'കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട സമയം വരെ ത്യജിച്ചു'; ടോക്സിക് സിനിമക്ക് വേണ്ടി യാഷ് നടത്തിയ നാലര വർഷത്തെ കഠിനാധ്വാനത്തെക്കുറിച്ച് നയൻതാര
text_fieldsകന്നഡ സൂപ്പർതാരം യാഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ടോക്സിക്' സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. അടുത്തിടെ ബെംഗളൂരുവിൽ നടന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ നടി നയൻതാരയും പങ്കെടുത്തിരുന്നു. സാധാരണയായി തന്റെ സിനിമകളുടെ പ്രൊമോഷനുകളിൽ നിന്ന് പോലും വിട്ടുനിൽക്കാറുള്ള നയൻതാര ഈ ചടങ്ങിനെത്തിയതിന് പിന്നിലെ കാരണങ്ങളും സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും താരം വേദിയിൽ തുറന്നുപറഞ്ഞു. സംവിധായിക ഗീതു മോഹൻദാസ്, യാഷ് എന്നിവർക്കൊപ്പമുള്ള തന്റെ അനുഭവങ്ങളും നയൻതാര വേദിയിൽ പങ്കുവെച്ചു.
'ടോക്സിക്' എന്ന ചിത്രത്തിനായി യാഷ് എടുത്ത വലിയ കഠിനാധ്വാനത്തെക്കുറിച്ചാണ് നയൻതാര പ്രധാനമായും സംസാരിച്ചത്. കഴിഞ്ഞ നാലര വർഷമായി ഈ ഒരു സിനിമക്ക് വേണ്ടി മാത്രമാണ് അദ്ദേഹം തന്റെ സമയവും ഊർജ്ജവും മാറ്റിവെച്ചതെന്ന് നയൻതാര വെളിപ്പെടുത്തി. കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട സമയം പോലും വേണ്ടെന്നുവെച്ചാണ് യഷ് ഈ സിനിമക്ക് വേണ്ടി പ്രയത്നിച്ചതെന്നും അദ്ദേഹത്തിന്റെ ആ സമർപ്പണം വളരെ വലുതാണെന്നും നയൻതാര വ്യക്തമാക്കി. ഒപ്പം ചിത്രത്തിലെ മറ്റ് താരങ്ങളായ കിയാര അദ്വാനി, രുക്മിണി വസന്ത് എന്നിവരെയും അവർ പ്രശംസിച്ചു.
താൻ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാത്തതിന്റെ കാരണവും നയൻതാര വേദിയിൽ വ്യക്തമാക്കി. 'എനിക്ക് പ്രൊമോഷനുകളിൽ പങ്കെടുക്കാൻ താല്പര്യമില്ലാത്തത് കൊണ്ടല്ല, മറിച്ച് അത്തരം വേദികളിൽ സംസാരിക്കാൻ എനിക്ക് അത്ര കഴിവില്ലാത്തതുകൊണ്ടാണ് ഞാൻ എപ്പോഴും മാറിനിൽക്കുന്നത്. എന്നാൽ ഈ ചടങ്ങ് എനിക്ക് വളരെ സ്പെഷ്യൽ ആണ്. യാഷ് എന്നെ ഫോണിൽ വിളിച്ചപ്പോൾ തന്നെ ഞാൻ വരാമെന്ന് സമ്മതിക്കുകയായിരുന്നു,' നയൻതാര പറഞ്ഞു. ഗീതു മോഹൻദാസിന്റെ സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ പൂർണമായും വിശ്വസിച്ച നിർമാതാവിന് നന്ദി പറഞ്ഞ താരം, താൻ ജോലി ചെയ്തതിൽ വെച്ച് ഏറ്റവും മികച്ച നിർമാതാക്കളിൽ ഒരാളാണ് അദ്ദേഹമെന്നും കൂട്ടിച്ചേർത്തു.
ചടങ്ങിൽ വെച്ച് യാഷും ഈ സിനിമയെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. വളരെ വെല്ലുവിളികൾ നിറഞ്ഞ ഒരു പ്രൊജക്റ്റ് ആയിരുന്നു ഇതെന്നും തന്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുവന്നാണ് ഈ സിനിമ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തനിക്ക് എപ്പോഴും പൂർണ പിന്തുണ നൽകുന്ന ഭാര്യ രാധിക പണ്ഡിറ്റിനോടുള്ള കടപ്പാടും യാഷ് അറിയിച്ചു. 'ടോക്സിക് ഒരിക്കലും വെറുമൊരു യഷ് ചിത്രമല്ല, മറിച്ച് ഇതൊരു ഇന്ത്യൻ സിനിമയാണ്. ഭാഷാ വ്യത്യാസങ്ങളില്ലാതെ തങ്ങളുടെ ഈഗോകളും മറ്റും മാറ്റിവെച്ച് എല്ലാ താരങ്ങളും ഈ സിനിമയെ ആഗോള തലത്തിൽ എത്തിക്കാൻ ഒന്നിച്ചിരിക്കുകയാണ്,' യാഷ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

