അഴിമതി ചോദ്യം ചെയ്യാൻ പുതുതലമുറക്ക് ധൈര്യമുണ്ട് -നിവിൻ പോളി; ‘അഴിമതി തുറന്നു കാട്ടണം, മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കണം’
text_fieldsതിരുവനന്തപുരം: അഴിമതിക്കെതിരെ ധൈര്യത്തോടെ പോരാടാൻ പുതിയ തലമുറയ്ക്ക് കഴിയുമെന്നും സമൂഹത്തിൽ കാണുന്ന ഓരോ അഴിമതിയും തുറന്നുകാട്ടാൻ യുവാക്കൾ മുന്നോട്ടുവരണമെന്നും നടൻ നിവിൻ പോളി. അഴിമതിയില്ലാത്ത സമൂഹം കെട്ടിപ്പടുക്കുന്നതിനായി യുവാക്കളെ അംബാസിഡർമാരാക്കുന്ന ‘പ്രൊജക്ട് സീറോ’ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീകാര്യം ലൊയോള സ്കൂളിൽ നടന്ന പരിപാടിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നിവിൻപോളിയും ചേർന്ന് ‘വിജിലൻസ് വിസിൽ’ മുഴക്കിയാണ് ഉദ്ഘാടനം നിർവഹിച്ചത്. യുവജനങ്ങൾക്കുള്ള പ്രതിജ്ഞ നിവിൻ ചൊല്ലിക്കൊടുത്തു.
അഴിമതി എന്നാൽ കേവലം പണം വാങ്ങുന്ന കൈക്കൂലി മാത്രമല്ലെന്ന് നിവിൻ പോളി ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെയോ വിദ്യാർത്ഥിയുടെയോ അർഹമായ അവസരങ്ങൾ ഇല്ലാതാക്കുന്നതും അഴിമതിയുടെ ഭാഗമാണ്. എത്ര പഠിച്ചാലും കുറുക്കുവഴികളിലൂടെ പോകുന്നവർക്കാണ് വിജയം എന്ന തോന്നൽ ഉണ്ടാകുന്നത് സമൂഹത്തിന് ദോഷകരമാണ്. പണവും അധികാരവും കൊണ്ട് മെറിറ്റിനെ മറികടക്കാൻ കഴിയുമെന്ന വിശ്വാസം മാറണമെന്നും നേരായ വഴിയിലൂടെ സഞ്ചരിക്കുന്നവർക്ക് നിരാശയുണ്ടാകുന്ന സാഹചര്യം ഇല്ലാതാകണമെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിലുള്ള വിശ്വാസത്തിലാണ് ഒരു സമൂഹം നിലനിൽക്കുന്നത്. ആ വിശ്വാസം നഷ്ടപ്പെട്ടാൽ സമൂഹം തകരാൻ തുടങ്ങും. മാറ്റങ്ങൾ തുടങ്ങേണ്ടത് വലിയ ഓഫിസുകളിൽ മാത്രമല്ല, വിദ്യാലയങ്ങളിലും കോളജുകളിലും നിന്നുതന്നെ അഴിമതിക്കെതിരായ അവബോധം ഉണ്ടാകണം. പരീക്ഷകളിൽ കോപ്പി അടിക്കാതിരിക്കുക, കള്ളം പറയാതിരിക്കുക, സുഹൃത്തുക്കളുടെ കഴിവിനെ അംഗീകരിക്കുക തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകാൻ അധ്യാപകർക്കും മാനേജ്മെന്റിനും സാധിക്കണം.
തന്റെ സിനിമകളായ 'ആക്ഷൻ ഹീറോ ബിജു', 'വടക്കൻ സെൽഫി' എന്നിവയെ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാടുകൾ വിശദീകരിച്ചത്. മോശമായ വഴിയിലൂടെ നടത്തുന്ന സുഹൃത്തുക്കളെ തിരിച്ചറിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ മകൻ പോലും കാര്യങ്ങളെ ചോദ്യം ചെയ്യാറുണ്ടെന്നും, തെളിവുകളും ഉത്തരവാദിത്തവും ആവശ്യപ്പെടുന്ന പുതിയ തലമുറയുടെ ഈ സ്വഭാവം അധികാരികളെ കൃത്യമായി ജോലി ചെയ്യാൻ നിർബന്ധിതരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘പ്രൊജക്ട് സീറോ ഒരു വലിയ ഇനിഷ്യേറ്റീവ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരുപാട് നാളുകളായി നമ്മളെല്ലാം പ്രതീക്ഷിച്ചിട്ടുള്ള വലിയൊരു മൂവമെന്റിന്റെ തുടക്കമാണ് പ്രൊജക്റ് സീറോ. അഴിമതിയില്ലാത്ത നാടാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. അഴിമതിയില്ലാതെ മുന്നോട്ട് ധൈര്യത്തോടെ സഞ്ചരിക്കാൻ പറ്റുന്ന ഒരു ഒരു അവസ്ഥ ഉണ്ടാകണം. അത് പുതിയ തലമുറക്ക് കൊടുക്കുന്ന ഒരു വലിയ സന്ദേശവും ഉറപ്പും വിശ്വാസവും ആണ്.
