അവാർഡുകൾ ഉപയോഗിക്കുന്നത് ബാത്ത്റൂം ഹാൻഡിലുകളായി, ആരുപോയാലും രണ്ട് അവാർഡുമായി പോരാം... -നസീറുദ്ദീൻ ഷാ
text_fieldsമുംബൈ: സിനിമകളെക്കുറിച്ചും സിനിമാ ഇൻഡസ്ട്രിയെക്കുറിച്ചും വെട്ടിത്തുറന്ന് അഭിപ്രായം പറയാറുണ്ട് പ്രശസ്ത നടൻ നസീറുദ്ദീൻ ഷാ. വിമർശിക്കാനും പരിഹസിക്കാനും അദ്ദേഹം മടിക്കാറുമില്ല. പല നടീ നടന്മാരും പുരസ്കാരങ്ങൾക്ക് പിന്നാലെ പോകുമ്പോൾ, അടുത്തിടെ ‘ലാലന്‍റോപ്പി’ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിനയ രംഗത്തെ മത്സര അവാർഡുകളുടെ നിരർത്ഥകതയെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തനിക്ക് ലഭിച്ച ഫിലിംഫെയർ അവാർഡുകളിൽ ചിലത് ഫാം ഹൗസിലെ ബാത്ത്റൂമിൽ ഹാൻഡിലുകളായി ഉപയോഗിക്കുന്നു എന്ന കടുത്ത പരാമർശമാണ് അദ്ദേഹം നടത്തിയത്. ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സ്വന്തം ജീവിതവും പരിശ്രമവും ചെലവഴിച്ച ഏതൊരു നടനും നല്ല നടനാണ്. നിങ്ങൾ ഒരു വ്യക്തിയെ തിരഞ്ഞെടുത്ത് ഇതാണ് ഈ വർഷത്തെ ഏറ്റവും മികച്ച നടൻ എന്ന് പറഞ്ഞാൽ അത് എത്രത്തോളം ന്യായമാകും? -അദ്ദേഹം ചോദിക്കുന്നു. താനിപ്പോൾ അവാര്‍ഡ് ദാന ചടങ്ങുകളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയെന്നും അവസാനത്തെ രണ്ട് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ വാങ്ങിയില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ആ അവാർഡുകളിൽ ഞാൻ അഭിമാനിക്കുന്നില്ല. അതുകൊണ്ട്, ഒരു ഫാംഹൗസ് പണിതപ്പോൾ ഈ അവാർഡുകളെല്ലാം അവിടെ വയ്ക്കാൻ ഞാൻ തീരുമാനിച്ചു. വാഷ്‌റൂമിൽ പോകുന്ന ഏതൊരാൾക്കും രണ്ട് അവാർഡുകൾ വീതം ലഭിക്കും, കാരണം ബാത്ത്റൂമിലെ ഹാൻഡിലുകളെല്ലാം ഫിലിംഫെയർ അവാർഡുകളുടെ പേരിലാണ്. ഈ ട്രോഫികളിൽ എനിക്ക് ഒരു മൂല്യവും തോന്നുന്നില്ല. ആദ്യം ട്രോഫികൾ ലഭിച്ചപ്പോൾ ഞാൻ സന്തോഷിച്ചു. പക്ഷേ, പിന്നീട് എനിക്ക് ചുറ്റും ട്രോഫികൾ കുന്നുകൂടാൻ തുടങ്ങി. പിന്നീട് ഈ അവാർഡുകൾ ലോബിയിങ്ങിന്റെ ഫലമാണെന്ന് ഞാൻ മനസ്സിലാക്കി. ഒരാൾക്ക് ഈ അവാർഡുകൾ ലഭിക്കുന്നത് അവരുടെ യോഗ്യത കൊണ്ടായിരിക്കണമെന്നില്ല. അതിനാൽ ഞാൻ അവ ഉപേക്ഷിക്കാൻ തുടങ്ങി -ഷാ പറഞ്ഞു.
എന്നാൽ പത്മശ്രീ, പത്മഭൂഷൺ തുടങ്ങിയ സിവിലിയൻ ബഹുമതികൾ താൻ സ്വീകരിച്ചത് ഏറെ സന്തോഷത്തോടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പത്മശ്രീയും പത്മഭൂഷണും ലഭിച്ചപ്പോൾ, എന്റെ കരിയറിനെക്കുറിച്ച് എപ്പോഴും ആശങ്കാകുലനായിരുന്ന മരിച്ചുപോയ പിതാവിനെ ഞാൻ ഓർത്തു. ആ ബഹുമതികൾ വാങ്ങാൻ രാഷ്ട്രപതി ഭവനിൽ പോയപ്പോൾ, ഞാൻ മുകളിലേക്ക് നോക്കി പിതാവിനോട് ചോദിച്ചു, ഇതെല്ലാം കാണുന്നുണ്ടോ എന്ന്. ആ നിമിഷത്തിൽ അദ്ദേഹം ഏറെ സന്തോഷിച്ചിട്ടുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട് -ഷാ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

