'എന്റെ സുഹൃത്ത് പൈലറ്റ് ആവുമ്പോള്‍, സാഹസികതക്ക് പുതിയ അര്‍ഥം വരുന്നു'; ആകാശയാത്രയുമായി മോഹന്‍ലാല്‍
text_fieldsസുഹൃത്തിനൊപ്പം പ്രൈവറ്റ് ജെറ്റില്‍ ആകാശയാത്ര നടത്തുന്ന വിഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍. സമുദ്രത്തിന് മുകളിലൂടെയുള്ള യാത്രയുടെ ദൃശ്യമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. 'എന്റെ സുഹൃത്ത് ജെ.ടി പൈലറ്റ് ആവുമ്പോള്‍, സാഹസികതക്ക് പുതിയ അര്‍ഥം കൈവരുന്നു' എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവെച്ചത്. സുഹൃത്തും ബിസിനസുകാരനും ചോയ്സ് ഗ്രൂപ്പ് എംഡിയുമായ ജോസ് തോമസിനൊപ്പമാണ് മോഹൻലാൽ വിമാന യാത്ര നടത്തിയത്.
ഹൃദയപൂർവ്വം പറന്നു നടക്കുവാ, മൂന്ന് പടം പറപ്പിച്ചിട്ട് പറന്നുനടക്കുവാ, തങ്ങളുടെ പ്രിയ താരത്തെ സൂക്ഷിച്ചുകൊണ്ടുപോകണേ, ആകാശത്തിനു ചുവട്ടിലെ ഏതു മണ്ണും നാടും ജഗന്നാഥന് സമമാണ് തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ആരാധകർ പങ്കുവെക്കുന്നത്. ആരാണ് ജെ.ടി. എന്ന ചോദ്യവും ആരാധകർ ചോദിക്കുന്നുണ്ട്.
സത്യന്‍ അന്തിക്കാട് സംവിധാനംചെയ്ത മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വം' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം പ്രദര്‍ശനത്തെത്തിയപ്പോള്‍ മോഹന്‍ലാല്‍ വിദേശത്തായിരുന്നു. കഴിഞ്ഞദിവസം യു.എസില്‍നിന്ന് ചിത്രം വിജയപ്പിച്ചതില്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ വിഡിയോ പങ്കുവെച്ചിരുന്നു. 'പ്രിയപ്പെട്ട പ്രേക്ഷകർ ഹൃദയംകൊണ്ട് ഹൃദയപൂർവം സ്വീകരിച്ചെന്നറിഞ്ഞതിൽ സന്തോഷം. ഞാൻ ഇപ്പോൾ യു.എസ്സിലാണ് ഇവിടെയും സിനിമയെക്കുറിച്ച് നല്ല റിപ്പോർട്ടുകളാണ്. സിനിമയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച, വിജയമാക്കിയ എല്ലാ പ്രേക്ഷകർക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണം ആശംസിക്കുന്നു. എല്ലാവർക്കും ഹൃദയപൂർവം ഓണാശംസകൾ' ഇങ്ങനെയായിരുന്നു മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

