് അധികൃതർ ടാലങ്കിനെ അറിയിച്ചു.
‘ഈ സാഹചര്യത്തിൽ ഞങ്ങൾക്ക് വലിയ ഖേദമുണ്ട്. ഞങ്ങളുടെ ടീം ഈ വിഷയം അതീവ ശ്രദ്ധയോടെയും വേഗത്തിലും കൈകാര്യം ചെയ്യുന്നുണ്ട്. ഓസ്‌കർ പ്രതിമ കണ്ടെത്തി എത്രയും വേഗം തിരികെ നൽകുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കും’ എയർലൈൻസ് അധികൃതർ അറിയിച്ചു.
അതേസമയം ഇത്തരത്തിൽ ഓസ്കർ അവാർഡ് കൈയിൽ കരുതാൻ പാടില്ല എന്ന നിർദേശം വിമാനത്താവളത്തിൽ ഉണ്ടാകാറില്ലെന്നും എത്രയോ തവണ ടാലങ്കിൻ ഓസ്കർ, ബാഫ്ത അവാർഡുകളുമായി വിമാനത്തിൽ ഒരു തടസ്സവും കൂടാതെ സഞ്ചരിച്ചിട്ടുണ്ടെന്നും ബി.ബി.സി ഡോക്യുമെന്ററി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോബിൻ ഹെസ്മാൻ പറഞ്ഞു. ടലാങ്കിന് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയില്ലാത്തതിനാൽ വിമാനത്താവളത്തിൽ സഹായിക്കാൻ താൻ ടലാങ്കിനെയും സെക്യൂരിറ്റി അധികൃതരെയും ബന്ധപ്പെട്ടിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ലിയനാർഡോ ഡികാപ്രിയോ ആയിരുന്നു ടാലങ്കിന്റെ സ്ഥാനത്തെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ലെന്നും അവർ പറഞ്ഞു.
13.5 ഇഞ്ച് ഉയരവും (34 സെന്റീമീറ്റർ) 8.5 പൗണ്ട് (3.9 കിലോഗ്രാം) ഭാരവുമാണ് ഓസ്കർ പ്രതിമക്കുള്ളത്. ഇത് നിർമിക്കാൻ 400 ഡോളർ മുതൽ 1,000 ഡോളർ വരെ ചെലവ് വരും. 2022 ഫെബ്രുവരിയിൽ റഷ്യയുടെ യുക്രൈൻ അധിനിവേശത്തെത്തുടർന്ന്, താൻ ജോലി ചെയ്തിരുന്ന ഒരു റഷ്യൻ സ്കൂളിൽ യുദ്ധ പ്രചാരണം വർധിപ്പിച്ചത് രേഖപ്പെടുത്തുന്ന ഒരു ഡോക്യുമെന്ററിയാണ് ‘മിസ്റ്റർ നോബഡി എഗെയിൻസ്റ്റ് പുടിൻ’. ടലാങ്കിൻ ജോലി ചെയ്തിരുന്ന ഒരു റഷ്യൻ സ്കൂളിൽ നടന്ന യുദ്ധ പ്രചാരണത്തിന്റെ ദൃശ്യങ്ങളും ഡോക്യുമെന്ററിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

