നാഗ ചൈതന്യക്ക് ഇനി ശോഭിത കൂട്ട്: ചിത്രങ്ങൾ പങ്കുവെച്ച് നാഗാർജുന
text_fieldsഹൈദരാബാദ്: തെലുങ്ക് നടനും നാഗാർജുനയുടെ മകനുമായ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദിലെ നടന്റെ വീട്ടിൽ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. നാഗ ചൈതന്യയും ശോഭിത ധൂലിപാലയും കുറച്ചു നാളായി പ്രണയത്തിലായിരുന്നു.
‘ഞങ്ങളുടെ മകൻ നാഗ ചൈതന്യയും ശോഭിത ധൂലിപാലയുമായുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ 9:42 ന് നടന്നതായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ ദമ്പതികൾക്ക്. ദൈവം അവരെ അനുഗ്രഹിക്കട്ടെ! അനന്തമായ സ്നേഹത്തിന്റെ തുടക്കം.888 എന്നിങ്ങനെയാണ് നാഗാർജുന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ എഴുതിയത്. ശുഭ സംഖ്യയായി ചിലർ കരുതുന്ന 888 ഉം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷം അവസാനം ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന. തെലുങ്ക് നടനായ നാഗ ചൈതന്യ കസ്റ്റഡി, ലാൽസിങ് ഛദ്ദ, താങ്ക്‍യു തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കുറുപ്പ് എന്ന മലയാള സിനിമയിൽ ദുൽഖറിനൊപ്പം വേഷമിട്ട ശോഭിത ധൂലിപാല ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
നാഗ ചൈതന്യ സാമന്ത റൂത്ത് പ്രഭുവിനെ 2017ൽ വിവാഹം കഴിച്ചിരുന്നു. 2021 ഒക്ടോബറിൽ ദമ്പതികൾ വേർപിരിഞ്ഞു.

