'എനിക്ക് സിനിമയിൽ അവസരം വാങ്ങിതരാൻ അച്ഛൻ ഒരിക്കലും ശ്രമിച്ചിട്ടില്ല, പല പ്രതിസന്ധികളിലും ഒറ്റക്കായിരുന്നു'; നെപ്പോട്ടിസത്തെക്കുറിച്ച് സാറാ അലി ഖാൻ
text_fieldsബോളിവുഡ് സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ യുവനടി സാറാ അലി ഖാൻ സിനിമാ കുടുംബത്തിലെ പാരമ്പര്യത്തെക്കുറിച്ചും സ്വജനപക്ഷപാതത്തെക്കുറിച്ചും മനസ് തുറക്കുന്നു. പ്രശസ്ത നടി ശർമ്മിള ടാഗോറിന്റെ പേരക്കുട്ടിയും, പ്രമുഖ താരങ്ങളായ അമൃത സിങിന്റെയും സൈഫ് അലി ഖാന്റെയും മകളുമായ സാറ തനിക്ക് സിനിമയിൽ പ്രവേശിക്കാൻ ഈ കുടുംബ പാരമ്പര്യം തുടക്കത്തിൽ സഹായിച്ചിട്ടുണ്ടെങ്കിലും, അർഹമായ കഠിനാധ്വാനത്തെ പലപ്പോഴും ഇത്തരം ചർച്ചകൾ പിന്നോട്ട് വലിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നു.
താരകുടുംബത്തിൽ ജനിച്ചതുകൊണ്ട് മാത്രം എളുപ്പത്തിൽ അവസരങ്ങൾ ലഭിച്ചതിനെക്കുറിച്ച് തുറന്നുപറയാൻ താൻ മടിക്കുന്നില്ലെന്ന് സാറ പറയുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ വലിയ രീതിയിലുള്ള അംഗീകാരവും പ്രശസ്തിയും നേടിത്തരാൻ ഈ കുടുംബപ്പേര് സഹായിച്ചിട്ടുണ്ട്. എന്നാൽ തങ്ങൾ ജനിച്ചുവീണ കുടുംബത്തിന്റെ പേരിൽ മാത്രം നിരന്തരം വിമർശിക്കപ്പെടുന്നതും കുറ്റപ്പെടുത്തപ്പെടുന്നതും തികച്ചും അനീതിയാണെന്നും താരം ചൂണ്ടിക്കാണിക്കുന്നു.
ഏകദേശം എട്ട് വർഷത്തോളം നീണ്ട തന്റെ സിനിമാജീവിതത്തിൽ ഇതുവരെയും സിനിമാ ഓഫീസുകൾ കയറിയിറങ്ങി തനിക്കായി വേഷങ്ങൾ ചോദിച്ചുനടക്കാൻ ഒരു ഗോഡ്ഫാദറോ പിതാവോ കൂടെയുണ്ടായിരുന്നില്ലെന്ന് നടി വ്യക്തമാക്കി. മാതാപിതാക്കളുടെ വിവാഹമോചകത്തിനു ശേഷം സിംഗിൾ മദറായ അമൃത സിങിന്റെ കൂടെ വളർന്ന തനിക്ക് സ്വന്തം കരിയറിലെ പ്രതിസന്ധികളെല്ലാം ഒറ്റക്കാണ് നേരിടേണ്ടി വന്നത്. തന്റെ ആദ്യകാല ചിത്രമായ 'കേദാർനാഥ്' അടക്കമുള്ള സിനിമകളിൽ പ്രശ്നങ്ങളുണ്ടായപ്പോൾ ആരും കൂടെയില്ലായിരുന്നുവെന്നും സിനിമാരംഗത്ത് സ്വന്തമായി ഒരു സ്വാധീനവും ഇല്ലാതെയാണ് താൻ മുന്നോട്ട് വന്നതെന്നും സാറാ അലി ഖാൻ കൂട്ടിച്ചേർത്തു.

