‘അന്ന് ആടുജീവിതത്തെ പുകഴ്ത്തി പറഞ്ഞു, ഇന്ന് ചെയര്‍മാനായപ്പോള്‍ മാറ്റിപ്പറഞ്ഞു’ -ബ്ലെസി
text_fieldsദേശീയ പുരസ്കാരത്തിൽ ആടുജീവിതം ഒഴിവാക്കിയതിൽ പ്രതികരിച്ച് സംവിധായകൻ ബ്ലെസി. സാങ്കേതികമായ പിഴവുകൾ കാരണമാണ് ചിത്രത്തിന് അവാർഡ് ലഭിക്കാതിരുന്നത് എന്ന് പറഞ്ഞ ജൂറി ചെയർമാൻ അശുതോഷ് ഗോവാരിക്കർ മുമ്പ് ആടുജീവിതത്തെ കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞിരുന്നു എന്നും ബ്ലെസി കൂട്ടിച്ചേർത്തു.
‘ലോറൻസ് ഓഫ് അറേബ്യ’ക്ക് ശേഷം ഇത്രയധികം മനോഹരമായി മരുഭൂമി ഷൂട്ട് ചെയ്തിട്ടുള്ള സിനിമ കണ്ടിട്ടില്ലെന്നാണ് ഒരിക്കൽ അശുതോഷ് ഗോവാരിക്കർ പറഞ്ഞത്. അന്ന് അങ്ങനെ പറഞ്ഞ ആൾ ഇന്ന് പുരസ്‌കാരത്തിന് പരിഗണിക്കാതിരിക്കാനുള്ള കാരണമായി പറയുന്നത് സിനിമയുടെ സാങ്കേതിക പിഴവാണ്. ഒരുപക്ഷേ ചിത്രം വീണ്ടും കണ്ടപ്പോൾ അദ്ദേഹത്തിന് ഇഷ്ടപെട്ടിട്ടുണ്ടാകില്ലെന്ന് ബ്ലെസി പറയുന്നു. സിനിമാ കോൺക്ലേവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സിനിമ ചെയ്യുകയും നല്ല പ്രതികരണങ്ങൾ സംസ്ഥാന തലത്തിൽ കിട്ടുന്ന ഒരു സിനിമ ദേശീയ അവാർഡിന് അയക്കുന്നത് പ്രതീക്ഷയോടുകൂടിയാണ്. എല്ലാ കാറ്റഗറിയിലും പ്രതീക്ഷയുണ്ടായിരുന്നു. മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം കണ്ടു. ഒരു മന്ത്രി ആ രീതിയിൽ പ്രതികരിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിനെ പോലെതന്നെ സമൂഹത്തിൽ നിന്ന് വളരെ വ്യത്യസ്തരായ പല ആളുകളും പ്രതികരിക്കുന്നുണ്ട്. ഈ വിഷയത്തെ സംബന്ധിച്ചിടത്തോളം ഇത് സിനിമയുടെയോ എന്റെയോ മാത്രം വിഷയമായിട്ടല്ല തോന്നുന്നത്. അതുകൊണ്ടുതന്നെ എന്‍റെ സിനിമക്ക് അവാർഡ് കിട്ടാത്തതിൽ ഒരു പരാതിയും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിന്റെ പിന്നിലെ കാര്യകാരണങ്ങളൊക്കെ സമൂഹം സംസാരിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ബ്ലെസി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

