'അവരെല്ലാം ചേർന്നതാണ് മോഹൻലാൽ എന്ന നടൻ... ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവാർഡ് മലയാള സിനിമക്ക് ലഭിച്ചതിലാണ് സന്തോഷം' -മോഹൻലാൽ
text_fieldsദാദാ സാഹെബ് ഫാൽക്കേ പുരസ്കാരം മലയാളത്തിന്‍റെ മോഹൻലാലിന് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് മലയാളികൾ. ഇപ്പോഴിതാ, പുരസ്‌കാര നേട്ടത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയാണ് മോഹൻലാൽ. 48 വർഷത്തെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡായി ഞാൻ ഇതിനെ കാണുന്നു എന്ന് അദ്ദേഹം പറഞ്ഞു.
'സിനിമ രംഗത്തെ ഏറ്റവും വലിയ അവാർഡാണ്. 48 വർഷത്തെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡായി ഞാൻ ഇതിനെ കാണുന്നു. ജൂറിയോടും ഇന്ത്യൻ സർക്കാറിനോടുമുള്ള നന്ദി പറയുന്നു. എന്നെ ഞാനാക്കി മാറ്റിയ മലയാള സിനിമക്കും എന്നെ ഒപ്പം പ്രവർത്തിച്ചവർക്കും നന്ദി പറയുന്നു. ഒരുപാട് മഹാന്മാർ നടന്ന വഴിയിലൂടെയാണ് ഞാനും നടക്കുന്നത്. ഈ അവാർഡ് മുമ്പ് ലഭിതച്ചതൊക്കെ മഹാരഥന്മാർക്കാണ്. അതിന്‍റെ ഭാഗമാകാനായതിന്‍റെ നന്ദി ഞാൻ ഈശ്വരനോടും കുടുംബത്തോടും പ്രേക്ഷകരോടും പങ്കുവെക്കുന്നു. അവാർഡ് മലയാള സിനിമക്ക് സമർപ്പിക്കുന്നു. 48 വർഷത്തിൽ എന്നോടൊപ്പം പ്രവർത്തിച്ച പലരും ഇപ്പോൾ കൂടെയില്ല, അവരെല്ലാം ചേർന്നതാണ് മോഹൻലാൽ എന്ന നടൻ. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവാർഡ് മലയാള സിനിമക്ക് ലഭിച്ചതിലാണ് സന്തോഷം' -മോഹൻലാൽ പറഞ്ഞു.
പുരസ്കാരത്തിന് അർഹനായ നടന് അഭിനന്ദനവുമായി മമ്മൂട്ടി അടക്കമുള്ളവർ എത്തിയിരുന്നു. അർഹിച്ച ബഹുമതിയാണ് മോഹൻലാലിന് ലഭിച്ചതെന്നും അഭിമാനവും സന്തോഷവും തോന്നുന്നുവെന്നുമാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ‘പതിറ്റാണ്ടുകളായി അത്ഭുതകരമായ സിനിമ യാത്ര ആരംഭിച്ച സഹപ്രവർത്തകനും സഹോദരനും കലാകാരനുമാണ് ലാൽ. ഫാൽകെ അവാർഡ് ഒരു നടന് മാത്രമല്ല, സിനിമയെ ശ്വസിക്കുകയും അതിൽ ജീവിക്കുകയും ചെയ്ത ഒരു യഥാർഥ കലാകാരനുള്ളതാണ്. നിങ്ങളെ ഓർത്ത് വളരെ സന്തോഷവും അഭിമാനവുമുണ്ട് ലാൽ... ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്’ - മമ്മൂട്ടി കുറിച്ചു.
2023ലെ പുരസ്കാരമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽവെച്ച് പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും. സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം 2023ലെ അഭിമാനകരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിന് നൽകുമെന്ന് കേന്ദ്ര സർക്കാർ സന്തോഷപൂർവം അറിയിക്കുന്നു എന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മോഹൻലാലിന്റെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു! ഇതിഹാസ നടനും സംവിധായകനും നിർമാതാവുമായ അദ്ദേഹത്തെ ഇന്ത്യൻ സിനിമക്ക് നൽകിയ സമഗ്ര സംഭാവനക്ക് ആദരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, അക്ഷീണമായ കഠിനാധ്വാനം എന്നിവ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന് ഒരു സുവർണ നിലവാരം നേടിത്തന്നു -പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യൻ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽകെയുടെ 100ാം ജന്മവാർഷികമായ 1969 മുതലാണ് ഈ പുരസ്കാരം കേന്ദ്ര സർക്കാർ നൽകി തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

