‘എന്റെ പേരിന് ഇസ്‍ലാമുമായി ഒരു ബന്ധവുമില്ല’: ബംഗാൾ ഉറുദു അക്കാദമിയുടെ അവഗണനക്കെതിരെ ജാവേദ് അക്തർ
text_fieldsകൊൽക്കത്ത: തന്റെ പേരിന് ഇസ്‍ലാമുമായി യാതൊരു ബന്ധവുമില്ലെന്നും ഇന്ത്യയിൽ മാത്രമാണ് പേരുകൾ മതവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ നടക്കുന്ന ‘ഹിന്ദി സിനിമയിലെ ഉറുദു’ എന്ന പരിപാടിയിലേക്കുള്ള ക്ഷണം പശ്ചിമ ബംഗാൾ ഉറുദു അക്കാദമി പിൻവലിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘എനിക്ക് രണ്ട് ഭാഗത്തുനിന്നും നിന്നും വിദ്വേഷ മെയിലുകൾ ലഭിക്കുന്നു’ണ്ടെന്ന് അക്തർ പറഞ്ഞതായി ‘ദി ടെലിഗ്രാഫ്’ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ‘ഹിന്ദു, മുസ്‍ലിം മതമൗലികവാദികൾ എന്നെ അധിക്ഷേപിക്കുന്നിടത്തോളം കാലം എന്തെങ്കിലും ശരിയായി ചെയ്യുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പേരായ ജാവേദ് അക്തറിന് ഇസ്‍ലാമുമായി യാതൊരു ബന്ധവുമില്ല. രണ്ട് വാക്കുകളും പേർഷ്യൻ ആണ്. ഇന്ത്യയിൽ മാത്രമാണ് പേരുകൾ മതവുമായി ബന്ധപ്പെട്ടിരിക്കുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഈജിപ്ഷ്യൻ നടൻ ഒമർ ഷെരീഫ് ഒരു ക്രിസ്ത്യാനിയായിരുന്നു. ഞാൻ ഒരു നിരീശ്വരവാദിയാണ്. എനിക്ക് ‘ബോയ് മേള’ ഒരു തീർഥാടനമാണ്. പുസ്തകങ്ങൾക്കായി മാത്രം ബോയ് മേളയിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് ആളുകളുണ്ട്. ചിലർ പറയുന്നത് പോലെ ലോകം അത്ര മോശമല്ലെന്ന് ഇത് എന്നെ വിശ്വസിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയോടും അതിന്റെ ലിബറൽ, പുരോഗമന മൂല്യങ്ങളോടും ഉള്ള തന്റെ ഇഷ്ടവും അക്തർ പ്രകടിപ്പിച്ചു. കൊൽക്കത്തയിൽ എത്തുമ്പോൾ തനിക്ക് വളരെ സന്തോഷം തോന്നുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ നടത്തുന്ന ഉറുദു അക്കാദമി സംഘടിപ്പിച്ച ‘ഹിന്ദി സിനിമയിലെ ഉറുദു’ എന്ന പരിപാടിയിൽ ‘മുഷൈറ’യിൽ (കവിതാ സമ്മേളനം) അധ്യക്ഷത വഹിക്കാൻ തിരക്കഥാകൃത്തിനെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. എന്നാൽ, രണ്ട് മത സംഘടനകൾ അക്തറിന്റെ ക്ഷണത്തെ എതിർത്തതായാണ് റിപ്പോർട്ട്. ‘ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ’ കാരണം പരിപാടി മാറ്റിവച്ചതായി അക്കാദമി അറിയിച്ചതായും റിപ്പോർട്ടുണ്ട്.
പശ്ചിമ ബംഗാൾ ഉറുദു അക്കാദമി മൗലികവാദികളെ പ്രീണിപ്പിക്കുന്നതിനായി അക്തറിനുള്ള ക്ഷണം ഉടനടി പിൻവലിച്ചതായി ഉറുദു പ്രേമികളും ലിബറൽ മുസ്‍ലിംകളും അടങ്ങുന്ന ഒരു സംഘം തിങ്കളാഴ്ച മുഖ്യമന്ത്രി മമത ബാനർജിക്ക് അയച്ച കത്തിൽ ആരോപിച്ചു. മുദാർ പഥേര്യ, സീഷൻ മജീദ്, രാകേഷ് ജുൻജുൻവാല, തയ്യേബ് അഹമ്മദ് ഖാൻ, സാഹിർ അൻവർ, പലാഷ് ചതുർവേദി, മുഈൻ ഉദ് ദിൻ ഹമീദ്, സ്മിത ചന്ദ്ര, സ്പന്ദൻ റോയ് ബിശ്വാസ്, നവീൻ വോറ, സാഹിദ് ഹൊസൈൻ, അഭയ് ഫഡ്‌നിസ്, എന്നിവർ അടക്കം ആയിരക്കണക്കിനു പേർ കത്തിൽ ഒപ്പുവെക്കുകയുണ്ടായി.
‘ഉറുദുവിനെ മുസ്‍ലിം സ്വത്വവുമായി ബന്ധിപ്പിക്കുന്നത് ഭാഷയുടെ മതേതര സ്വഭാവത്തെ ദുർബലപ്പെടുത്തുകയും അക്കാദമിയെ ഒരു സാംസ്കാരിക വേദിയിൽനിന്ന് ഒരു മതസംഘടനയായി ചുരുക്കുമെന്നും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

