'സാരമില്ല മോനേ... കഴിഞ്ഞ കാര്യമല്ലേ, പക്ഷേ ഞാൻ നോക്കിവെച്ചിട്ടുണ്ട് കേട്ടോ'; മാധ്യമപ്രവർത്തകനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് മോഹൻലാൽ
text_fieldsനടൻ മോഹൻലാലിന്‍റെ കണ്ണിൽ മാധ്യമപ്രവർത്തകന്‍റെ മൈക്ക് കൊണ്ട സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. മാധ്യമപ്രവർത്തകന്‍റെ അശ്രദ്ധയെ പലരും രൂക്ഷമായി വിമർശിക്കുകയും ചെയ്തു. വിമർശനങ്ങൾ ശ്രദ്ധയിൽപെട്ട മോഹൻലാൽ മാധ്യമപ്രവർത്തകനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചതായ വിവരങ്ങളാണ് പുറത്തുവരുന്നത്. മോഹൻലാലിന്റെ സുഹൃത്തുംചാർട്ടേഡ് അക്കൗണ്ടന്റുമായ സനിൽ കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാൽ മാധ്യമപ്രവർത്തകനുമായി സംസാരിക്കുന്നതിന്‍റെ ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.
സംഭാഷണം ഇങ്ങനെ:
(മറ്റൊരാൾ ഫോൺ മോഹൻലാലിന് കൈമാറുകയാണ്) മോഹൻലാൽ: ഹലോ ഞാൻ ലാലാണ്. മാധ്യമപ്രവർത്തകൻ: ലാലേട്ടാ എനിക്കൊരു അബദ്ധം പറ്റിയതാണ്. മോഹൻലാൽ: അതൊന്നും കുഴപ്പമില്ല. നോ പ്രോബ്ലം. അത് കഴിഞ്ഞ കാര്യമല്ലേ. മാധ്യമപ്രവർത്തകൻ: ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. മോഹൻലാൽ: ഇനി ഒന്നും ചെയ്യാൻ ഒക്കില്ലല്ലോ. അതെന്താണെന്ന് വെച്ചാൽ, നമ്മൾ ഒരു ഫങ്ഷന്
കേറുന്നു. അതിനിടക്ക് വരുന്ന ന്യൂസ് ഒന്നും നമ്മൾ അറിയില്ല. അറിയാത്ത ഒരു കാര്യം സംസാരിക്കാൻ പറ്റില്ലല്ലോ. അതാണ് ഞാൻ അറിയില്ല എന്ന് പറഞ്ഞത്. മാധ്യമപ്രവർത്തകൻ: ഞാൻ ഒരു ആവേശത്തിന് മൈക്ക് വെച്ചുപോയതാ. മോഹൻലാൽ: പുരികത്തിൽ കൊള്ളേണ്ടത് കണ്ണിൽകൊണ്ടു. അത്രേയുള്ളൂ (ചിരി), വേറെ കുഴപ്പമൊന്നുമില്ല. എന്തുചെയ്യാൻ പറ്റും. മാധ്യമങ്ങൾ അങ്ങനെ ആണല്ലോ. ഒന്നും കുഴപ്പമില്ല മോനേ. ടേക് കെയർ, ടേക് കെയർ. ഞാൻ പക്ഷേ നോക്കിവെച്ചിട്ടുണ്ട് (ചിരി). ശരി കേട്ടോ.
കണ്ണിൽ മൈക്ക് കൊണ്ട സംഭവം നടക്കുമ്പോൾ മോഹൻലാലിനൊപ്പം സുഹൃത്ത് സനിലും ഉണ്ടായിരുന്നു. കണ്ണിൽ മൈക്ക് തട്ടിയതിനു ശേഷം കുറച്ചധികം നേരം കണ്ണിൽ നിന്ന് വെള്ളം വന്നുകൊണ്ടിരുന്നുവെന്നും പിന്നീട് നടന്ന ഷൂട്ടിന് ഇടയിലും അതു തുടരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഇൗ സംഭവത്തിനു കാരണക്കാരനായ മാധ്യമപ്രവർത്തകനെ കുറ്റപ്പെടുത്തുന്ന വിമർശനങ്ങൾ ശ്രദ്ധയിൽ പെട്ടപ്പോൾ അദ്ദേഹം ഈ മാധ്യമപ്രവർത്തകന്റെ ഫോൺ നമ്പർ കണ്ടെത്തി അയാളെ വിളിക്കുകയായിരുന്നെന്നും സനിൽ കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ടാഗോർ തിയറ്ററിൽ ജി.എസ്.ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. മകൾ വിസ്മയുടെ സിനിമ പ്രവേശത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിക്കുന്നതിനിടെയായിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

