നെഗറ്റീവ് ഇമേജ് ഉള്ള സ്ത്രീകളോട് വലിയ പ്രശ്നമുണ്ട്, പക്ഷേ ആണുങ്ങൾക്ക് അത് കോമൺ ആണെന്ന് ആളുകൾ വിശ്വസിക്കുന്നു -നിഖില വിമൽ
text_fieldsനിഖില വിമലിന്‍റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രമാണ് പെണ്ണ് കേസ്. ചിത്രത്തിൽ വിവാഹ തട്ടിപ്പ് നടത്തുന്ന കഥാപാത്രമായാണ് നിഖില എത്തുന്നത് എന്നാണ് വിവരം. സിനിമയിലുടനീളം 13 വ്യത്യസ്ത വധുക്കളുടെ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് നിഖില പറഞ്ഞു. ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദി ആർ.ജെ മൈക്ക് ഷോയ്ക്ക് നൽകിയ അഭിമുഖത്തിനിടെ പുരുഷന്മാരും സ്ത്രീകളും ചെയ്യുന്ന കുറ്റങ്ങളെ പ്രേക്ഷകരും സമൂഹവും വ്യത്യസ്തമായി കാണുന്നുണ്ടെന്ന് പറയുകയാണ് നിഖില.
'മീശമാധവൻ എന്ന സിനിമ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ് അതിലെ കള്ളന്‍റെ വേഷം നമുക്ക് ഇഷ്ടമാണ്. എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ അത്തരമൊരു കള്ളനെ നമുക്ക് ഇഷ്ടമാകുമോ? നമ്മുടെ നാട്ടിൽ ഒരു കള്ളൻ ഉണ്ടെന്ന് പറഞ്ഞാൽ അയാളും അയാളുടെ കുടുംബവും എപ്പോഴും കള്ളനും കള്ളന്‍റെ ഭാര്യയും കള്ളന്‍റെ മോളും മോനുമൊക്കെ തന്നെയാണ്. അത് അവരെ വിട്ട് പോകില്ല. എന്നാൽ നമ്മൾ സിനിമയിൽ കാണുമ്പോൾ അതിനെ ഗ്ലോറിഫൈ ചെയത് നമ്മൾ അയാളെ സ്നേഹിക്കുന്നു. പുള്ളിക്ക് ഒരു കുടുംബം ഉണ്ടാകുന്നു. ചേക്കിലെ കള്ളനാണെന്ന് പറയുന്നു. പുള്ളി കക്കുന്നതിൽ ഒരു സത്യമുണ്ടെന്ന് വിശ്വസിക്കുന്നു. അത് ഭയങ്കര കൺവീൻസിങ് ആണെല്ലോ. ഒരു സ്ത്രീയാണെന്ന് പറഞ്ഞ് കാണിച്ചാൽ അത് ഇത്ര കൺവീൻസിങ് ആകുമോ എന്ന് അറിയില്ല' -നിഖില പറഞ്ഞു.
പൊതുവെ നെഗറ്റീവ് ഇമേജ് ഉള്ള സ്ത്രീകളോട് വലിയ പ്രശ്നമുണ്ടെന്നും ആണുങ്ങളെ സംബന്ധിച്ച് അത് വളരെ കോമൺ ആയിട്ടുള്ള ഒരു കാര്യമാണെന്ന് ആളുകൾ വിശ്വസിക്കുന്നതായി തോന്നുന്നു എന്നും നിഖില പറഞ്ഞു. ആണിന് ദേഷ്യമാകാം ആണിന് എന്തും പറയാം എന്നൊക്കെ പറയുന്നതു പോലെയാണിതെന്നും നിഖില പറഞ്ഞു.
ഫെബിൻ സിദ്ധാർഥ് ആണ് പെണ്ണ് കേസ് സംവിധാനം ചെയ്യുന്നത്. ഫെബിന്റെ തന്നെയാണ് കഥയും. ഹക്കിം ഷാജഹാൻ, രമേശ് പിഷാരടി, ഇർഷാദ് അലി, അജു വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഇ 4 എക്സ്പിരിമെന്റസ്, ലണ്ടൻ ടാക്കീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേത്ത, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഷിനോസ് ആണ് ഛായാഗ്രഹണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

