‘ശിവന്‍റെ കഴുത്തിലെ സർപ്പത്തെപ്പോലെ’: ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് മോഹൻലാലിന്റെ ജീവിതത്തിലേക്ക് വന്നത്; ആന്റണി പെരുമ്പാവൂരിനെ കുറിച്ച് സുചിത്ര
text_fieldsമോഹൻലാലിനൊപ്പം ആന്‍റണി
മലയാള സിനിമയിലെ മിന്നും താരം മോഹൻലാലിന് നിരവധി മികച്ച ഓൺസ്ക്രീൻ കൂട്ടുകെട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ യഥാർത്ഥ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കൂട്ടാളി ആരാണെന്ന് ചോദിച്ചാൽ മലയാളികൾ ഒരേ സ്വരത്തിൽ പറയുന്ന പേരാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിന്റെ ഡ്രൈവറായി തുടങ്ങി, അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തും പിന്നീട് സിനിമാ നിർമാതാവുമായി മാറിയ ആന്റണി പെരുമ്പാവൂർ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മോഹൻലാലിന്റെ തണലായി കൂടെയുണ്ട്.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, മോഹൻലാലും ആന്റണിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മോഹൻലാലിന്റെ ഭാര്യ സുചിത്ര. ‘ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് മോഹൻലാലിന്റെ ജീവിതത്തിലേക്ക് വന്നത്’. ആന്റണിയുമായുള്ള സൗഹൃദത്തെയും അദ്ദേഹത്തിന് കുടുംബത്തിലുള്ള സ്ഥാനത്തെയും കുറിച്ച് സുചിത്ര പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്.
‘ഞാനും ആന്റണിയും ഒരേ വർഷമാണ് മോഹൻലാലിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്’ സുചിത്ര അഭിമുഖത്തിൽ പറഞ്ഞു. 1988ൽ 'മൂന്നാം മുറ' എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് തങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത്. മോഹൻലാലാണ് തന്നെ കൂട്ടിക്കൊണ്ടുവരാൻ ആന്റണിയെ അയച്ചത്. യാത്രക്കിടയിൽ പാട്ട് വെക്കാൻ പറഞ്ഞതല്ലാതെ കൂടുതൽ സംസാരിച്ചിരുന്നില്ല. പിന്നീട് ആന്റണിയെ കൂടെ നിർത്തിയാലോ എന്ന് ലാൽ ചോദിച്ചപ്പോൾ താൻ സമ്മതിക്കുകയായിരുന്നുവെന്നും സുചിത്ര പറഞ്ഞു.
മോഹൻലാലിന്റെ കരിയറിലും വ്യക്തിജീവിതത്തിലും ആന്റണി വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് സുചിത്ര പറയുന്നു. ‘ആന്റണി, ഭഗവാൻ ശിവന്റെ കഴുത്തിലെ സർപ്പത്തെപ്പോലെയാണെന്നാണ് എന്റെ സഹോദരൻ പറയാറുള്ളത്. മോഹൻലാലിന് പലപ്പോഴും ആരോടെങ്കിലും 'നോ' പറയാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ, അദ്ദേഹത്തിന് വേണ്ടി ആന്റണിയാണ് അത് പറയുന്നത്. അങ്ങനെ ഒരു ഇമേജ് പാവം ആന്റണിക്ക് വന്നിട്ടുണ്ട്’ സുചിത്ര പറഞ്ഞു.
മോഹൻലാലിന് ആന്റണിയില്ലാതെ ഒന്നും ചെയ്യാനാകില്ലെന്നും, ഏത് കാര്യത്തിലും അദ്ദേഹത്തിന് ഏറ്റവും വലിയ താങ്ങായി നിലകൊള്ളുന്നത് ആന്റണിയാണെന്നും സുചിത്ര കൂട്ടിച്ചേർത്തു. മുമ്പ് ഒരു ടെലിവിഷൻ പരിപാടിയിൽ മോഹൻലാൽ തന്നെ ആന്റണിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇതിനോടൊപ്പം ഏറെ ശ്രദ്ധേയമാണ്.
‘എനിക്ക് ഭാര്യയെയും ആന്റണിയെയും ഒരേ കാലഘട്ടത്തിലാണ് ലഭിക്കുന്നത്. ചിലപ്പോൾ എന്നെക്കാൾ സ്നേഹം ആന്റണിയോടാണെന്ന് ഭാര്യക്ക് തോന്നിയേക്കാം. കാരണം എന്റെ ഭൂരിഭാഗം സമയവും യാത്രകളും ആന്റണിക്കൊപ്പമാണ്’ മോഹൻലാൽ അന്ന് തമാശരൂപേണ പറഞ്ഞിരുന്നു.
എന്റെ സിനിമാ ജീവിതത്തിലെ ഓരോ വിജയത്തിന് പിന്നിലും ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങൾക്ക് പിന്നിലും ആന്റണി പെരുമ്പാവൂർ എന്ന വ്യക്തിയുണ്ട്. അത് സത്യമാണ്. എന്റെ അവസാന ശ്വാസം വരെ ആന്റണി എനിക്കൊപ്പം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്നും മോഹൻലാൽ മുൻപ് പറഞ്ഞിരുന്നു.
കുടുംബാംഗത്തെക്കാൾ ഉപരി ഒരു നിഴൽ പോലെ മോഹൻലാലിനൊപ്പം നിൽക്കുന്ന ആന്റണി പെരുമ്പാവൂരിന്റെയും മോഹൻലാലിന്റെയും ഈ അപൂർവ്വ സൗഹൃദം തന്നെയാണ് സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