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒരു സിനിമ ചെയ്തിരുന്നു, ആക്ഷൻ ഹീറോ ബിജു എന്നായിരുന്നു അതിന്റെ പേര്. കുറച്ചു പേരെങ്കിലും കണ്ടിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിൽ ജനങ്ങൾക്കും സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുന്ന, അവരുടെ പ്രശ്നങ്ങളെ ക്ഷമയോടുകൂടി കേൾക്കുന്ന നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഞാൻ അഭിനയിച്ചത്. ഒരു സമൂഹം നിലനിൽക്കുന്നത് നിയമത്തിലും ഗവൺമെന്റിലുമുള്ള വിശ്വാസത്തിലാണ്. എന്നാണോ ആ നിയമത്തിലുള്ള വിശ്വാസം നമുക്ക് നഷ്ടപ്പെടുന്നത്, അന്നുമുതൽ ആ സമൂഹവും പതുക്കെ തകരാൻ തുടങ്ങും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
അഴിമതി എന്നത് പണം കൊടുക്കുന്ന കൈക്കൂലി മാത്രമല്ല. ഒരു വ്യക്തിയുടെ അവസരം ഇല്ലാതാക്കുന്നത്, ഒരു വിദ്യാർത്ഥിയുടെ അവസരം ഇല്ലാതാക്കുന്നത്, എത്ര പഠിച്ചാലും കുറുക്കുവഴിയിലൂടെ മുന്നോട്ടു പോകുന്നവർക്കാണ് വിജയം എന്ന തോന്നൽ ഉണ്ടാക്കുന്നത്, നമുക്ക് എത്ര മെറിറ്റ് ഉണ്ടെങ്കിലും പണവും അധികാരവും കൊണ്ട് ഇതെല്ലാം മറികടക്കാൻ പറ്റും എന്ന വിശ്വാസം -ഇതെല്ലാം അഴിമതിയുടെ ഭാഗമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതിൽ ഏറ്റവും വലിയ പ്രശ്നം നേരായ വഴിയിലൂടെ സഞ്ചരിച്ചിട്ട് ഒരു കാര്യമില്ല എന്ന തോന്നൽ ഉണ്ടാക്കുന്നതാണ്.
നമ്മൾ എത്ര എത്ര നന്നായി പ്രവർത്തിച്ചാലും അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല, പണവും അധികാരവും കൊണ്ട് മാത്രമേ വിജയിക്കാൻ പറ്റു എന്നുള്ള ഒരു ധാരണ നമ്മുടെ സമൂഹത്തിലുണ്ട്. അത് മാറാൻ ഈ മൂവമെന്റ് സഹായിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
അതിനുള്ള മാറ്റങ്ങൾ തുടങ്ങേണ്ടത് വലിയ ഓഫിസുകളിൽ നിന്ന് മാത്രമല്ല, നമ്മുടെ കോളജുകളിലും നമ്മുടെ സ്കൂളുകളിലും അത് തുടങ്ങണം. അതിനുള്ള ഓറിയന്റേഷൻ കുട്ടികൾക്കും യുവാക്കൾക്കും നൽകാൻ മാനേജ്മെന്റിനും ടീച്ചേഴ്സിനും സാധിക്കണം. നമ്മൾ കോപ്പി അടിക്കാതിരിക്കുക, കള്ളം പറയാതിരിക്കുക, നമ്മുടെ ചുറ്റുമുള്ള നമ്മുടെ നല്ല സുഹൃത്തുക്കളുടെ വിജയവും കഴിവും അംഗീകരിക്കാൻ സാധിക്കുക, നമ്മളെ മോശമായ വഴിയിലൂടെ നടത്തുന്ന കൂട്ടുകാർ ഉണ്ടെങ്കിൽ അവരിൽ നിന്ന് മാറി നിൽക്കുക എന്നതൊക്കെ ഇതിന്റെ ഭാഗമാണ്.
