ഫോൺ ഹാക്ക് ചെയ്യപ്പെടുമെന്ന് ഭയം; 15 ദിവസത്തിലൊരിക്കൽ പാസ്‌വേഡ് മാറ്റാറുണ്ടെന്ന് നാഗാർജുന
text_fieldsനാഗാർജുന
തെന്നിന്ത്യൻ സൂപ്പർതാരം നാഗാർജുന തന്റെ ഡിജിറ്റൽ സുരക്ഷയെക്കുറിച്ചും സൈബർ ഭീഷണികളെക്കുറിച്ചും തുറന്നുപറഞ്ഞ വെളിപ്പെടുത്തലുകൾ ഇപ്പോൾ വലിയ ചർച്ചയാകുകയാണ്. തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോയുടെ (TGCSB) ഹൈദരാബാദിൽ വെച്ച് സംഘടിപ്പിച്ച 'സുരക്ഷ കാ തിരംഗ' സൈബർ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് താരം തന്റെ സൈബർ ഭയങ്ങളും സ്വകാര്യത സംരക്ഷിക്കാൻ സ്വീകരിക്കുന്ന മുൻകരുതലുകളും വ്യക്തമാക്കിയത്.
താൻ എപ്പോഴും സ്മാർട്ട്ഫോൺ കൈവശം വെക്കാറുണ്ടെങ്കിലും, തന്റെ ഫോൺ ആരെങ്കിലും ഹാക്ക് ചെയ്യുമോ എന്ന ആശങ്ക തനിക്ക് എപ്പോഴുമുണ്ട് എന്ന് നാഗാർജുന പറഞ്ഞു. ‘ഞാൻ ഒരു ഫോൺ ഉപയോഗിക്കുന്നുണ്ട്, എന്നാൽ ആരെങ്കിലും അത് ഹാക്ക് ചെയ്യുമോ എന്ന് ഞാൻ എപ്പോഴും ഭയപ്പെടുന്നു’ അദ്ദേഹം വ്യക്തമാക്കി.
തന്റെ ഫോണിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശനമായ ചില ശീലങ്ങൾ പിന്തുടരുന്നുണ്ടെന്ന് താരം വെളിപ്പെടുത്തി. ഫോൺ പാസ്‌വേഡ് കൃത്യം 15 ദിവസത്തിലൊരിക്കൽ താൻ മാറ്റാറുണ്ടെന്ന് നാഗാർജുന പറഞ്ഞു. കൂടാതെ, ഹാക്കർമാർക്ക് നെറ്റ്‌വർക്കിലേക്ക് പ്രവേശനം ലഭിക്കുന്നത് തടയാനായി വീടുകളിലെ വൈഫൈ പാസ്‌വേഡ് മാസത്തിലൊരിക്കലോ രണ്ടു മാസത്തിലൊരിക്കലോ മാറ്റാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും കൗതുകകരമായ കാര്യം, താൻ തന്റെ ഫോണിൽ വ്യക്തിപരമായ ഫോട്ടോകളോ ചിത്രങ്ങളോ സൂക്ഷിക്കാറില്ലെന്നതാണ്. ‘ഞാൻ എന്റെ ഫോണിൽ യാതൊരുവിധ ഫോട്ടോകളും എടുക്കാറില്ല, ചിത്രങ്ങളൊന്നും അതിലില്ല. ഒരു സെലിബ്രിറ്റി എന്ന നിലയിൽ ഞാൻ ഇതിലൊക്കെ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. എന്നാൽ ഇത്തരം തട്ടിപ്പുകാർക്ക് സാധാരണക്കാരായ മുതിർന്ന പൗരന്മാരെ എങ്ങനെയൊക്കെ കബളിപ്പിക്കാൻ കഴിയുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ’ അദ്ദേഹം പറഞ്ഞു.
തനിക്ക് നേരിടേണ്ടി വന്ന സൈബർ തട്ടിപ്പ് കോളുകൾചടങ്ങിൽ സംസാരിക്കവെ തനിക്ക് ലഭിച്ച വ്യാജ കോളുകളെക്കുറിച്ചും സൈബർ തട്ടിപ്പുശ്രമങ്ങളെക്കുറിച്ചും നാഗാർജുന ഓർത്തെടുത്തു. നാലഞ്ച് വർഷം മുമ്പ് ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് തനിക്ക് ഒരു കോൾ വന്നിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഓഹരികളിലും നിക്ഷേപങ്ങളിലും പണം നിക്ഷേപിക്കാൻ താൽപ്പര്യമുണ്ടോ എന്നായിരുന്നു അവരുടെ ചോദ്യം.
താൻ വഴങ്ങില്ല എന്ന് കണ്ടപ്പോൾ പലവിധത്തിൽ പ്രേരിപ്പിക്കുകയും തന്നെ പ്രശംസിക്കുകയും ചെയ്ത ആ തട്ടിപ്പുകാരന്റെ മാർക്കറ്റിങ് തന്ത്രത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ഇതിന് പുറമെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരിൽ ഇറാനിലേക്ക് താൻ അനധികൃതമായി പാഴ്സൽ അയച്ചുവെന്ന് കാണിച്ച് വ്യാജ കോളുകൾ വന്നിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.
പൊലീസിൽ നിന്ന് കോൾ വരുമെന്നും പാഴ്സലിൽ മയക്കുമരുന്ന് ഉണ്ടെന്നുമുള്ള ഭീതി പരത്തുന്ന കോളുകളാണ് തട്ടിപ്പുകാർ നടത്തിയത്. ഇത്തരം തട്ടിപ്പുകളിൽ പെട്ട് ആളുകൾ വീടുകളിൽ തന്നെ 'ഡിജിറ്റൽ അറസ്റ്റിൽ' അകപ്പെടുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നാഗാർജുന ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

