സാധാരണ ടാക്സി ഡ്രൈവറാക്കാനായിരുന്നു ഉദ്ദേശം എന്നാൽ ലാലേട്ടനാണ് അക്കാര്യം നിർദേശിച്ചത്; തുടരും നിർമാതാവ്
text_fieldsഒരുപാട് കാലത്തിന് ശേഷം മോഹൻലാലിന്‍റെ വമ്പൻ പോസിറ്റീവ് റെസ്പോൺസ് ലഭിച്ച ചിത്രമാണ് തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ 100 കോടിയും കടന്ന് മുന്നോട്ട് നീങ്ങുകയാണ്. സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ഷൺമുഖം എന്ന കഥാപാത്രത്തിനെ ഫ്ലാഷ്ബാക്കിൽ ആദ്യം ടാക്സി ഡ്രൈവർ ആയിട്ടാണ് അവതരിപ്പിക്കാനിരുന്നതെന്നും മോഹൻലാലിന്റെ നിർദ്ദേശപ്രകാരമാണ് അയാളെ ഒരു സ്റ്റണ്ട് മാസ്റ്റർ ആക്കി മാറ്റിയതെന്നും നിർമാതാവ് എം. രഞ്ജിത്ത് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് എം.രഞ്ജിത് ഇക്കാര്യം പറഞ്ഞത്.
'ആദ്യം ഷൺമുഖം എന്ന കഥാപാത്രത്തിന്റെ ഫ്ലാഷ്ബാക്കിൽ അയാളെ മദ്രാസിൽ ഒരു ടാക്സി ഡ്രൈവർ ആയി ആണ് അവതരിപ്പിക്കാനിരുന്നത്. മോഹൻലാൽ സാറാണ് ഡ്രൈവർക്ക് പകരം അയാളെ ഒരു ഫൈറ്റർ ആയി അവതരിപ്പിക്കാമെന്ന് പറയുന്നത്. സ്റ്റണ്ട് മാൻ ആകുമ്പോൾ സിനിമയിലെ ഫൈറ്റിനൊക്കെ ഒരു ഒർജിനാലിറ്റി തോന്നും. ആ നിർദ്ദേശം ഞങ്ങൾക്കെല്ലാവർക്കും ഒരുപോലെ നന്നായി തോന്നി. അങ്ങനെ ഞങ്ങൾ തിരക്കഥയിൽ മാറ്റം വരുത്തി.
ഷൂട്ട് തുടങ്ങുമ്പോഴാണ് ലാലേട്ടൻ പറയുന്നത് എല്ലാ ഫൈറ്റേഴ്സും ഫൈറ്റിന് മുൻപ് താഴെ തൊട്ടിട്ട് നെഞ്ചിൽ വെച്ച് 'മുരുകാ' എന്ന് പറയും. ഇത് നമുക്ക് സിനിമയിൽ ഉൾപ്പെടുത്തിയാലോ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ തന്നെ എനിക്കും തരുണിനുമൊക്കെ അത് ഓക്കേ ആക്കി. അത് തിയേറ്ററിൽ വന്നപ്പോൾ ഉള്ള ഇമ്പാക്റ്റ് ഭീകരമായിരുന്നു', എം രഞ്ജിത്ത് പറഞ്ഞു.
സിനിമയിൽ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ-ശോഭന കൂട്ട്കെട്ടിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. കെ. ആർ. സുനിലും തരുൺ മൂർത്തിയും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

