'കണ്ണപ്പ'യിൽ മോഹൻലാലും പ്രഭാസും അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ, കാരണമിതാണ്...
text_fieldsതെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'കണ്ണപ്പ'. വിഷ്ണു അവതരിപ്പിക്കുന്ന ടൈറ്റിൽ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നതെങ്കിലും, പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ എന്നിവരുടെ സാന്നിധ്യമാണ് കണ്ണപ്പക്ക് ഹൈപ്പ് നൽകിയത്. ഈയിടെ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് വിഷ്ണു സംസാരിച്ചു. സാധാരണ കോടികൾ പ്രതിഫലം വാങ്ങുന്ന മോഹൻലാലും പ്രഭാസും പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലന്ന് വിഷ്ണു പറഞ്ഞു.
'സിനിമ ഇന്നത്തെ നിലയിൽ എത്തിക്കാൻ ഏറ്റവുമധികം സഹായിച്ചത് രണ്ട് പേരാണ്. മോഹൻലാലും പ്രഭാസും. മോഹൻലാൽ എത്ര വലിയ സൂപ്പർസ്റ്റാറാണ്, എന്റെ സിനിമയിൽ അദ്ദേഹത്തിന് ചെറിയൊരു വേഷമാണ്. പക്ഷേ എന്റെ അച്ഛനോടുള്ള സ്നേഹവും ബഹുമാനവും കാരണം ഒറ്റ മിനിറ്റിനുള്ളിൽ ആ വേഷം ചെയ്യാൻ സമ്മതിച്ചു. രണ്ടാമതായി പ്രഭാസ്, അദ്ദേഹം എന്റെ ഒരു നല്ല സുഹൃത്താണ്. ഇന്ത്യയിൽ മാത്രമല്ല, ഏഷ്യയിലെയും ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ്. എന്റെ സിനിമക്ക് അദ്ദേഹം ആവശ്യമാണെന്ന് പറഞ്ഞപ്പോൾ തന്നെ പ്രഭാസ് സമ്മതിച്ചു. വേഷം എന്താണെന്ന് കേൾക്കാൻ പോലും കൂട്ടാക്കിയില്ല വിഷ്ണു പറഞ്ഞു.
പ്രതിഫലം വാഗ്ദാനം ചെയ്തതിന് ഇരുവരും തന്നെ ശകാരിച്ചതായും അദ്ദേഹം പറഞ്ഞു. പണം നൽകാൻ മാത്രം അത്ര വലിയ ആളായോ എന്നാണ് അവർ ചോദിച്ചത്. 'എന്‍റെ കൺമുന്നിലാണ് നീ വളർന്നത് എന്നിട്ട് എനിക്ക് പ്രതിഫലം തരാൻ ധൈര്യപ്പെടുന്നോ' എന്നാണ് മോഹൻലാൽ ചോദിച്ചത്. പ്രഭാസ് കൊല്ലും എന്ന് വരെ പറഞ്ഞു. മോഹൻലാലും പ്രഭാസും യാതൊരു ഫീസും ഈടാക്കിയില്ലെന്നും, അക്ഷയ് കുമാർ തന്റെ സ്റ്റാൻഡേർഡ് ഫീസിനേക്കാൾ വളരെ കുറവാണ് ഈടാക്കിയതെന്നും വിഷ്ണു പറഞ്ഞു. പ്രതിഫലം കൂടാതെ വേഷം ചെയ്യാൻ മോഹൻലാൽ സമ്മതിച്ചു എന്നു മാത്രമല്ല, ന്യൂസിലൻഡിലേക്കുള്ള ടിക്കറ്റുകൾ സ്വന്തമായി എടുത്തതായും വിഷ്ണു പറയുന്നു.
ചിത്രത്തിൽ പ്രഭാസിന്റെയും മോഹൻലാലിന്റെയും വേഷങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണത്തെക്കുറിച്ചും വിഷ്ണു തുറന്നു പറഞ്ഞു. തനിക്ക് ചെയ്യേണ്ടിവന്ന ഒരു 'ത്യാഗം' ആയിരുന്നു അതെന്ന് വിഷ്ണു പറഞ്ഞു. സിനിമയുടെ ദൈർഘ്യം കുറക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണപ്പ എന്ന ശിവ ഭക്തന്‍റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. ജൂൺ 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ.വി.എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

