Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത് മലയാള സിനിമക്ക് ലഭിച്ച അംഗീകാരം, ഏറ്റവും സന്തോഷത്തോടെ സ്വീകരിക്കുന്നു; മോഹൻലാൽ

text_fields
bookmark_border
Mohanlal
cancel
camera_alt

നടൻ മോഹൻലാൽ

ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് അവാർഡ് ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് മോഹൻലാൽ.

ഇത്‌ എനിക്കുമാത്രമുള്ള അംഗീകാരമല്ല, മലയാള സിനിമക്കുള്ള അംഗീകാരമാണ്‌, എന്നെ സ്നേഹിക്കുന്ന എല്ലാവരുമായി പുരസ്‌കാരം പങ്കുവയ്‌ക്കുന്നു’ ദാദാ സാഹേബ്‌ ഫാൽക്കെ പുരസ്‌കാര വാർത്തയോടുള്ള മോഹൻലാലിന്റെ ആദ്യ പ്രതികരണമിങ്ങനെയായിരുന്നു. ‘ഏറ്റവും സന്തോഷത്തോടെ ഈ നിമിഷത്തെ ഏറ്റുവാങ്ങുന്നു. 48 വർഷത്തെ സിനിമാജീവിതത്തിൽ എന്നെ ഇഷ്ടപ്പെടുന്നവർക്ക് തിരികെക്കൊടുക്കാൻ സാധിച്ച വലിയ അംഗീകാരമാണ് ഈ അവാർഡ്. ഇതിനായി എന്നെ തെരഞ്ഞെടുത്ത ജൂറിക്കും കേന്ദ്ര സർക്കാരിനും നന്ദി. എന്റെ പ്രേക്ഷകരോടും എന്നെ ഞാനാക്കിയ എല്ലാവരോടും നന്ദി. സിനിമ കുടുംബത്തിനോടും എന്റെ കുടുംബത്തോടും ഈശ്വരനോടും നന്ദി. ഇത് വലിയ അംഗീകാരമാണ്. ഒരുപാട് വലിയ മഹാന്മാർ കടന്നുപോയ വഴികളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചതും കണ്ടു. ഒരുപാട് നന്ദി’ -മോഹൻലാൽ കൂട്ടിച്ചേർത്തു.

പുരസ്കാരത്തിന് അർഹനായ നടന് അഭിനന്ദനവുമായി മമ്മൂട്ടിയടക്കമുള്ളവർ എത്തിയിരുന്നു. അർഹിച്ച ബഹുമതിയാണ് മോഹൻലാലിന് ലഭിച്ചതെന്നും അഭിമാനവും സന്തോഷവും തോന്നുന്നെന്നുമാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.

‘പതിറ്റാണ്ടുകളായി അത്ഭുതകരമായ സിനിമായാത്ര ആരംഭിച്ച സഹപ്രവർത്തകനും സഹോദരനും കലാകാരനുമാണ് ലാൽ. ഫാൽക്കെ അവാർഡ് ഒരു നടന് മാത്രമല്ല, സിനിമയെ ശ്വസിക്കുകയും അതിൽ ജീവിക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരനുള്ളതാണ്. നിങ്ങളെ ഓർത്ത് വളരെ സന്തോഷവും അഭിമാനവുമുണ്ട് ലാൽ... ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്’ -മമ്മൂട്ടി കുറിച്ചു.

2023ലെ പുരസ്കാരമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽവെച്ച് ദാദാസാഹിബ് ഫാൽകെ പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും. ദാദാസാഹിബ് ഫാൽകെ അവാർഡ് സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം 2023 ലെ അഭിമാനകരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിന് നൽകുമെന്ന് ഇന്ത്യൻ സർക്കാർ സന്തോഷപൂർവം അറിയിക്കുന്നു എന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മോഹൻലാലിന്റെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു! ഇതിഹാസ നടനും സംവിധായകനും നിർമ്മാതാവുമായ അദ്ദേഹത്തെ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനക്ക് ആദരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, അക്ഷീണമായ കഠിനാധ്വാനം എന്നിവ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന് ഒരു സുവർണ നിലവാരം നേടിത്തന്നു -പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യൻ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ 100ാം ജന്മവാർഷികമായ 1969 മുതലാണ് ഈ പുരസ്കാരം കേന്ദ്ര സർക്കാർ നൽകിത്തുടങ്ങിയത്. ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു കഴിഞ്ഞ വർഷം ദാദാസാഹിബ് ഫാൽകെ പുരസ്കാരം ലഭിച്ചത്. ഇതിന് മുമ്പ് ഫാൽക്കെ പുരസ്കാരം ലഭിച്ച മലയാളി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ്. 2004ലായിരുന്നു അടൂരിന് ഫാൽകെ പുരസ്കാരം ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohanlal reacts to the Dadasaheb Phalke Award
Next Story