ഓപറേഷൻ തൂഫാൻ; കേരള സർക്കാരിനും പൊലീസിനും അഭിനന്ദനം അറിയിച്ച് ഉണ്ണി മുകുന്ദൻ
text_fieldsസംസ്ഥാനത്ത് ലഹരിമരുന്നുകൾക്കെതിരെയും സംഘടിത ലഹരി മാഫിയകൾക്കെതിരെയും സർക്കാർ നടപ്പിലാക്കുന്ന കർശന നടപടികളെ അഭിനന്ദിച്ച് നടൻ ഉണ്ണി മുകുന്ദൻ രംഗത്തെത്തി. ലഹരിയുടെ പിടിയിൽ നിന്ന് സമൂഹത്തെയും വരുംതലമുറയെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച 'ഓപറേഷൻ തൂഫാൻ' എന്ന ദൗത്യം വളരെ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചത്.
ലഹരി മാഫിയകൾക്കെതിരെ ക്രിയാത്മകമായി ഇടപെട്ടതിന് മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. പ്രത്യേകിച്ച് എറണാകുളം പെരുമ്പാവൂർ മേഖലയിൽ ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വെച്ച് പ്രവർത്തിച്ചിരുന്ന ലഹരി സംഘങ്ങളെ പിടികൂടിയ പൊലീസ് നടപടിയെ അദ്ദേഹം എടുത്തുപറഞ്ഞു. ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശമാണ് ഈ നടപടികളിലൂടെ പൊലീസ് നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ ശ്രദ്ധയിൽപ്പെട്ട ഒരു വിഷയം പൊലീസിന് കൈമാറിയപ്പോൾ ലഭിച്ച വേഗത്തിലുള്ള പ്രതികരണത്തെയും ഉണ്ണി മുകുന്ദൻ പ്രശംസിച്ചു. ലഹരി വ്യാപാരത്തെക്കുറിച്ച് പുറത്തുവന്ന ഒരു വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് താൻ അത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കേവലം ഒരു താൽക്കാലിക നടപടിയായി ഇതിനെ കാണാതെ, തുടർച്ചയായി ഇത്തരം നീക്കങ്ങൾ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാർഢ്യം വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് താരം പറഞ്ഞു. പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം സാമൂഹിക വിപത്തുകളെ കണ്ടില്ലെന്ന് നടിക്കരുതെന്നും, ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്നും ഉണ്ണി മുകുന്ദൻ ഓർമ്മിപ്പിച്ചു. നമ്മുടെ സഹോദരങ്ങളും വരുംതലമുറയും ലഹരിയുടെ അടിമകളായി മാറുന്നത് നിശബ്ദമായി നോക്കിനിൽക്കാൻ നമുക്ക് കഴിയില്ല. നിയമവ്യവസ്ഥയിലുള്ള വിശ്വാസം വർദ്ധിപ്പിക്കാനും, ശക്തമായ ഭരണകൂടവും പൊലീസും ഒപ്പമുണ്ടെന്ന ബോധ്യം ജനങ്ങളിൽ ഉണ്ടാക്കാനും ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

