Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘എന്‍റെ ജോലി ഇതുവരെ...

‘എന്‍റെ ജോലി ഇതുവരെ തീർന്നിട്ടില്ല’; ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരങ്ങൾ നിരസിച്ചതിനെ കുറിച്ച് നസീറുദ്ദീൻ ഷാ

text_fields
bookmark_border
‘എന്‍റെ ജോലി ഇതുവരെ തീർന്നിട്ടില്ല’; ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരങ്ങൾ നിരസിച്ചതിനെ കുറിച്ച് നസീറുദ്ദീൻ ഷാ
cancel

തനിക്ക് ലഭിച്ച ഒന്നിലധികം ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരങ്ങൾ നിരസിച്ചതായി വെളിപ്പെടുത്തി മുതിർന്ന ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ. തൻ്റെ അഭിനയ ജീവിതത്തിലെ ലക്ഷ്യങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇംതിയാസ് അലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മേം വാപസ് ആവൂംഗ' എന്ന പുതിയ ചിത്രത്തിൻ്റെ വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഈ എഴുപത്താറുകാരൻ. നിരൂപക പ്രശംസയും വാണിജ്യ വിജയവും ഒരുപോലെ നേടിയ 'മേം വാപസ് ആവൂംഗ'യിലെ പ്രകടനത്തിനും, 'മെയ്ഡ് ഇൻ ഇന്ത്യ' എന്ന ചിത്രത്തിൽ വ്യവസായ പ്രമുഖൻ ജെ.ആർ.ഡി ടാറ്റയായി വേഷമിട്ടതിനും വലിയ അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വിജയങ്ങളുടെ തിളക്കത്തിൽ നിൽക്കുമ്പോഴും അഭിനയരംഗത്ത് നിന്ന് ഉടൻ വിട്ടുനിൽക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു.

'മേം വാപസ് ആവൂംഗ' തിയറ്ററുകളിൽ 50 ദിവസം പിന്നിട്ടതിൻ്റെ പശ്ചാത്തലത്തിൽ മുംബൈയിൽ സംഘടിപ്പിച്ച സക്സസ് പാർട്ടിയിലായിരുന്നു ഷായുടെ തുറന്നുപറച്ചിൽ. ഇന്നത്തെ കാലത്ത് ഒരു സിനിമ 50 ദിവസം തിയറ്ററുകളിൽ ഓടുക എന്നത് വലിയൊരു നേട്ടമായാണ് സിനിമാലോകം കാണുന്നത്.

‘അടുത്തിടെ എനിക്ക് നിരവധി ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡുകൾ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഞാൻ അതെല്ലാം നിരസിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡുകൾ നൽകുന്നത് നിങ്ങളുടെ ജോലി കഴിഞ്ഞു എന്ന് പറയാനുള്ള ഒരു വഴിയായാണ് ഞാൻ കാണുന്നത്. ഈ പുരസ്‌കാരവും വാങ്ങി മടങ്ങാൻ എനിക്ക് യാതൊരു ഉദ്ദേശ്യവുമില്ല. അതുകൊണ്ടാണ് ഞാൻ ആ അവാർഡുകൾ സ്വീകരിക്കാത്തത്. എൻ്റെ ജോലി ഇതുവരെ തീർന്നിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല’ നസിറുദ്ദീൻ ഷാ പറഞ്ഞു.

ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്കും അദ്ദേഹം നന്ദി അറിയിച്ചു. ‘ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യവാനാണ്, അതിൽ ഞാൻ വളരെയധികം അഭിമാനിക്കുകയും ചെയ്യുന്നു. നിങ്ങൾ നൽകിയ വലിയ പിന്തുണക്ക് എല്ലാവർക്കും നന്ദി’ അദ്ദേഹം കൂട്ടിച്ചേർത്തു.

വർഷങ്ങൾക്ക് ശേഷം ബോളിവുഡ് സംവിധായകൻ ഇംതിയാസ് അലിക്ക് ലഭിക്കുന്ന വലിയൊരു ബോക്സ് ഓഫീസ് ഹിറ്റാണ് ഈ പീരിയഡ് ഡ്രാമ. ബിർള സ്റ്റുഡിയോസും അപ്‌ലോസ് എൻ്റർടെയ്ൻമെൻ്റും വിൻഡോ സീറ്റ് ഫിലിംസിലെ മോഹിത് ചൗധരിയും ഷിബാഷിഷ് സർക്കാരും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇന്ത്യാ-പാക് വിഭജനത്തിൻ്റെയും വ്യക്തിപരമായ ചരിത്രങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ കഥ ഒരുക്കിയിരിക്കുന്നത്.

നസിറുദ്ദീൻ ഷാ അവതരിപ്പിക്കുന്ന 95 കാരനായ ഇഷാർ സിങ് ഗ്രെവാൾ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഇന്നത്തെ പാകിസ്താനിലുള്ള സർഗോധയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന് സ്ട്രോക്ക് ഉണ്ടാകുന്നു. വിഭജനത്തിന് മുമ്പുള്ള അദ്ദേഹത്തിൻ്റെ ഓർമകൾ വീണ്ടും ഉണരുമ്പോൾ, വർഷങ്ങളായി കുഴിച്ചുമൂടപ്പെട്ട കുടുംബ രഹസ്യങ്ങൾ അന്വേഷിച്ച് കൊച്ചുമകനായ നിർവൈർ (ദിൽജിത് ദോസാൻഝ്) ഇംഗ്ലണ്ടിൽ നിന്ന് തിരിച്ചെത്തുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naseeruddin shahImtiaz AliLifetime Achievement Awardcelebrity newsBollywood
News Summary - നസറുദ്ദീൻ ഷാ ലൈഫ് ടൈം അവാർഡുകൾ നിരസിച്ചു
Next Story