തൃഷക്ക് പിന്നാലെ നയൻതാരയുടെ വീടിനും ബോംബ് ഭീഷണി
text_fieldsസിനിമ താരങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കും തുടർച്ചയായി ബോംബ് ഭീഷണികൾ വരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞയാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടി തൃഷ, നടി സ്വർണ മല്യ എന്നിവരുടെ വീടുകൾക്ക് ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു. ഇമെയിലുകൾ വഴി ലഭിച്ച ഭീഷണി സന്ദേശങ്ങൾ പൊലീസ് പരിശോധനയിൽ വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ചെന്നൈയിലെ ഡി.ജി.പി ഓഫിസിലേക്ക് ഇന്നലെ വീണ്ടും ഒരു ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചു. നടി നയൻതാരയുടെ ആൽവാർപേട്ടിലെ വീനസ് കോളനിയിലെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തെയ്‌നാംപേട്ട് പൊലീസ്, സ്‌നിഫർ നായ്ക്കളുടെ സഹായത്തോടെ താരത്തിന്‍റെ വീട്ടിൽ എത്തി തിരച്ചിൽ നടത്തി.
തിരച്ചിലിന്റെ അവസാനം ഇതും വ്യാജ ഭീഷണിയാണെന്ന് തെളിഞ്ഞു. ഇമെയിൽ അയച്ച വ്യക്തിയെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. നയൻതാര ഷൂട്ടിങ്ങിനായി സംസ്ഥാനത്തിന് പുറത്തേക്ക് പോയതിനാൽ, വീനസ് കോളനിയിലെ അവരുടെ ആഡംബര വീട് നിലവിൽ പൂട്ടിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തൃഷയുടെ വീട് ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു തമിഴ്‌നാട് ഡയറക്ടർ ജനറലിന് ലഭിച്ച സന്ദേശത്തിൽ പറഞ്ഞത്. അടുത്തിടെയായി ഇത്തരം ഭീഷണികളിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടൻ വിജയ്യുടെ വീടിന് നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു.
അതേസമയം, നയൻതാര ഇപ്പോൾ 'മൂക്കുത്തി അമ്മൻ 2' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്. സുന്ദർ സി. സംവിധാനം ചെയ്യുന്ന ചിത്രം 100 കോടി രൂപയുടെ ബജറ്റിലാണ് നിർമിക്കുന്നത്. യാഷിന്റെ വരാനിരിക്കുന്ന പാൻ-ഇന്ത്യ ചിത്രമായ 'ടോക്സിക്' എന്ന ചിത്രത്തിലും നയൻതാര ഒരു പ്രധാന വേഷം ചെയ്യുന്നു. ഇതിനുപുറമെ, ചിരഞ്ജീവിക്കൊപ്പം 'മന ശങ്കര വര പ്രസാദ് ഗരു' എന്ന തെലുങ്ക് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

