കാണാതായ ‘മിസ്റ്റർ നോബഡി എഗെയിൻസ്റ്റ് പുടിൻ’ ഓസ്കർ പ്രതിമ കണ്ടെത്തി
text_fieldsലണ്ടൻ: ‘മിസ്റ്റർ നോബഡി എഗെയിൻസ്റ്റ് പുടിൻ’ എന്ന ഡോക്യുമെന്ററിക്ക് ലഭിച്ച പവൽ ടാലങ്കിന്റെ കാണാതായ ഓസ്കർ സ്വർണപ്രതിമ കണ്ടെത്തിയതായി ജർമൻ എയർലൈൻ ലുഫ്താൻസ അറിയിച്ചു. ന്യൂയോർക്ക് വിമാനത്താവളത്തിൽ അവാർഡ് പ്രതിമ പരിശോധിക്കണമെന്ന് സുരക്ഷാ ജീവനക്കാർ ആവശ്യപ്പെടുകയും പിന്നീട് പ്രതിമ കൈയിൽ സൂക്ഷിക്കാൻ കഴിയില്ലെന്ന് ടാലങ്കിനെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഈ അവാർഡ് പ്രതിമ ലുഫ്താൻസ എയർലൈൻസ് അധികൃതർ പെട്ടിയിൽ പാക്ക് ചെയ്ത് ലഗേജിലേക്ക് മാറ്റുകയായിരുന്നു.
ജർമനിയിൽ എത്തിയപ്പോഴാണ് ഓസ്കാർ പ്രതിമ നഷ്ടപ്പെട്ടതായി പവൽ ടാലങ്കിൻ അറിഞ്ഞത്. 3.8 കിലോഗ്രാം ഭാരമുള്ള പ്രതിമയാണ് കാണാതായത്. സുരക്ഷാ ഭീഷണി ഉയർത്തുന്നുവെന്ന് കാണിച്ചാണ് ടാലങ്കിനിൽനിന്ന് വിമാനത്തിൽ കയറ്റാൻ കഴിയില്ലെന്ന് കാണിച്ച് പ്രതിമ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഏജന്റുമാർ തടഞ്ഞത്.
‘ഓസ്കർ പ്രതിമ കണ്ടെത്തിയിട്ടുണ്ട്. ഫ്രാങ്ക്ഫർട്ടിൽ ഞങ്ങളുടെ പരിചരണത്തിൽ പ്രതിമ സുരക്ഷിതമാണ്. എത്രയും വേഗം ഇത് തിരിച്ച് നൽകാൻ ഞങ്ങൾ അവരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ട്’ ലുഫ്താൻസയുടെ വക്താവ് പറഞ്ഞു. ഉടമക്കുണ്ടായ അസൗകര്യത്തിൽ ആത്മാർഥമായി ഖേദിക്കുന്നുണ്ടെന്നും ടാലങ്കിനോട് ക്ഷമ ചോദിക്കുകയാണെന്നും അവർ പറയുന്നു. അതിഥികളുടെ സാധനങ്ങൾ ശ്രദ്ധയോടെയും സുരക്ഷിതമായും കൈകാര്യം ചെയ്യുന്നത് ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഇത്തവണ എന്താണ് സംഭവിച്ചത് എന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ജർമനിയിൽ എത്തിയ ശേഷം ഒരു ഓൺലൈൻ മീഡിയയോട് ‘ഓസ്‌കറിനെ അവർ എങ്ങനെ അവർ ഒരു ആയുധമായി കണക്കാക്കുന്നു എന്നത് തന്നെ അമ്പരപ്പിക്കുകയാണ്’ എന്ന് ടാലങ്കിൻ പ്രതികരിച്ചിരുന്നു. വിവിധ എയർലൈനുകളിലെ ക്യാബിനിൽവെച്ചുതന്നെ ഓസ്കർ അവാർഡ് കൊണ്ടുപോയിരുന്നതാണെന്നും അന്നൊന്നും ഒരു തരത്തിലുള്ള പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2022 ഫെബ്രുവരിയിൽ റഷ്യയുടെ യുക്രൈൻ അധിനിവേശത്തെത്തുടർന്ന്, താൻ ജോലി ചെയ്തിരുന്ന ഒരു റഷ്യൻ സ്കൂളിൽ യുദ്ധ പ്രചാരണം വർധിപ്പിച്ചത് രേഖപ്പെടുത്തുന്ന ഡോക്യുമെന്ററിയാണ് ‘മിസ്റ്റർ നോബഡി എഗെയിൻസ്റ്റ് പുടിൻ’. ടലാങ്കിൻ ജോലി ചെയ്തിരുന്ന ഒരു റഷ്യൻ സ്കൂളിൽ നടന്ന യുദ്ധ പ്രചാരണത്തിന്റെ ദൃശ്യങ്ങളും ഡോക്യുമെന്ററിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

