എന്റെ ആഗ്രഹം മറ്റൊരു ജീവിതം, സിനിമ ഇഷ്ടമല്ല; ഒരവസരം കിട്ടിയാൽ നിർത്തി പോകും -നിത്യ മേനൻ
text_fieldsമറ്റൊരു മേഖലയിൽ അവസരം ലഭിച്ചാൽ സിനിമ അഭിനയം നിർത്തുമെന്ന് നടി നിത്യ മേനൻ. നാഷണൽ അവാർഡ് കിട്ടുന്നതിന് മുൻപ് ആരോടും പറയാതെ അഭിനയം നിർത്താമെന്നാണ് കരുതിയതെന്നും ഒരു സാധാരണ ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നിത്യ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.
'എനിക്ക് സിനിമ വ്യവസായം ഇഷ്ടമല്ല. വേറെ ഒരു മേഖലയിൽ അവസരം ലഭിച്ചാൽ സിനിമയിൽ നിന്ന് പോകും. ഇതു പറഞ്ഞു കഴിഞ്ഞാൽ നന്ദിയില്ലാത്തവളായൊക്കെ നിങ്ങൾ എന്നെ കാണുമായിരിക്കും.സമ്മർദ്ദങ്ങളിൽ നിന്ന് മാറി ഒരു സാധാരണ ജീവിതം നയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഒരു പൈലറ്റ് ആകാനായിരുന്നു ആഗ്രഹിച്ചിരുന്നത്. യാത്രകൾ ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്.എനിക്ക് നടക്കാൻ പോകാനും പാർക്കിൽ പോകാനുമൊക്കെ ഇഷ്ടമാണ്. അതൊക്കെ ജീവിതത്തിൽ ആസ്വദിച്ചിരുന്നു. പക്ഷെ ഇപ്പോൾ അതൊന്നും ചെയ്യാൻ എനിക്ക് കഴിയുന്നില്ല. ചില സമയത്ത് പ്രശസ്തിയൊക്കെ അമിതഭാരമായി തോന്നുകയും എനിക്ക് നയിക്കാൻ കഴിയുന്ന സാധാരണ ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യാറുണ്ട്.
ദേശീയ പുരസ്കാരം ലഭിക്കുന്നതിന് മുമ്പ് സിനിമയിൽ നിന്ന് മാറി നിൽക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. രഹസ്യമായി സിനിമയിൽ നിന്ന് മാറി നിൽക്കാമെന്നായിരുന്നു വിചാരിച്ചത്. എന്നാൽ എന്നെ തേടിയെത്തിയ ദേശീയപുരസ്കാരം എല്ലാം മാറ്റി മറിച്ചു'- നിത്യ മേനൻ പറഞ്ഞു.
'കാതലിക്ക നേരമില്ലൈ' ആണ് നിത്യയുടെ ഏറ്റവും പുതിയ ചിത്രം. ജയം രവിയാണ് ചിത്രത്തിലെ നായകൻ. കൃതിക ഉദയനിധിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പൊങ്കൽ റിലീസായി ജനുവരി 14 ന് ചിത്രം തിയറ്ററുകളിലെത്തും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.