ഏഴ് സംവിധായകർക്കൊപ്പം അണിയറയിൽ ഒരുങ്ങുന്നത് മോഹൻലാലിന്‍റെ ഏഴ് ബ്രഹ്മാണ്ഡ ചിത്രങ്ങൾ
text_fieldsമോഹൻലാൽ
മലയാളസിനിമയുടെ ആവേശം വാനോളമുയർത്തിക്കൊണ്ട് തന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ വലിയൊരു നിര ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് സൂപ്പർതാരം മോഹൻലാൽ. പുതിയ തലമുറയിലെ സംവിധായകരും ഒപ്പം മലയാള സിനിമയിലെ പ്രമുഖരായ പഴയകാല സഹപ്രവർത്തകരും ഒത്തുചേരുന്ന ഏഴ് പുതിയ പ്രോജക്റ്റുകളാണ് താരം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
‘ആവേശകരമായ കഥകളും യാത്രാനുഭവങ്ങളും ഒപ്പം വളരെ പ്രത്യേകതകളുള്ള ചില സംവിധായകരും’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ ഈ ആവേശവാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്റണി ജോസഫ്, ജീത്തു ജോസഫ് എന്നിവരാണ് ഈ ചിത്രങ്ങൾ ഒരുക്കുന്നത്.
പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയം മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. പ്രിയദർശന്റെ കരിയറിലെ നൂറാമത്തെ സംവിധാന സംരംഭമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കൂടാതെ, 2025ൽ പുറത്തിറങ്ങിയ 'ഹൃദയപൂർവ്വം' എന്ന കുടുംബചിത്രത്തിന് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്നതും ആരാധകരെ ആവേശത്തിലാഴ്ത്തുന്നു.
ഒപ്പം മലയാളക്കരയിൽ വലിയ തരംഗം സൃഷ്ടിച്ച 'ദൃശ്യം' ഫ്രാഞ്ചൈസിയുടെ വിജയത്തിന് ശേഷം ജീത്തു ജോസഫുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതിനുപുറമെ, ശ്യാം പുഷ്കരനും പാൽസൺ സ്കറിയയും ചേർന്ന് തിരക്കഥയൊരുക്കുന്ന, ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന 'നെടുങ്കണ്ടം മിറാക്കിൾ' എന്ന ചിത്രവും ഈ പട്ടികയിലുണ്ട്.
2020ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമായ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതൊരു 'ക്വിർക്കി കോമഡി ആക്ഷൻ ത്രില്ലർ' വിഭാഗത്തിൽ പെടുന്ന ചിത്രമായിരിക്കുമെന്ന് സംവിധായകൻ വ്യക്തമാക്കി. തന്റെ പിതാവ് സത്യൻ അന്തിക്കാടിന്റെ സിനിമകളുടെ സ്ഥിരം ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പാതയായിരിക്കും ഈ ചിത്രമെന്നും, വരുന്ന നവംബറോടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ തന്നെ, 'തുടക്കം' സിനിമയുടെ സംവിധായകനായ ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള മോഹൻലാൽ ചിത്രത്തിന്റെ പ്രൊഡക്ഷൻ അടുത്ത വർഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹൻലാലിനെ നായകനാക്കി മുഴുവൻ നീളമുള്ള ഒരു ചിത്രം സംവിധാനം ചെയ്യുക എന്നത് തന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നുവെന്ന് ജൂഡ് ആന്റണി ജോസഫ് പറഞ്ഞിരുന്നു.
ഈ വലിയ പ്രഖ്യാപനങ്ങൾക്ക് പുറമെ, തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'അതിമനോഹരം' എന്ന ചിത്രത്തിന്റെ നിലവിലുള്ള ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്തു കഴിഞ്ഞു. പമ്പയിലും ശബരിമലയിലുമായാണ് നിലവിൽ ചിത്രീകരണം പുരോഗമിക്കുന്നത്. 'തുടരും' എന്ന വിജയചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ഈ സിനിമയിൽ, പൊലീസ് സബ് ഇൻസ്പെക്ടറായ ടി.എസ്. ലവ്‌ലാജൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിൽ നായികയായി മീര ജാസ്മിനും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

