'എന്നെ അല്ലാതെ മറ്റൊരാളെ രാമനായി കാണാൻ ആരും ആഗ്രഹിക്കുന്നില്ല'; രൺബീർ കപൂറിന്റെ രാമായണത്തെക്കുറിച്ച് അരുൺ ഗോവിൽ
text_fieldsരൺബീർ കപൂർ, അരുൺ ഗോവിൽ
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'രാമായണ'ത്തിൽ രൺബീർ കപൂർ ശ്രീരാമനായി വേഷമിടുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളിലും പരിഹാസങ്ങളിലും പ്രതികരണവുമായി രാമാനന്ദ് സാഗറിന്റെ രാമായണ സീരിയലിൽ ശ്രീരാമനെ അനശ്വരമാക്കിയ നടൻ അരുൺ ഗോവിൽ രംഗത്ത്. ചിത്രത്തിൽ ശ്രീരാമന്റെ പിതാവായ ദശരഥ മഹാരാജാവിനെ അവതരിപ്പിക്കുന്നത് അരുൺ ഗോവിലാണ്.
ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ രൺബീർ കപൂറിന് നേരിടേണ്ടി വന്ന ട്രോളുകളെക്കുറിച്ച് ചോദിച്ചപ്പോൾ, ശ്രീരാമൻ എന്ന കഥാപാത്രത്തെ കുറിച്ചുള്ള സവിശേഷമായ ഒരു കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവെച്ചത്. "മറ്റൊരു രാമനെ കാണാൻ ആരും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. രാമായണത്തിലെ രാമനായി ഞാൻ ചെയ്ത വേഷം ഇന്നും ആളുകളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. ഇന്നും ഉത്തരേന്ത്യയിലും മധ്യേന്ത്യയിലുമുള്ള മേളകളിലും മറ്റും രാമന്റെ പടങ്ങൾ വിൽക്കുമ്പോൾ അതിൽ എന്റെ മുഖമാണ് കാണാറുള്ളത്. അതുകൊണ്ട് തന്നെ ഒരു നടന്റെ പ്രകടനത്തെ രാമൻ എന്ന കഥാപാത്രവുമായി താരതമ്യം ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല," അരുൺ ഗോവിൽ പറഞ്ഞു.
രൺബീർ കപൂറിന്റെ അഭിനയ മികവിനെക്കുറിച്ച് ചോദിച്ചപ്പോൾ, സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായം പറയാൻ താനാളല്ലെന്ന് അരുൺ ഗോവിൽ വ്യക്തമാക്കി. എങ്കിലും രൺബീറിലുള്ള വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. "രൺബീർ നല്ലൊരു നടനാണെന്ന കാര്യത്തിൽ സംശയമില്ല. വളരെ സംസ്കാരസമ്പന്നനായ ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. ഓരോ നടനും ഓരോ കഥാപാത്രത്തെയും തങ്ങളുടേതായ ശൈലിയിലാണ് സമീപിക്കുന്നത്. അതുപോലെ, രൺബീറും ശ്രീരാമനെ അദ്ദേഹത്തിന്റേതായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടാകും," അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സിനിമയുടെ ഭാഗമാകാനുള്ള തീരുമാനത്തെക്കുറിച്ചും അരുൺ ഗോവിൽ മനസ്സ് തുറന്നു. തുടക്കത്തിൽ ഈ വേഷം ചെയ്യാൻ തനിക്ക് വലിയ താൽപ്പര്യമില്ലായിരുന്നുവെന്നും എന്നാൽ സംവിധായകൻ നിതീഷ് തിവാരിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ ദശരഥനായി വേഷമിടാൻ സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു. പഴയ രാമായണ പരമ്പരയും പുതിയ സിനിമയും തമ്മിൽ ഒരു ചെറിയ ബന്ധം സ്ഥാപിക്കാൻ അണിയറപ്രവർത്തകർ ആഗ്രഹിക്കുന്നുണ്ടായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
ഈ വർഷം ദീപാവലിക്ക് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ശ്രീരാമന് പുറമെ ഭഗവാൻ പരശുരാമന്റെ വേഷവും രൺബീർ കപൂർ തന്നെയാകും കൈകാര്യം ചെയ്യുക എന്ന് നടൻ നേരത്തെ അറിയിച്ചിരുന്നു. സായ് പല്ലവി സീതയായും യാഷ് രാവണനായും വേഷമിടുന്ന ചിത്രം വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

