ഭർത്താവിന്റെ രണ്ടാം വിവാഹം അമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു; ഒറ്റക്കായ ആ കാലം അവർക്ക് ഒട്ടും എളുപ്പമായിരുന്നില്ല -ഭർതൃമാതാവിനെക്കുറിച്ച് സമീറ റെഡ്ഡി
text_fieldsഭർതൃമാതാവിനൊപ്പം സമീറ
വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് സമീറ റെഡ്ഡി. തന്റേതായ നിലപാടുകൾ കൊണ്ടും വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടും ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരം, ഇപ്പോൾ ഭർതൃമാതാവ് മഞ്ജരി വർദെയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
താൻ മഞ്ജരിയെ ആദ്യം കാണുമ്പോൾ അവർ വിവാഹമോചിതയായിരുന്നുവെന്ന് സമീറ പറയുന്നു. സമീറയുടെ ഭർതൃപിതാവ് മറ്റൊരു വിവാഹം കഴിച്ച് ജീവിതവുമായി മുന്നോട്ട് പോയിരുന്നു. ‘ഞാൻ ഇക്കാര്യം തുറന്നു പറയുകയാണ്, അദ്ദേഹത്തിന് മറ്റൊരു ജീവിതം ഉണ്ടായപ്പോൾ അത് അമ്മയെ വല്ലാതെ ബാധിച്ചിരുന്നു. അവർ അത് ഒരിക്കലും പുറത്ത് പറഞ്ഞിട്ടില്ലെങ്കിലും എനിക്ക് അത് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു’ സമീറ വ്യക്തമാക്കി. മഞ്ജരിയും ഈ കാര്യം ശരിവെച്ചു. ഒറ്റക്കായിപ്പോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
സമൂഹത്തിന്റെ വിധികൾക്ക് മുന്നിൽ തളരാതെ, സ്വയം കരുത്താർജ്ജിക്കാൻ താൻ മഞ്ജരിക്ക് നൽകിയ ഉപദേശങ്ങളെക്കുറിച്ച് സമീറ പറയുന്നു. ‘നിങ്ങൾ കരഞ്ഞിരിക്കുന്ന മൂലയിൽ ആരും നിങ്ങളെ താങ്ങാൻ ഉണ്ടാവില്ല. എഴുന്നേറ്റ് സ്വയം എന്തെങ്കിലും ആകാൻ നിങ്ങൾ തന്നെ ശ്രമിക്കണം. മറ്റുള്ളവർക്ക് വേണ്ടി ജീവിതം ചുരുക്കിക്കളയരുത്’ എന്ന് താൻ അമ്മയോട് പറഞ്ഞിരുന്നുവെന്ന് സമീറ പറയുന്നു. അമ്മയിൽ ഒളിഞ്ഞിരുന്ന കഴിവുകളെ പുറത്തുകൊണ്ടുവരികയും, അവരെ ഒരു സൂപ്പർസ്റ്റാറാക്കുകയുമായിരുന്നു തന്റെ ലക്ഷ്യമെന്നും സമീറ കൂട്ടിച്ചേർത്തു.
മരുമകളായ സമീറയോട് എന്നും തുറന്ന സമീപനമാണ് മഞ്ജരി സ്വീകരിച്ചിട്ടുള്ളത്. തന്റെ മകൻ അക്ഷയ് വർദെയെക്കുറിച്ച് പോലും വളരെ തുറന്ന രീതിയിൽ സംസാരിക്കുന്ന മഞ്ജരി, തന്നോട് എപ്പോഴും 'സമീറ, നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ, നിനക്ക് എന്താണ് വേണ്ടത്?' എന്ന് ചോദിക്കാറുണ്ടെന്ന് സമീറ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
‘ആരെങ്കിലും ജീവിതത്തിൽ മുന്നോട്ട് പോയാൽ അവരോട് പക വീട്ടാനല്ല, പകരം സ്വന്തം പാത കണ്ടെത്തി തെളിച്ചമുള്ളതാക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. നിങ്ങൾ സ്വന്തം പാതയിൽ ശോഭിക്കാൻ തുടങ്ങിയാൽ ലോകം തനിയെ ശ്രദ്ധിക്കാൻ തുടങ്ങും’ സമീറ വ്യക്തമാക്കി. ഇന്ന് സോഷ്യൽ മീഡിയയിൽ സമീറയുടെ വിഡിയോകളിലെ സ്ഥിരം സാന്നിധ്യമാണ് മഞ്ജരി. അമ്മായിയമ്മ-മരുമകൾ ബന്ധത്തിന് പുതിയ ഭാഷ്യം നൽകുന്ന ഇവർ, ഇന്ന് ഒട്ടേറെ സ്ത്രീകൾക്ക് വലിയ പ്രചോദനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

