‘‘അച്ചൻകുഞ്ഞിന് വില്ലത്തരം സിനിമയിലേ ഉള്ളൂ’’; ഓർമകൾ പങ്കുവെച്ച് ഭാര്യ
text_fieldsഅച്ചൻകുഞ്ഞിനു ലഭിച്ച സംസ്ഥാന അവാർഡ് ശിൽപവുമായി അച്ചാമ്മ
വില്ലനായി നിറഞ്ഞാടുമ്പോൾ ആ കഥാപാത്രത്തോട് വെറുപ്പ് തോന്നിക്കും വിധമായിരുന്നു അഭിനയചാതുരി. എന്നാൽ ‘‘സിനിമയിൽ മാത്രമേ വില്ലത്തരമുള്ളൂ. സാധുവാണ്, അടുത്തറിഞ്ഞവർക്കറിയാം. ജീവിതത്തിലൊരിക്കൽ പോലും സങ്കടപ്പെടുത്തിയിട്ടില്ല’’ എന്ന് ഓർമിക്കുന്നു ഭാര്യ അച്ചാമ്മ. 21 ാം വയസ്സിലായിരുന്നു വിവാഹം.
ബോട്ട് ജെട്ടിക്കു സമീപത്തെ മണ്ണുകൊണ്ടുള്ള കുഞ്ഞുവീട് കണ്ടപ്പോൾ പെണ്ണിന്റെ ബന്ധുക്കൾക്ക് അത്ര പിടിച്ചില്ല. നല്ല തണ്ടുംതടിയുമുള്ളവനാണ്. ജോലി ചെയ്തു പോറ്റാൻ കഴിവുമുണ്ട്. അതുമതി എന്റെ മോൾക്ക്. വീടൊക്കെ അവരുണ്ടാക്കിക്കോളും എന്നു പറഞ്ഞാണ് പെണ്ണിന്റെ അച്ഛൻ അവരുടെ വായടപ്പിച്ചത്.
ഒരുമിച്ച് ജീവിതം തുടങ്ങിയപ്പോഴും പരാതി പറയേണ്ടിവന്നിട്ടില്ല. സ്കൂളിൽ പോയി പഠിക്കാൻ അവസ്ഥയുണ്ടായില്ല. ചെറുപ്പത്തിലേ പണിക്കായി ജെട്ടിയിലേക്കിറങ്ങി. വള്ളത്തിൽ വരുന്ന ചരക്ക് പിടിവണ്ടിയിലാക്കി മാർക്കറ്റിലെത്തിക്കണം. ഒന്നരാടമാണ് പണി. പണിയില്ലാത്തപ്പോൾ നാടകത്തിൽ അഭിനയിക്കാൻ പോകും. സംസ്ഥാന അവാർഡ് വാങ്ങാൻ പോയപ്പോൾ തിരുവനന്തപുരത്തേക്ക് അച്ചാമ്മയെയും കൊണ്ടുപോയി. അതായിരുന്നു അച്ചാമ്മയുടെ ആദ്യ ദൂരയാത്ര.
കോട്ടയം നഗരത്തിലെ രാജ്മഹൽ തിയറ്ററിലാണ് ‘ലോറി’ കണ്ടത്. മോഹൻലാലും നടിമാരായ സുകുമാരിയും സീമയും വീട്ടിൽ വന്നിട്ടുണ്ട്. സൗഹൃദവലയങ്ങളിൽപെട്ട് മദ്യപാനം തുടങ്ങി. 1987ൽ 56ാംവയസിലായിരുന്നു മരണം. അച്ചൻകുഞ്ഞ് പണിയിപ്പിച്ച വീട്ടിൽ 92 കാരിയായ അച്ചാമ്മയും മകൻ സാജനും മരുമകൾ മേഴ്സിയുമാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

