ഒന്നിലധികം ഗിന്നസ് റെക്കോർഡ്, ഒരു വർഷത്തിൽ 41 സിനിമകൾ, അമിതാഭ് ബച്ചനോ ശക്തി കപൂറോ അല്ല... ആ നടൻ മലയാളത്തിന് സ്വന്തം
text_fieldsഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറുകളെക്കുറിച്ച് പറയുമ്പോൾ അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, മിഥുൻ ചക്രവർത്തി തുടങ്ങിയ ചില പേരുകളായിരിക്കും പലരുടെയും മനസിലേക്ക് വരുന്നത്. എന്നാൽ ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ നിന്ന്, സിനിമയെ പുനർനിർവചിക്കുകയും മറക്കാനാവാത്ത സംഭാവനകൾ നൽകുകയും ചെയ്ത ചിലരുണ്ട്. അത്തരത്തിൽ 700ലധികം സിനിമകളിൽ അഭിനയിച്ച് ഒന്നിലധികം റെക്കോർഡ് സ്വന്തമാക്കിയ ഒരു നടനുണ്ട്.
മറ്റാരുമല്ല, മലയാളിയുടെ സ്വന്തം പ്രേം നസീർ ആണ് ആ നടൻ. 1952ൽ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് പ്രേം നസീർ അഭിനയ ലോകത്തേക്ക് കടന്നുവന്നത്. 1956 മുതൽ 1976 വരെയുള്ള സമയം കൊണ്ടുതന്നെ അദ്ദേഹം മലയാള സിനിമയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറി. നിരവധി നടിമാരോടൊപ്പം അഭിനയിച്ചെങ്കിലും, നടി ഷീലയുമായുള്ള ജോഡി ഐക്കണിക് ആയി മാറി. അവർ ഏകദേശം 130 സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. മറ്റൊരു ജോഡിക്കും തകർക്കാൻ കഴിയാത്ത റെക്കോർഡാണിത്.
ജയഭാരതിയോടൊത്ത് 92 സിനിമകളിൽ ഒന്നിച്ചഭിനയിച്ചത് മറ്റൊരു റെക്കോർഡാണ്. 1978ൽ 41 സിനിമകളിലും 1979-ൽ 39സിനിമകളിലും നായകവേഷം അവതരിപ്പിച്ചു. ഇത് അദ്ദേഹത്തിന് ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം നേടിക്കൊടുത്തു. 781 ചിത്രങ്ങളിൽ 93 വിവിധ നായികമാരുമായി അദ്ദേഹം നായകനായി അഭിനയിച്ചു. ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാനുള്ളത്. മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, കള്ളിച്ചെല്ലമ്മ, സി.ഐ.ഡി നസീർ, ഉദയ പാത എന്നിവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ചിലതാണ്.
1980 കളോടെ പ്രധാന വേഷങ്ങളിൽ നിന്ന് അദ്ദേഹം ക്രമേണ സഹകഥാപാത്രങ്ങളിലേക്ക് നീങ്ങി. നായകനായി അവസാനമായി അഭിനയിച്ച ചിത്രം 1985ൽ പുറത്തിറങ്ങിയ വെള്ളരിക്കാ പട്ടണം ആയിരുന്നു. 1990ൽ പുറത്തിറങ്ങിയ കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിലായിരുന്നു പ്രേം നസീർ അവസാനമായി അഭിനയിച്ചത്. 1983ൽ ചലച്ചിത്രത്തിലെ സമഗ്ര സംഭാവനക്കായി പത്മഭൂഷൺപുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. 2013ൽ ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഇന്ത്യൻ സിനിമ മേഖലയിലെ 50 പേരുടെ സ്റ്റാമ്പുകളിൽ പ്രേംനസീറിന്റെ ചിത്രവും ആലേഖനം ചെയ്തിരുന്നു. മലയാളത്തെ പ്രതിനിധീകരിച്ച് പ്രേം നസീറിന്റെ ചിത്രം മാത്രമാണ് ഇതിൽ ഇടം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

