‘താങ്ക് ഗോഡ്.. സത്യമേവ ജയതേ...’; കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നാദിർഷാ
text_fieldsനാദിർഷാ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിനു പിന്നാലെ, ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടനും സംവിധായകനുമായ നാദിർഷാ. ‘താങ്ക് ഗോഡ്.. സത്യമേവ ജയതേ’ എന്ന കുറിപ്പിനൊപ്പമാണ് നാദിർഷാ ചിത്രം പങ്കുവെച്ചത്. കേസിൽ പ്രതിചേർത്ത പത്തിൽ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ദിലീപ് ഉൾപ്പെടെ നാല് പേരെ കുറ്റവിമുക്തരാക്കി.
കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് കോടതിയിൽനിന്ന് മടങ്ങുന്നതിനിടെ നടൻ ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നും പൊലീസ് പ്രതികളെ കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞെന്നും ദിലീപ് പറഞ്ഞു. മുൻഭാര്യ മഞ്ജു വാര്യരുടെ പരാമർശത്തോടെയാണ് ഗൂഢാലോചനയെന്ന് വാർത്തവന്നത്. ചില മാധ്യമപ്രവർത്തകർ കൂട്ടുനിന്നു. കോടതിയിൽ ആ കള്ളക്കഥ തകർന്നു. തന്നെ പിന്തുണച്ച എല്ലാവരെയും നന്ദി അറിയിക്കുന്നുവെന്നും ദിലീപ് പറഞ്ഞു. കേസിൽ പ്രതിചേർത്ത പത്തിൽ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ദിലീപ് ഉൾപ്പെടെ നാല് പേരെ കുറ്റവിമുക്തരാക്കി.
“ക്രിമിനൽ ഗൂഢാലോചനയെന്ന് മഞ്ജു പറഞ്ഞിടത്തുനിന്നാണ് എനിക്കെതിരെ ഗൂഢാലോചന തുടങ്ങിയത്. ജയിലിൽ പൊലീസ് പ്രതികളെ കൂട്ടുപിടിച്ച് ഒരു കള്ളക്കഥ മെനഞ്ഞു. അവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന ചില മാധ്യമപ്രവർത്തകരെ കൂട്ടുപിടിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിച്ചു. ഇന്ന് കോടതിയിൽ ആ കള്ളക്കഥ തകർന്നു. എന്നെ പ്രതിയാക്കാനാണ് യഥാർഥത്തിൽ ഗൂഢാലോചന നടന്നത്. എന്‍റെ കരിയർ, ഇമേജ്, ജീവിതം തകർക്കാൻ വേണ്ടിയാണത് ചെയ്തത്. എന്‍റെ കൂടെനിന്ന കുടുംബങ്ങളോടും സുഹൃത്തുക്കളോടും എനിക്കുവേണ്ടി പ്രാർഥിച്ചവരോടും നന്ദി പറയുകയാണ്. ഒമ്പതു വർഷമായി എനിക്കുവേണ്ടി വാദിച്ച അഭിഭാഷകരോടും പിന്തുണച്ച എല്ലാവരോടും നന്ദി പറയുകയാണ്” -ദിലീപ് പറഞ്ഞു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിൽ വിധി പ്രസ്താവിച്ചത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും. എൻ.എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഒന്നു മുതൽ ആറ് വരെ പ്രതികൾക്കെതിരെ ചുമത്തിയ ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. എന്നാൽ, ഏഴ് മുതലുള്ള പ്രതികൾക്കെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൾ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനൊപ്പം ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

