ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടല്‍... വൈറലായി മോഹൻലാലിന്‍റെ 'ചക്ക ചിത്രം'
text_fieldsവിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടല്‍ അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിചേര്‍ത്ത് ലാലേട്ടനൊരു ഉഗ്രൻ ട്രിബ്യൂട്ട്. പശ്ചാത്തലത്തില്‍ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും. ഒരുക്കിയതാകട്ടെ ഡാവിഞ്ചി സുരേഷും. മേയ് 21ന് അറുപത്തഞ്ച് വയസ് തികയുന്ന മലയാളത്തിന്റെ സ്വന്തം മോഹലാലിന്റെ ചിത്രം ചെയ്തിരിക്കുന്നത് അറുപത്തിയഞ്ച് ഇനം പ്ലാവുകള്‍ ഉള്ള തോട്ടത്തിന് നടുവിലും. തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍ഗീസ് തരകന്റെ ആയുര്‍ ജാക്ക് ഫാമിലാണ് ഡാവിഞ്ചി സുരേഷ് വെറൈറ്റി ചക്കചിത്രം ഒരുക്കിയത്.
അഞ്ച് മണിക്കൂര്‍ എടുത്ത് എട്ടടി വലുപ്പത്തില്‍ രണ്ടടി ഉയരത്തില്‍ ഒരു തട്ടുണ്ടാക്കി തുണി വിരിച്ച് അതിലാണ് മോഹന്‍ലാലിന്‍റെ മുഖം സ്കെച്ച് ചെയ്ത് ചക്ക ചുളകള്‍ നിരത്തിവെച്ചത്. യു.എന്‍ അവാര്‍ഡ് നേടിയ കേരളത്തിലെ ആദ്യത്തെ പ്ലാവിൻ തോട്ടമായ ആയുര്‍ ജാക്ക് ഫാമിലെ തൊഴിലാളികളും കാമറമാന്‍ സിംബാദും സുഹൃത്തുക്കളായ റിയാസ് മാടവനയും സെയ്ത് ഷാഫിയും ഡാവിഞ്ചി സുരേഷിനൊപ്പം ചേർന്നാണ് ഈ ചക്കചിത്രം ഉണ്ടാക്കിയത്. ഏകദേശം ഇരുപത് ചക്കയാണ് ഇതിനായി ഉപയോഗിച്ചത്.
അപൂര്‍വ്വമായി മാത്രം കിട്ടുന്ന ചുവന്ന ചക്കയാണ് ഈ ചിത്രം ചെയ്യാനുള്ള പ്രചോദനമായത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ അന്വേഷണത്തിന് ഒടുവിലാണ് ആയുര്‍ ജാക്ക് ഫാമിലെ വർഗീസ് തരകന്റെ തോട്ടത്തിലെത്തുന്നത്. എല്ലാവരുടെയും സപ്പോർട്ടുകൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ പറ്റിയതെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

