‘ഫാൽക്കെ’ ഏറ്റുവാങ്ങാൻ ‘ദൃശ്യം 3’ സെറ്റിൽ നിന്ന് ലാലേട്ടൻ ഡൽഹിക്ക്
text_fieldsരാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങാൻ പ്രിയതാരം മോഹൻലാൽ പുറപ്പെട്ടത് ‘ദൃശ്യം 3’ന്റെ സെറ്റിൽ നിന്ന്. മോഹൻലാലിന്റെ അഭിനയ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ‘ദൃശ്യ’ത്തിന്റെ മൂന്നാംപതിപ്പിന്റെ ചിത്രീകരണം എറണാകുളം പൂത്തോട്ടയിൽ ഇന്നലെ ആരംഭിച്ചിരുന്നു.
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ മൂന്നാം ഭാഗത്തിന് പൂത്തോട്ട ലോ കോളജിലാണ് പൂജയോടെ ചിത്രീകരണം തുടങ്ങിയത്. ഒരുപാട് സന്തോഷമുണ്ടെന്നും തിരിച്ചുവരുമ്പോൾ ഇനിയും സന്തോഷം കൂടുമെന്നും, തിങ്കളാഴ്ച വൈകീട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദൃശ്യം ത്രീ പൂജയുടെ ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. കുടുംബാംഗങ്ങൾ നേരത്തേതന്നെ ഡൽഹിയിലേക്ക് പുറപ്പെട്ടെന്ന് മോഹൻലാൽ പറഞ്ഞു. 2023ലെ പുരസ്കാരമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ വെച്ച് പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും.
സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം 2023ലെ അഭിമാനകരമായ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് മോഹൻലാലിന് നൽകുമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹെബ് ഫാൽകെയുടെ 100ാം ജന്മവാർഷികമായ 1969 മുതലാണ് ഈ പുരസ്കാരം കേന്ദ്ര സർക്കാർ നൽകി തുടങ്ങിയത്.
അതേസമയം, മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

