'നായക ഇമേജിന് അനുയോജ്യനല്ലെന്ന് തോന്നി; മറ്റ് ഭാഷകളിൽ സ്വീകാര്യത ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു' -മോഹൻലാൽ അന്ന് പറഞ്ഞത്...
text_fieldsസിനിമയിൽ സൂപ്പർസ്റ്റാറാകുക എന്നത് എളുപ്പമുള്ള കാര്യമല്ല, പക്ഷേ അതിലും ബുദ്ധിമുട്ടുള്ള കാര്യം താരപദവി നിലനിർത്തുക എന്നതാണ്. അതുകൊണ്ടാണ് മോഹൻലാലിനെയും മമ്മൂട്ടിയെയും എക്കാലത്തേയും മികച്ച നടന്മാരായി കണക്കാക്കുന്നത്. കഴിഞ്ഞ നാലര പതിറ്റാണ്ടായി ഇരുവരും മലയാള സിനിമയിൽ ആധിപത്യം പുലർത്തുകയാണ്.
മറ്റേതെങ്കിലും ചലച്ചിത്രമേഖലയുടെ ഭാഗമായിരുന്നെങ്കിൽ തനിക്ക് ഇത്രയധികം പ്രശസ്തിയും അവസരങ്ങളും ലഭിക്കുമായിരുന്നില്ലെന്ന് മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്. ഗുണനിലവാരമുള്ള സിനിമകളെ സ്വീകരിക്കാനുള്ള മലയാളികളുടെ അഭിരുചിയെയും സന്നദ്ധതയെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
പരമ്പരാഗതമായി കരുതപ്പെടുന്ന നായകന്റെ ലുക്ക് ഇല്ലെങ്കിലും, മലയാള സിനിമാ വ്യവസായത്തിന്റെ ഭാഗമായതുകൊണ്ടാണ് അംഗീകാരവും ഇത്തരത്തിലെ വേഷങ്ങളും ലഭിച്ചതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്ന് 1992-ൽ ഡി.ഡി മലയാളത്തിലെ ഒരു അഭിമുഖത്തിൽ നടൻ നെടുമുടി വേണു മോഹൻലാലിനോട് ചോദിച്ചു. "താങ്കളെയും എന്നെയും ശ്രീനിവാസനെയും ഭരത് ഗോപിയെയും പോലുള്ള നടന്മാർ പരമ്പരാഗത നായകന്റെ ഇമേജിന് അനുയോജ്യരല്ല. മലയാളം ഇൻഡസ്ട്രിയിൽ പെട്ടവരായതുകൊണ്ടാണ് നമ്മളെയെല്ലാം ജനങ്ങൾ സ്വീകരിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു" എന്നായിരുന്നു മോഹൻ ലാലിന്‍റെ മറുപടി.
മറ്റ് ഭാഷകളിൽ അവസരങ്ങൾ ലഭിക്കാത്തതല്ല മലയാള സിനിമയിൽ മാത്രം കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണമെന്നും "മലയാള സിനിമ മികച്ച സിനിമകൾ നിർമിക്കുന്നുണ്ടെന്നും അത്തരമൊരു വ്യവസായത്തിന്റെ ഭാഗമായതിനാൽ, എന്തിനാണ് അവസരത്തിനായി മറ്റെവിടെയെങ്കിലും അന്വേഷിക്കേണ്ടതെന്നും അദ്ദേഹമന്ന് ചോദിച്ചു.
മലയാള പ്രേക്ഷകരുടെ നല്ല സിനിമയോടുള്ള താൽപ്പര്യമാണ് ഉയർന്ന നിലവാരമുള്ള സിനിമകൾ ഇവിടെ തുടർന്നും നിർമിക്കപ്പെടുന്നതിന് കാരണം. കലാപരമായി ആഴമുള്ള സിനിമകൾ നിർമിക്കുന്നതിൽ മറ്റു ഭാഷകൾ വിമുഖത കാണിക്കുന്നത് പ്രേക്ഷകർക്കിടയിൽ നിന്ന് സമാനമായ സ്വീകാര്യത ലഭിക്കാത്തതിന്റെ ഫലമായിരിക്കാമെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു.
അതുകൊണ്ടായിരിക്കാം മറ്റ് ഭാഷകളിൽ ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, സദയം തുടങ്ങിയ ചിത്രങ്ങൾ നിർമിക്കാൻ മടിക്കുന്നത്. എന്നാൽ, ഇത് ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല. കാലക്രമേണ വികസിച്ചു വന്നതാണെന്നും മോഹൻലാൽ അന്ന് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.