'നാഗാർജുന എന്നെ 14 തവണ അടിച്ചു, എന്റെ മുഖത്ത് പാടുകൾ ഉണ്ടായിരുന്നു': പിന്നീട് ക്ഷമ ചോദിച്ചു -ഇഷ കോപ്പികർ
text_fieldsചന്ദ്രലേഖ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഓര്‍മകള്‍ പങ്കുവെച്ച് നടി ഇഷ കോപ്പികർ. ചിത്രത്തിലെ ഒരു സീനില്‍ നാഗാര്‍ജുന അടിക്കുന്ന രംഗമുണ്ട്. പല തവണ ടേക്ക് പോകേണ്ടി വന്നതിനാല്‍ 14 തവണയാണ് നാഗാര്‍ജുനയില്‍ നിന്ന് അടി വാങ്ങേണ്ടി വന്നതെന്ന് ഇഷ കോപ്പികർ പറയുന്നു. സിനിമാ നടന്മാർ കാമറക്ക് മുന്നിൽ അഭിനയിക്കേണ്ടതുണ്ട്. ചിലപ്പോൾ കഥാപാത്രത്തിന്റെ മാനസികാവസ്ഥ ശരിയായി ചിത്രീകരിക്കാൻ അവരുടെ കഥാപാത്രം കടന്നുപോകുന്ന വികാരങ്ങളിലൂടെ കടന്നുപോകേണ്ടിവരും ഇഷ പറഞ്ഞു.
'ചന്ദ്രലേഖ എന്റെ രണ്ടാമത്തെ സിനിമ ആയിരുന്നു. ചിത്രത്തിൽ നാഗാർജുന എന്നെ അടിക്കുന്ന ഒരു രംഗമുണ്ട്. ഞാൻ അദ്ദേഹത്തോട് എന്നെ ശരിക്കും അടിക്കാൻ പറഞ്ഞു. ഓക്കെ ആണോ എന്ന് ആദ്യം അദ്ദേഹം എന്നോട് ചോദിച്ചു. എനിക്ക് ആ ഇമോഷൻ ശരിക്കും ഫീൽ ചെയ്തു അഭിനയിക്കണം എന്നുണ്ടായിരുന്നു. ആദ്യം വളരെ ചെറുതായിട്ടാണ് അദ്ദേഹം അടിച്ചത്. അതുകൊണ്ട് തന്നെ എനിക്ക് ഒന്നും തോന്നിയില്ല.
യഥാർത്ഥ ജീവിതത്തിൽ എനിക്ക് ദേഷ്യപ്പെടാൻ കഴിയുമെങ്കിലും കാമറക്ക് മുന്നിൽ എനിക്ക് ദേഷ്യപ്പെടാൻ കഴിയില്ല. ഈ ഒരു പ്രശ്നം കൊണ്ട് നാഗാർജുനക്ക് എന്നെ 14 തവണയാണ് അടിക്കേണ്ടി വന്നത്. അവസാനമായപ്പോഴേക്കും എന്‍റെ മുഖത്ത് പാടുകൾ വീണു. ആ രംഗത്തിന് ശേഷം നാഗാർജുന എന്നോട് ക്ഷമ ചോദിച്ചു. പക്ഷെ അത് എന്റെ ആവശ്യപ്രകാരം ചെയ്ത സീൻ ആയതിനാൽ ഞാൻ അദ്ദേഹത്തിനോട് കുഴപ്പമില്ല എന്ന് പറഞ്ഞു' ഇഷ പറഞ്ഞു.
1998ൽ കൃഷ്ണ വംശി സഹരചനയും സംവിധാനവും ചെയ്ത ചന്ദ്രലേഖ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ചന്ദ്രലേഖ എന്ന സിനിമയുടെ റീമേക്കാണ്. രമ്യ കൃഷ്ണൻ, ശ്രീകാന്ത്, എം. എസ് നാരായണ തുടങ്ങി നിരവധി താരങ്ങൾ ഈ തെലുങ്ക് റീമേക്കിൽ അണിനിരന്നിരുന്നു. ഗ്രേറ്റ് ഇന്ത്യ എന്റർപ്രൈസസിന്റെ ബാനറിൽ നാഗാർജുനയും വി. റാം പ്രസാദും ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

