Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എന്റെ സിനിമകളെ പാൻ-ഇന്ത്യ എന്ന് വിളിക്കരുത്'; ബോളിവുഡിന് ഇല്ലാത്ത ലേബൽ ദക്ഷിണേന്ത്യൻ സിനിമക്ക് എന്തിനെന്ന് നാനി

text_fields
bookmark_border
എന്റെ സിനിമകളെ പാൻ-ഇന്ത്യ എന്ന് വിളിക്കരുത്; ബോളിവുഡിന് ഇല്ലാത്ത ലേബൽ ദക്ഷിണേന്ത്യൻ സിനിമക്ക് എന്തിനെന്ന് നാനി
cancel
camera_alt

നാനി 

ഹൈദരാബാദ്: ദക്ഷിണേന്ത്യൻ സിനിമകൾക്ക് 'പാൻ-ഇന്ത്യ' ടാഗ് നൽകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ തെലുങ്ക് താരം നാനി. ഹിന്ദി സിനിമകൾക്ക് ഈ വിശേഷണം നൽകാതെ, ദക്ഷിണേന്ത്യൻ ചിത്രങ്ങൾക്ക് മാത്രം ഈ പദം ഉപയോഗിക്കുന്നത് എന്തിനാണെന്ന് താരം ചോദിച്ചു. തന്റെ പുതിയ ചിത്രമായ 'ദ പാരഡൈസി'ന്റെ പ്രീ-റിലീസ് ചടങ്ങിനിടയിലാണ് നാനി ഇക്കാര്യം വ്യക്തമാക്കിയത്.

ജവാൻ, പഠാൻ തുടങ്ങിയ വലിയ ഹിന്ദി ചിത്രങ്ങൾ തമിഴിലും തെലുങ്കിലും വൻ വിജയം നേടാറുണ്ട്. എന്നാൽ അത്തരം ചിത്രങ്ങളെ ആരും 'പാൻ-ഇന്ത്യ' സിനിമകളെന്ന് വിളിക്കാറില്ല. പകരം അതൊരു ഹിന്ദി ചിത്രമായി മാത്രമാണ് അറിയപ്പെടുന്നത്. എന്നാൽ ഒരു തെലുങ്ക് ചിത്രം രാജ്യവ്യാപകമായി വിജയിക്കുമ്പോൾ മാത്രം അതിനെ 'പാൻ-ഇന്ത്യൻ' എന്ന് വിളിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും, ദക്ഷിണേന്ത്യൻ സിനിമകളെ മാത്രം ഒരു പ്രത്യേക കൂട്ടിൽ അടച്ചുനിർത്താനാണ് ഈ പദം ഉപയോഗിക്കുന്നതെന്നും നാനി പറഞ്ഞു.

'എന്റെ സിനിമകളെ പാൻ-ഇന്ത്യൻ എന്ന് വിളിക്കരുത് എന്നാണ് എന്റെ അഭ്യർത്ഥന. കാരണം എനിക്ക് ആ പദം ഒട്ടും തൃപ്തികരമായി തോന്നുന്നില്ല. തമിഴ്, ഹിന്ദി, മലയാളം, കന്നഡ പ്രേക്ഷകരിലേക്ക് എന്റെ ചിത്രങ്ങൾ എത്തിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്, എന്നാൽ അതിന് ഇത്തരം ടാഗുകൾ നൽകേണ്ട ആവശ്യമില്ല'- നാനി വ്യക്തമാക്കി.

ബാഹുബലി, കെ.ജി.എഫ്, പുഷ്പ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് ശേഷമാണ് ഇന്ത്യൻ സിനിമാമേഖലയിൽ 'പാൻ-ഇന്ത്യ' എന്ന പദം വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയത്. ഇന്ന് ബോളിവുഡിന്റെ പരമ്പരാഗത ആധിപത്യത്തെ മറികടന്ന് ഇന്ത്യൻ സിനിമയുടെ ഗതി മാറ്റിയെഴുതുന്നതിൽ ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖല മുൻനിരയിലുണ്ട്. വെറുമൊരു പ്രാദേശിക സിനിമ എന്ന നിലയിൽ നിന്ന് ആഗോളതലത്തിലും ദേശീയതലത്തിലും കോടികൾ വാരുന്ന നിലയിലേക്ക് ദക്ഷിണേന്ത്യൻ സിനിമകൾ വളർന്നുകഴിഞ്ഞു.

നാനി തുറന്നുകാട്ടിയത് പോലെ ദക്ഷിണേന്ത്യൻ സിനിമകളെ മാത്രം 'പാൻ-ഇന്ത്യ' എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ ചലച്ചിത്ര പ്രവർത്തകർക്കിടയിൽ തന്നെ ചർച്ചകൾ സജീവമാണ്. ബോളിവുഡ് ചിത്രങ്ങൾ രാജ്യവ്യാപകമായി വിജയിക്കുമ്പോൾ അവയെ സാധാരണ ഹിന്ദി സിനിമകളായി മാത്രം കാണുകയും, തെലുങ്ക് അല്ലെങ്കിൽ തമിഴ് ചിത്രങ്ങൾ വിജയിക്കുമ്പോൾ മാത്രം പ്രത്യേക 'പാൻ-ഇന്ത്യ' ടാഗ് ചാർത്തി നൽകുകയും ചെയ്യുന്ന പ്രവണത മാറണമെന്ന് സിനിമാ പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്.

സെപ്റ്റംബർ 24-ന് റിലീസിനൊരുങ്ങുന്ന 'ദ പാരഡൈസ്' ആണ് നാനിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. കായു ലോഹർ, രാഘവ് ജുയാൽ, മോഹൻ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Telugu Star Nani Questions the 'Pan-India' Tag for South Films
Next Story