ചിലപ്പോൾ ആരെങ്കിലും നിങ്ങളുടെ കതകിൽ മുട്ടിയേക്കാം; അവരോട് നോ പറയാൻ കഴിയണം -നൈല ഉഷ
text_fieldsസിനിമയിലേക്ക് ക്ഷണിക്കപ്പെടുന്നതും ഓഡിഷൻ വഴി അവസരം ചോദിച്ചു വരുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് നൈല ഉഷ. അവസരം ചോദിച്ചുവരുന്നവരിൽ ചിലർക്കാണ് അഡ്ജസ്റ്റ്മെന്റ് ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത്. തനിക്കൊപ്പം ജോലി ചെയ്ത ആരും ഇത്തരത്തിലുള്ള അനുഭവം പങ്കുവെച്ചിട്ടില്ല. പ്രതിഫലം കൃത്യമായി ലഭിക്കാത്തതും കൂടുതൽ നേരം ജോലിചെയ്യേണ്ടി വന്നതും ഒക്കെയാണ് ചർച്ചചെയ്തിട്ടുള്ളത്. അവസരത്തിനായി ലൈംഗികമായി സമീപിച്ചതായി എന്നോട് ആരും നേരിട്ട് പറഞ്ഞിട്ടില്ല. എന്നാൽ അങ്ങനെ സംഭവിക്കുന്നുണ്ടെന്നും നൈല ഉഷ പറഞ്ഞു.
ഇതിനു മുമ്പും സ്ത്രീകൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ അതൊന്നും ഗൗരവത്തിൽ സ്വകരിക്കുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. അതെല്ലാം ഗൗരവത്തോടെ പരിഗണിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് തോന്നുന്നു.
''ജോമോൾ അവരുടെ അനുഭവമാണ് പറഞ്ഞത്. എന്നോടു ചോദിച്ചാൽ എനിക്കു ദുരനുഭവങ്ങൾ ഇല്ല. പക്ഷേ, അത്തരം പ്രശ്നങ്ങൾ നേരിട്ടവർക്കൊപ്പമാണ് ഞാൻ നിൽക്കുക. പക്ഷേ, ആ സമയത്ത് ജോമോൾ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് എനിക്ക് അറിയില്ല. ഈ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുമ്പോൾ നിങ്ങൾക്ക് നേരിട്ട് അത്തരം അനുഭവങ്ങൾ ഇല്ലെങ്കിലും നിങ്ങൾ ഇത്തരം അനുഭവങ്ങൾ പലരിൽ നിന്നും സ്വാഭാവികമായി കേൾക്കുമല്ലോ.''-നൈല ഉഷ പറഞ്ഞു.
സിനിമ മോശമാണെന്ന് പറഞ്ഞ് ആരുടെയും സ്വപ്നങ്ങൾ നശിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നൈല വ്യക്തമാക്കി. ആളുകൾ നിങ്ങളുടെ കതകിൽ മുട്ടിയേക്കാം. എന്തെങ്കിലും ആവശ്യങ്ങൾ ഉന്നയിച്ചേക്കാം. എന്നാൽ അവരോടെല്ലാം ധൈര്യത്തോടെ നോ പറയാൻ കഴിയണം. സിനിമയിൽ നായക നടനാണ് ആരൊക്കെ ഒപ്പം അഭിനയിക്കണം എന്ന് തീരുമാനിക്കുന്നതെന്നും നൈല ഉഷ പറഞ്ഞു.
തനിക്ക് ഇതുവരെ മലയാള സിനിമയിൽ മോശം അനുഭവം ഉണ്ടായിട്ടില്ല. വിമാന ടിക്കറ്റ്, മികച്ച ഹോട്ടലിൽ താമസം, സഹായികൾ തുടങ്ങി...ഇതുവരെ അഭിനയിച്ച സിനിമകളിലേക്കെല്ലാം ക്ഷണിക്കപ്പെട്ട് വന്നതാണ്. എല്ലാ സൗകര്യങ്ങളും അവർ ചെയ്തു തന്നിട്ടുണ്ട്.
അങ്ങനെയൊരു പ്രിവിലേജ് തനിക്കുണ്ടായിരുന്നു. എന്നാൽ അത്തരം പ്രിവിലേജ് ഇല്ലാത്തവർക്കൊപ്പമാണ് താൻ നിൽക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.