‘എന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്, എന്നാൽ...’; തന്റെ തലമുറയിലെ നടന്മാർക്ക് അഹങ്കാരം കൂടുതലാണെന്ന് ബോളിവുഡ് താരം നീന ഗുപ്ത
text_fieldsനീന ഗുപ്ത
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട താരം നീന ഗുപ്ത തന്റെ അഭിനയജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും സഹനടന്മാരെക്കുറിച്ചും തുറന്നുപറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. എൺപതുകളുടെ തുടക്കത്തിൽ 'ഗാന്ധി, മണ്ടി' തുടങ്ങിയ ചിത്രങ്ങളിലൂടെ കരിയർ ആരംഭിച്ച നീന, പിന്നീട് സമാന്തര സിനിമകളിലൂടെയും മുഖ്യധാരാ സിനിമകളിലൂടെയും, ഒപ്പം 'പഞ്ചായത്ത്', 'മസബ മസബ' തുടങ്ങിയ ജനപ്രിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധ നേടി.
തന്റെ പുതിയ വെബ് സീരീസായ 'ചുംബക്' എന്ന ഷോയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം കരിയറിലെ ചില തുറന്നുപറച്ചിലുകൾ നടത്തിയത്. അഞ്ച് തലമുറകളിലധികം വരുന്ന അഭിനേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള നീന ഗുപ്തയോട്, ഇതിൽ ഏത് തലമുറയിലെ ആളുകളുടെ കൂടെ ജോലി ചെയ്യാനാണ് ഏറ്റവും ബുദ്ധിമുട്ട് എന്ന് ചോദിച്ചപ്പോൾ നീനയുടെ മറുപടി പെട്ടെന്നായിരുന്നു.
‘എന്റെ സ്വന്തം തലമുറയിലെ നടന്മാർ. പുതിയ തലമുറയിലെ യുവതാരങ്ങൾക്കൊപ്പം ജോലി ചെയ്യാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും, അവരോടൊപ്പം നിൽക്കുമ്പോൾ താൻ അവരേക്കാൾ വളരെ മുതിർന്ന ആളാണെന്ന് തോന്നാറില്ലെന്നും നീന വ്യക്തമാക്കി. എന്നാൽ സ്വന്തം തലമുറയിലെ അഭിനേതാക്കൾക്കൊപ്പമുള്ള ജോലി വലിയൊരു ബുദ്ധിമുട്ടായി തോന്നാറുണ്ടെന്നും അവർ തുറന്നുപറഞ്ഞു.
തന്റെ തലമുറയിലെ അഭിനേതാക്കളിൽ അഹങ്കാരവും അരക്ഷിതാവസ്ഥയും വളരെ കൂടുതലാണെന്ന് നീന ഗുപ്ത പറയുന്നു. ഷൂട്ടിങ്ങിനിടയിൽ തനിക്ക് നേരിടേണ്ടിവന്ന ഒരു അനുഭവം പങ്കുവെച്ചുകൊണ്ട് അവർ പറഞ്ഞു. ഫ്രെയിമിൽ താൻ കാണുന്നില്ലെന്ന് കരുതി ഒരു സഹനടൻ പിന്നിൽ നിന്ന് തന്നെ പിടിച്ച് വലിച്ച് സ്വന്തം സ്ഥാനം പിടിച്ചെടുത്ത അനുഭവം അവർ ഓർത്തെടുത്തു. ചെറിയ കാര്യങ്ങൾക്ക് പോലും വേഗത്തിൽ വിഷമം തോന്നുന്നവരും, എല്ലാറ്റിനെയും വ്യക്തിപരമായി കാണുന്നവരുമാണ് അവർ. എന്നാൽ പുതിയ തലമുറയിലെ സഹതാരങ്ങളോട് തനിക്ക് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അവർ അതിൽ പിണങ്ങാറില്ലെന്നും നീന കൂട്ടിച്ചേർത്തു.
നീന ഗുപ്ത പ്രധാന വേഷത്തിൽ എത്തുന്ന 'ചുംബക്' എന്ന പുതിയ ഷോയിൽ അവർക്കൊപ്പം ഇരുപതിലധികം വയസ്സ് കുറവുള്ള ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ദേവൻ ഭോജാനി, സന്ദീപ ധർ, സുമീത് വ്യാസ്, മനസി ജോഷി, അമെയ്റ ദസ്തൂർ, സുമീത് രാഘവൻ, ഹെല്ലി ഷാ, അർജുൻ ബിജ്ലാനി, ദൽനാസ് ഇറാനി തുടങ്ങിയവരാണ് ഇതിലെ പ്രധാന താരങ്ങൾ. ആതിഷ് കപാഡിയ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ജെ.ഡി മജേഥിയ ആണ് നിർമിച്ചിരിക്കുന്നത്. സെപ്റ്റംബർ 11 മുതൽ നെറ്റ്ഫ്ലിക്സിൽ ഈ സീരീസ് സ്ട്രീമിങ് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

