ധനുഷിനെതിരായ വിമർശനം ഡോക്യുമെന്‍ററിയുടെ പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നോ? -തുറന്ന് പറഞ്ഞ് നയൻതാര
text_fieldsചെന്നൈ: തന്‍റെ വിവാഹത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്‍ററിക്കും അതുമായി ബന്ധപ്പെട്ട് നടൻ ധനുഷിനെതിരായ വിമർശനത്തിനും ഒടുവിൽ എല്ലാം തുറന്ന് പറഞ്ഞ് നയൻതാരയുടെ അഭിമുഖം. ധനുഷ് ഒരു നല്ല സുഹൃത്തായിരുന്നെന്നും കഴിഞ്ഞ 10 വര്‍ഷത്തില്‍ കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് അറിയില്ലെന്നും ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ നടി പറയുന്നു.
ഡോക്യുമെന്‍ററി റിലീസിന് തൊട്ടുമുമ്പുണ്ടായ വിവാദം, പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നാണ് അന്ന് ധനുഷ് ആരാധകരടക്കം വിമർശിച്ചിരുന്നത്. എന്നാൽ, പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായക്ക് കരിവാരിത്തേക്കുന്ന ആളല്ല താൻ -എന്നാണ് നയൻതാര ഈ കുറ്റപ്പെടുത്തലിന് ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. ഡോക്യുമെന്‍ററി ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് അത്തരമൊരു കുറിപ്പ് ഇറക്കണമെന്ന് ഉദ്ദേശിച്ചിരുന്നതല്ല. ആ ടൈമിങ് യാദൃശ്ചികമായി സംഭവിച്ചതാണ്. വക്കീല്‍ നോട്ടീസ് ലഭിച്ച് രണ്ട് മൂന്ന് ദിവസം അത് മനസിലാക്കാന്‍ ഞങ്ങള്‍ക്ക് വേണ്ടിവന്നു. പ്രതികരണം വേണമോ വേണ്ടയോ എന്ന് ആലോചിച്ചു. ശരിയെന്ന് എനിക്ക് തോന്നുന്ന ഒരു കാര്യത്തില്‍ പ്രതികരിക്കാന്‍ എന്തിനാണ് ഞാന്‍ ഭയക്കുന്നത് എന്ന് ചിന്തിച്ചു -നടി പറഞ്ഞു.
പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായക്ക് കരി വാരിത്തേക്കുന്ന ആളല്ല ഞാന്‍. ഡോക്യുമെന്‍ററിക്കുള്ള പി.ആര്‍ ആയിരുന്നു ഞങ്ങളുടെ കുറിപ്പെന്ന് പലരും കുറ്റപ്പെടുത്തി. അതല്ല ശരി. അത് ഒരിക്കലും ഞങ്ങളുടെ മനസിലൂടെ പോയിട്ടില്ല.
കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ധനുഷിനെ ബന്ധപ്പെടാന്‍ ആത്മാര്‍ഥമായി ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മാനേജറെ വിഘ്നേഷ് പല തവണ വിളിച്ചു. സുഹൃത്തുക്കള്‍ വഴിയും ബന്ധപ്പെടാൻ ശ്രമിച്ചു. ഫലമുണ്ടായില്ല.
ധനുഷ് ഒരു നല്ല സുഹൃത്തായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് അറിയില്ല. ഒടുവിൽ ധനുഷിന്‍റെ മാനേജരെ ഞാന്‍ വിളിച്ചു. ധനുഷുമായി കോള്‍ കണക്റ്റ് ചെയ്യാനാണ് ആവശ്യപ്പെട്ടത്. പ്രശ്നം എന്താണെന്നും ഞങ്ങളോട് എന്താണ് ഇത്ര ദേഷ്യമെന്നും മനസിലാക്കണമെന്നുണ്ടായിരുന്നു. പക്ഷേ ആ ഫോണ്‍ കോളും യാഥാര്‍ഥ്യമായില്ല -നടി വ്യക്തമാക്കി.
തമിഴ് യൂട്യൂബ് ചാനലായ വലൈപ്പേച്ചിനെതിരെ രൂക്ഷ വിമർശനവും നയൻതാര ഉന്നയിച്ചു. തമിഴില്‍ ഒരു വലിയ യൂട്യൂബ് ചാനലുണ്ട്. മൂന്ന് പേര്‍ ഇരുന്ന് വായില്‍ തോന്നുന്ന കാര്യങ്ങള്‍ വിളിച്ചുപറയുന്നതാണ് അവരുടെ കണ്ടന്റ്. 50 എപ്പിസോഡ് പുറത്തുവന്നാല്‍ അതില്‍ 45 എണ്ണവും എന്നെ ചുറ്റിപ്പറ്റിയായിരിക്കും. ധനുഷും ഞാനും തമ്മിലുള്ള വിവാദമുണ്ടായ സമയത്ത് അവര്‍ അവരുടെ ഇഷ്ടത്തിന് ഓരോ കഥകളുണ്ടാക്കി പറയുകയായിരുന്നു. സത്യം പറഞ്ഞാല്‍ അതൊന്നും എന്നെ ബാധിച്ചിട്ടേയില്ല. ആ മൂന്ന് പേരെ കാണുമ്പോള്‍ നമ്മള്‍ പണ്ട് കേട്ട് വളര്‍ന്ന മൂന്ന് കുരങ്ങന്മാരെയാണ് ഓര്‍മ വരിക. മോശമായ കാര്യങ്ങള്‍ കാണില്ല, കേള്‍ക്കില്ല, മിണ്ടില്ല എന്നാണ് ആ കുരങ്ങന്മാരുടെ കാര്യമെങ്കില്‍ അതിന്റെ ഓപ്പോസിറ്റാണ് ഇവര്‍ മൂന്നും. മോശം കാര്യങ്ങള്‍ മാത്രമേ ഇവര്‍ കാണുള്ളൂ, പറയുള്ളൂ, കേള്‍ക്കുള്ളൂ... -നയൻതാര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

