ആറ് പുരുഷന്മാരുള്ള ഓരോ മേശയിലും രണ്ട് പെൺകുട്ടികൾ, കുരങ്ങുകളെ പോലെ ഇരിക്കേണ്ടി വന്നു, സ്വയം വേശ്യയെപ്പോലെ തോന്നി; മിസ് വേൾഡ് മത്സരത്തിൽ നിന്ന് പിൻമാറി മിസ് ഇംഗ്ലണ്ട്
text_fieldsഹൈദരാബാദ്: സൗന്ദര്യത്തിന്റെ ആഗോള ആഘോഷം എന്ന് വിളിക്കപ്പെടുന്ന മിസ് വേൾഡ് മത്സരം ഈ വർഷം ഹൈദരാബാദിലാണ് നടക്കുന്നത്. മിസ് ഇംഗ്ലണ്ട് കിരീടം നേടിയ മില്ല മാഗി മത്സരത്തിൽ നിന്ന് പാതിവഴിയിൽ പിന്മാറിയ വാർത്തയാണ് പുറത്തു വരുന്നത്. മത്സരത്തിന്റെ 74 വർഷത്തെ ചരിത്രത്തിൽ ആദ്യമായിയാണ് മിസ് ഇംഗ്ലണ്ട് കിരീടം നേടുന്ന വനിത മിസ് വേൾഡ് കിരീട നേട്ടത്തിന് ശ്രമിക്കാതെ സിസ്റ്റത്തിലെ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടി പുറത്ത് പോകുന്നത്.
കോൺവാളിൽ നിന്നുള്ള 24കാരി മില്ല, ദി സണുമായുള്ള അഭിമുഖത്തിലാണ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. മത്സരാർഥികളെ സമ്പന്നരായ പുരുഷ സ്പോൺസർമാരുടെ മുന്നിൽ നടത്താറുണ്ടെന്നും, രാവിലെ മുതൽ രാത്രി വരെ ബോൾ ഗൗണുകൾ ധരിക്കണമെന്നും, 24 മണിക്കൂറും മേക്കപ്പ് ധരിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.
'എനിക്ക് ഒരു വേശ്യയെപ്പോലെ തോന്നി. ഞങ്ങൾക്ക് കുരങ്ങുകളെ പോലെ ഇരിക്കേണ്ടി വന്നു. ഞങ്ങളെ ജോഡികളായി നിർത്തി, ആറ് പുരുഷന്മാരുള്ള ഓരോ മേശയിലും രണ്ട് പെൺകുട്ടികൾ വീതം. വൈകുന്നേരം മുഴുവൻ അവരോടൊപ്പം ഇരുന്ന് അവരെ രസിപ്പിക്കണം. അത് വളരെ തെറ്റായി തോന്നി” -മില്ല മാഗി പറഞ്ഞു.
പ്രിൻസ് വില്യമിന്റെ പിന്തുണയോടെ, സി.പി.ആർ അവബോധ കാമ്പയിൻ പോലുള്ള നല്ല കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാമെന്ന പ്രതീക്ഷയോടെയാണ് മില്ല മിസ്സ് വേൾഡിലേക്ക് പ്രവേശിച്ചത്. നല്ലത് ചെയ്യുക, മാറ്റം പ്രോത്സാഹിപ്പിക്കുക, ഒരു മാറ്റം വരുത്തുക എന്നതായിരുന്നു ലക്ഷ്യമെന്നും പക്ഷേ അത് സംഭവിക്കാൻ പോകുന്നില്ലെന്ന് വ്യക്തമായതായും അവർ പറഞ്ഞു. നിങ്ങളുടെ ശബ്ദം യഥാർഥ മാറ്റത്തിന് കാരണമാകുമെങ്കിൽ എത്ര വലിയ കിരീടത്തെക്കാളും അതാണ് വലുതെന്ന് മില്ല മാഗി പറയുന്നു.
ബ്യൂട്ടി വിത്ത് എ പർപസ് എന്നാണ് മിസ്സ് വേൾഡ് മത്സരം അവകാശപ്പെടുന്നത്. എന്നാൽ ആധുനിക മുദ്രാവാക്യങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പഴയകാല പ്രകടനമാണിതെന്ന് മില്ല പറയുന്നു. ഇത് പരിഹാസ്യമാണ് തോന്നി തുടങ്ങിയപ്പോൾ താൻ മേക്കപ്പ് ഇടുന്നത് നിർത്തിയെന്നും സാധാരണ വസ്ത്രം ധരിച്ചെന്നും അവർ പറഞ്ഞു. എന്നിട്ടും താൻ എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നത് അവർക്ക് പ്രശ്നമായില്ലെന്നും മില്ല വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ സൗന്ദര്യമത്സരങ്ങളിൽ ഒന്നാണ് മിസ്സ് വേൾഡ് മത്സരം. 1951ൽ ആരംഭിച്ച ഇത് സൗന്ദര്യത്തെ മാത്രമല്ല, നല്ല കാര്യങ്ങളെയും ആഘോഷിക്കുന്നതിന് പേരുകേട്ടതാണ്. ഈ വർഷം മിസ്സ് വേൾഡ് 2025 മേയ് ഏഴ് മുതൽ മേയ് 31 വരെ ഹൈദരാബാദിൽ നടക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 100-ലധികം സ്ത്രീകൾ മത്സരിക്കുന്നു. മേയ് 31ന് ഹൈടെക്സ് എക്സിബിഷൻ സെന്ററിലാണ് ഫിനാലെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