‘വടക്കൻ സെൽഫി’ എന്ന സിനിമയിൽ ഉമേഷ് എന്ന ഒരു ക്യാരക്ടർ ആണ് ഞാൻ ചെയ്തത്. അതിന്റെ റീൽസ് ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പൊങ്ങി വരുന്നത് ഇപ്പോൾ കാണാം. അതിൽ ഞാൻ ‘അനാവശ്യമായി പ്രോത്സാഹിപ്പിച്ച് പലതവണ കുഴിയിൽ ചാടിച്ചിട്ടുള്ളവനാണ് നീ’ എന്ന് അജു വർഗീസിനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. അത്തരം കൂട്ടുകാരെ നമ്മൾ ഐഡന്റിഫൈ ചെയ്യുക. ഇത് ഞാൻ അജുവിനെതിരെ പറയുന്നതൊന്നുമല്ല കേട്ടോ, ഈ ഒരു കോൺടെക്സ്റ്റ് ആയതുകൊണ്ട് പറഞ്ഞ കാര്യമാണ്.
ഞാൻ ഫോണിൽ സംസാരിക്കുമ്പോഴും സിനിമ ഇറങ്ങുമ്പോഴൂം പ്രൊമോഷൻസ് വരുമ്പോഴൂം എല്ലാം മകൻ എന്നോട് ചോദ്യം ചെയ്യാറുണ്ട്. പല കാര്യങ്ങളും ഇത് എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിച്ചത്?, ഇത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?, ഇത് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചില്ല എന്ന് ചോദ്യം ചെയ്യാറുണ്ട്. എനിക്കിത് ആദ്യം ഭയങ്കര അത്ഭുതമായിട്ട് തോന്നിയെങ്കിലും പുതിയ തലമുറയിൽ ഞാൻ കാണുന്ന ഒരു കാര്യമാണ്, അവർ ചോദ്യം ചെയ്യും. അവർ തെളിവുകൾ ആവശ്യപ്പെടും. അവർ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആവശ്യപ്പെടും.
ചോദ്യം ചെയ്യുന്നിടത്ത് നമുക്ക് ധൈര്യം കിട്ടും. അധികാരവും നിയമവും കൃത്യമായി ഉപയോഗിക്കാൻ അധികാരികളെ നിർബന്ധിതരാക്കുന്ന കാര്യമാണത്. കള്ളത്തരങ്ങൾ ഇല്ലാതാകും.
ഈ പുതിയ തലമുറ മുന്നോട്ടു വെക്കുന്ന ആശയങ്ങൾ, അവർ ആഗ്രഹിക്കുന്ന രീതിയിൽ നിയമവും അധികാരവും മുന്നോട്ടു പോകുന്നത് വളരെ വലിയൊരു തുടക്കമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
ഞാൻ മനസ്സിൽ ഒരുപാട് നാളായിട്ട് ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് ആന്റികറപ്ഷൻ എന്നത്. സിനിമയിലും സമൂഹത്തിലും നമ്മുടെ ചുറ്റുപാടിലും പല രീതിയിൽ നമ്മൾ കാണുന്നുണ്ട്. ധൈര്യത്തോടെ മുന്നോട്ടു പോകുവാൻ നിങ്ങൾക്ക് സാധിക്കണം. അതിനുള്ള ഗവൺമെന്റും പൊലീസും ഇവിടെയുണ്ട്. സത്യസന്ധമായി ധൈര്യത്തോടുകൂടി നിങ്ങൾ കാണുന്ന ഓരോ അഴിമതികളും തുറന്നു കാണിക്കാൻ പറ്റണം. മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കണം. അതിന് നിങ്ങൾ മുന്നിലേക്ക് നിൽക്കണം. അതിനുള്ള എല്ലാ ഉറപ്പും ഈ ഗവൺമെന്റും പൊലീസും എന്നെകൊണ്ടാകുന്ന രീതിയിൽ ഞാനും ചെയ്യും’ -നിവിൻപോളി പറഞ്ഞു.
ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. വി. മുരളീധരൻ എംഎൽഎ, എ.ഡി.ജി.പി മനോജ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

