സമൂഹമാധ്യമത്തിൽ നിന്ന് വിട്ടുനിന്ന പാക് നടി റാബിയയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ആരാധകർ, ഒടുവിൽ മറുപടിയുമായി നടി
text_fieldsറാബിയ
നടിയും മോഡലുമായ ഹുമൈറ അസ്ഗർ അലിയുടെ ദാരുണവും ദുരൂഹവുമായ മരണത്തിന്‍റെ ഞെട്ടലിലാണ് പാകിസ്താൻ വിനോദ വ്യവസായം. ജൂലൈ എട്ടിന് ഹുമൈറയുടെ അപ്പാർട്ട്മെന്റിൽ നിന്ന് അവരുടെ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരിച്ചിട്ട് ഏകദേശം ഒമ്പത് മാസമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹുമൈറ അവസാനമായി ആശയവിനിമയം നടത്തിയത് 2024 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
ഹുമൈറയുടെ മരണവാർത്ത പരന്നതോടെ, ആറ് മാസത്തിലേറെയായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്ന മറ്റൊരു പാകിസ്താൻ നടി റാബിയ ബട്ടിനെക്കുറിച്ചുള്ള ചർച്ചകൾ ആരാധകർക്കിടയിൽ വർധിച്ചു. ആംഗൻ, പെഹ്ലി സി മുഹബ്ബത്ത്, ജീവൻ നഗർ, യേ ദിൽ മേര തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ വേഷങ്ങൾ കൊണ്ട് പ്രശസ്തയായ റാബിയ 2024 ഡിസംബർ മുതൽ സമൂഹമാധ്യമത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
ആശങ്കാകുലരായ ആരാധകർ അവരുടെ പഴയ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ ആശങ്ക പ്രകടിപ്പിച്ച് സന്ദേശങ്ങൾ പങ്കുവെക്കുന്നുണ്ട്. 'ഇപ്പോൾ, രണ്ട് ഈദുകളും കഴിഞ്ഞു, ദയവായി ഇൻസ്റ്റാഗ്രാമിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യൂ' -ഒരു ഉപയോക്താവ് എഴുതി, 'ഹുമൈറ അസ്ഗറിന്റെ മരണശേഷം, ഞാൻ നിങ്ങളെക്കുറിച്ച് ശരിക്കും ആശങ്കപ്പെടുന്നു' എന്നാണ് മറ്റൊരു സന്ദേശം. പലരും മിഷി ഖാൻ, മാവ്‌റ ഹോകെയ്ൻ, യാസിർ ഹുസൈൻ തുടങ്ങിയ സഹ സെലിബ്രിറ്റികളെയും സന്ദേശത്തിൽ ടാഗ് ചെയ്തിട്ടുണ്ട്.
വർധിച്ചുവരുന്ന ഊഹാപോഹങ്ങൾക്കിടയിൽ, താൻ സുരക്ഷിതയാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് റാബിയ ബട്ട് ഒടുവിൽ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അഭിസംബോധന ചെയ്തു. തനിക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് റാബിയ അറിയിച്ചു. ആരാധകരുടെ അന്വേഷണത്തിന് നടി സ്നേഹവും നന്ദിയും അറിയിച്ചു. അവരുടെ ഹൃദയംഗമമായ പോസ്റ്റ് ആരാധകർക്ക് ആശ്വാസം നൽകിയിട്ടുണ്ട്.
അതേസമയം, പാകിസ്താനിലെ റിയാലിറ്റി ഷോയായ തമാഷ ഘറിലും ജലൈബീ എന്ന ചിത്രത്തിലും അഭിനയിച്ചതിലൂടെയാണ് ഹുമൈറ കൂടുതൽ പ്രശസ്തയായത്. ബിഗ് ബ്രദറിനും ബിഗ് ബോസിനും സമാനമായ ഒരു ഷോയാണ് തമാഷ ഘർ. കഴിഞ്ഞ ഏഴ് വർഷത്തോളമായി ഒറ്റക്കാണ് ഹുമൈറ താമസിച്ചിരുന്നത്. 2024 അവസാനത്തോടെ അവർ മരിച്ചതായി സൂചനയുണ്ടെന്നാണ് പൊലീസ് പറയുന്നത്. റഫ്രിജറേറ്ററിലെ ഭക്ഷണപാനീയങ്ങളുടെ കാലാവധി 2024 സെപ്റ്റംബറാണ്. ഫോണിലെ അവസാന ഔട്ട്‌ഗോയിങ്, ഇൻകമിങ് കോളുകളും 2024 ഒക്ടോബറിലാണ്. അതിനുശേഷം ഫോണിലെ രണ്ട് സിമ്മുകളും പ്രവർത്തനരഹിതമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

