ആ വരികൾ കുമാരനാശാന്റേതല്ല, ചാറ്റ് ജി.പി.ടി ചതിച്ചതാവാം, അല്ലെങ്കിൽ എഴുതിക്കൊടുത്തയാൾക്ക് പിഴച്ചിരിക്കാം; മോഹൻലാലിന്റെ പ്രസംഗത്തെ കുറിച്ച് നെറ്റിസൺസ്
text_fieldsദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മോഹൻലാൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. പ്രസംഗത്തിലെ കവിതാ ശകലമാണ് വലിയ ചർച്ചയായിരിക്കുന്നത്. വളരെ വൈകാരികമായൊരു പ്രസംഗമാണ് മോഹൻലാൽ പുരസ്കാരം സ്വീകരിച്ച ശേഷം നടത്തിയത്. പ്രസംഗത്തിനിടെ രണ്ടുതവണ മലയാളത്തിൽ സംസാരിക്കുകയും ചെയ്തു. അതിനിടയിലാണ് കുമാരാനാശാന്റെ വീണ പൂവിൽ നിന്നാണെന്ന് പറഞ്ഞ്
'ചിതയിലാഴ്ന്നു പോയതുമല്ലോ, ചിതമനോഹരമായ പൂവിത്' എന്ന വരികൾ ഉദ്ധരിച്ചത്.
എന്നാൽ ഈ വരികൾ വീണപൂവിലേത് അല്ല എന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചകളിലുള്ളത്. മാത്രമല്ല, ആശാന്റെ ഒരു കവിതയിൽ പോലും ഇത്തരമൊരു വരിയില്ലെന്നും അവർ കണ്ടെത്തി. ചങ്ങമ്പുഴയുടേതാണെന്നും ജി. ശങ്കരക്കുറുപ്പിന്റെ പൂമ്പാറ്റ എന്ന കവിതയിലെ ഭാഗമാണിതെന്നും പറയുന്നവരുണ്ട്.
എന്നാൽ അതൊന്നുമല്ല, മോഹൻലാൽ ചാറ്റ് ജി.പി.ടിയുടെ സഹായം തേടിയപ്പോൾ വന്ന പിഴവായിരിക്കുമിതെന്നും ചിലർ ചൂണ്ടിക്കാട്ടി. ചിലപ്പോൾ മോഹൻലാലിന് പ്രസംഗം എഴുതിക്കൊടുത്ത ആൾക്ക് തെറ്റു പറ്റാനും ചാൻസ് ഉണ്ടെന്ന് വിലയിരുത്തുന്നവരും കുറവല്ല. ചർച്ച പുരോഗമിച്ചിട്ടും ഏത് കവിതയിൽ നിന്നുള്ള ഭാഗമാണതെന്ന് കണ്ടെത്താൻ നെറ്റിസൺസിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.
''ഈ പുരസ്കാരം എന്നെ കൂടുതൽ നന്ദിയും ഉത്തരവാദിത്തവുമുള്ളവനാക്കുന്നു. മലയാള സിനിമയിലെ മുൻഗാമികളായ ഇതിഹാസങ്ങളുടെ അനുഗ്രഹമെന്ന നിലയിൽ ഈ അവാർഡിനെ സ്വീകരിക്കുന്നു. ഏറെ ചടുലമായ മലയാളത്തിലെ സിനിമാലോകത്തിന്, നമ്മുടെ കലയെ സ്നേഹവും ഉൾക്കാഴ്ചയും കൊണ്ട് പരിപോഷിപ്പിച്ച കേരളത്തിലെ വിവേകമതികളായ പ്രേക്ഷകർക്ക് സമർപ്പിക്കുന്നു....ചിതയിലാഴ്ന്നു പോയതുമല്ലോ ചിര മനോഹരമായ പൂവിതു' എന്നു കുമാരാനാശാൻ എഴുതി. തിളക്കത്തോടെ വിരിഞ്ഞുനിന്ന് പ്രചോദനം നൽകുന്ന സുഗന്ധം അവശേഷിപ്പിച്ചു കടന്നുപോയ എല്ലാവർക്കുമുള്ള ആദരമാകട്ടെ ഈ നിമിഷം. ഇതു സിനിമയോടുള്ള എന്റെ പ്രതിബദ്ധത വർധിപ്പിക്കുന്നു. പുതിയ ആത്മവിശ്വാസത്തോടും അഭിനിവേശത്തോടും ലക്ഷ്യബോധത്തോടും കൂടി യാത്ര തുടരുമെന്നു ഞാൻ പ്രതിജ്ഞ ചെയ്യുന്നു. സിനിമ എന്റെ ആത്മാവിന്റെ സ്പന്ദനമാണ്," എന്നായിരുന്നു മോഹൻലാൽ പ്രസംഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

