പൃഥ്വിരാജിന് ഇന്ന് 43; നടന്‍റെ ആസ്തി എത്രയെന്നറിയാം...
text_fieldsകഴിഞ്ഞ രണ്ട് പതിറ്റാണ്ട് കൊണ്ട് നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും പൃഥ്വിരാജ് സുകുമാരൻ മലയാള സിനിമയിൽ തന്‍റേതായ സ്ഥാനം നേടിയിട്ടുണ്ട്. ഇന്ന്, താരത്തിന്‍റെ 43-ാം ജന്മദിനമാണ്. 2002ൽ രഞ്ജിത്തിന്റെ നന്ദനം എന്ന് ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന്‍റെ സിനിമ ജീവിതം ആരംഭിച്ചത്. 2019ൽ മോഹൻലാൽ നായകനായ ലൂസിഫറിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായി മാറി.
മലയാള സിനിമയിൽ മാത്രമല്ല, തമിഴിലും ബോളിവുഡിലുമൊക്കെ പൃഥ്വിരാജ് തന്‍റെ സാന്നിധ്യം അറിയിച്ചു. വൈവിധ്യമാർന്ന കരിയറും ഹിറ്റ് സിനിമകളും വിവധ വിഷയങ്ങളിലെ നിലപാടും അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാക്കി മാറ്റി.
2024 സെപ്റ്റംബറിലെ റിപ്പോർട്ട് അനുസരിച്ച്, പൃഥ്വിരാജ് സുകുമാരന്റെ മൊത്തം ആസ്തി ഏകദേശം 54 കോടി രൂപയാണ്. 2024ൽ മാത്രം, തന്‍റെ രണ്ട് ചിത്രങ്ങളിൽ നിന്ന് അദ്ദേഹം ഏകദേശം 250 കോടി രൂപ സമ്പാദിച്ചു. ആടുജീവിതം ബോക്സ് ഓഫിസിൽ 160 കോടി രൂപയും ഗുരുവായൂർ അമ്പല നടയിൽ 90 കോടി രൂപയും നേടി. പൃഥ്വിരാജ് ഒരു സിനിമക്ക് നാല് കോടി മുതൽ 10 കോടി രൂപ വരെ ഫീസ് വാങ്ങുന്നുണ്ടെന്നും, മലയാള സിനിമ വ്യവസായത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരിൽ ഒരാളായി അദ്ദേഹം മാറിയെന്നും ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
കൊച്ചിയിൽ ഒരു ആഡംബര ബംഗ്ലാവ് ഉണ്ട് പൃഥ്വിരാജിന്. മുംബൈയിലെ ബാന്ദ്രയിലെ പാലി ഹില്ലിൽ ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന ഒരു വസതിയും അദ്ദേഹത്തിന് സ്വന്തമാണ്. കൂടാതെ തന്റെ നിർമാണ കമ്പനിക്കായി മുംബൈയിൽ 30 കോടി വിലയിൽ സ്ഥലം വാങ്ങിയതായും റിപ്പോർട്ടുണ്ട്.
വാഹനങ്ങളോടും താരത്തിന് പ്രത്യേക ഇഷ്ടമുണ്ട്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, പൃഥ്വിരാജിന്റെ ശ്രദ്ധേയമായ കാർ ശേഖരത്തിൽ ലംബോർഗിനി ഉറുസ്, '0001' നമ്പർ പ്ലേറ്റുള്ള മെഴ്‌സിഡസ്-എഎംജി ജി 63, റേഞ്ച് റോവർ വോഗ്, ലാൻഡ് റോവർ ഡിഫൻഡർ 110, കോടിക്കണക്കിന് വിലമതിക്കുന്ന പോർഷെ കയെൻ എന്നിവ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

