'വല്ല്യചന്ദനാദി ഓർമക്കുറവിന് ബെസ്റ്റാ, പാവം കുട്ടി മറന്നതാവും'; പ്രിയ വാര്യർക്ക് മറുപടിയുമായി ഒമർ ലുലു
text_fieldsഒമർ ലുലു സംവിധാനം ചെയ്ത 'ഒരു അഡാർ ലവ്' എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യർ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ രാജ്യത്തിനകത്തും പുറത്തും നിരവധി ആരാധകരെ നേടാൻ നടിക്ക് കഴിഞ്ഞു. ചിത്രത്തിലെ കണ്ണിറുക്കുന്ന രംഗമാണ് പ്രിയയെ പ്രശസ്തയാക്കിയത്.
ഇപ്പോഴിതാ നടിക്കെതിരെ അഡാർ ലവ് സിനിമയുടെ സംവിധായകൻ ഒമർ ലുലു രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെ പ്രിയ നൽകിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഒമറിന്റെ പ്രതികരണം.
വി.കെ. പ്രകാശ് സംവിധാനം ചെയ്ത ലൈവ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിലെ വൈറലായ കണ്ണിറുക്കൽ രംഗത്തെ കുറിച്ച് പ്രിയ സംസാരിച്ചിരുന്നു. ഫോട്ടോ കാണിച്ചുകൊണ്ട് ഇത് ഓർമയുണ്ടോ എന്ന് പേളി ചോദിച്ചിരുന്നു. അഞ്ച് വർഷമായില്ലേ, താൻ ഇത് സ്വന്തമായി ചെയ്തതാണെന്നും സംവിധായകന്റെ നിര്‍ദേശത്തെ തുടർന്നല്ല ചെയ്തതെന്നുമാണ് പ്രിയ പറഞ്ഞത്. ഇത് വൈറലായതോടെയാണ് ഒമര്‍ ലുലു രംഗത്തെത്തിയത്. ഈ വിഡിയോക്കൊപ്പം അഞ്ച് വർഷങ്ങൾക്ക് മുമ്പ് നടി ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിന്റെ ഭാഗങ്ങളും പങ്കുവെച്ചിട്ടുണ്ട്. സംവിധായകൻ ഒമര്‍ലുലുവിന്‍റെ നിര്‍ദേശത്തില്‍ ചെയ്തതെന്നാണ് അന്ന് പ്രിയ പറഞ്ഞത്.
‘അഞ്ച് വര്‍ഷം ആയി പാവം കുട്ടി മറന്നതാവും വല്ല്യചന്ദനാദി ഓര്‍മക്കുറവിന് ബെസ്റ്റാ’ എന്നാണ് സംവിധായകൻ നൽകിയ മറുപടി. ഇതിന് പുറമെ വല്ല്യചന്ദനാദി എണ്ണയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇത് എന്റെ സിനിമയിലൂടെ വന്ന് പിന്നീട് ഓർമ നഷ്ടപ്പെട്ടവർക്ക് സമർപ്പിക്കുന്നു' എന്ന് കുറിച്ച് കൊണ്ടാണ് എണ്ണക്കുപ്പിയുടെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

